കണ്ണൂർ: സിപിഐ.(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കണ്ണൂരിലെ പാർട്ടി നേതാക്കൾ തന്നെ തിരിഞ്ഞ് കുത്തിയത് അണികളേയും അനുഭാവികളേയും ചില്ലറയൊന്നുമല്ല നോവിച്ചത്. കണ്ണൂരിലെ പാർട്ടി സംവിധാനം അങ്ങിനെയാണ്. കൊണ്ടും കൊടുത്തും വളർത്തിയെടുത്തതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമായ കണ്ണൂരിലെ പാർട്ടി.

ഇത്രത്തോളം അഭിമാനിക്കാൻ ഒരു കാലത്ത് വെസ്റ്റ് ബംഗാളിലെ 24 പർ്ഗാന മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആസ്ഥാനത്ത് കണ്ണൂരിനെ എത്തിക്കാൻ പിണറായി വിജയന് മുഖ്യ പങ്കുണ്ട്. എന്നാൽ 2008 -2009 കാലത്താണ് കണ്ണൂരിലെ പാർട്ടി രാജ്യത്തെ ഔന്നത്യത്തിലെത്തിയത് പി.ശശിയുടെ കാലത്തായിരുന്നു. അത് ആരോപണ വിധേയനായി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ശശി മാറിയതോടെ ആ സ്ഥാനത്ത് പി.ജയരാജൻ നിയോഗിക്കപ്പെടുകയായിരുന്നു. മൂന്ന് ടേം ജില്ലാ സെക്രട്ടറിയായെങ്കിലും 9 വർഷം അദ്ദേഹം സെക്രട്ടറി പദം പൂർത്തിയാക്കില്ല എന്നതിനാൽ ഇത്തവണ കൂടി പാർട്ടി പദവി ഏറ്റെടുക്കേണ്ടതായിരുന്നു.

വ്യക്തി പൂജയുടെ പേരിലാണ് ജയരാജനെ സംസ്ഥാന കമ്മിറ്റി ഇപ്പോൾ തിരുത്തിയത്. എന്നാൽ ഈ ആരോപണത്തിന് നേരത്തെ എന്തു കൊണ്ട് കീഴ്ഘടകങ്ങളിലോ കണ്ണൂർ ജില്ലാ കമ്മിറ്റിയിലോ തിരുത്തൽ നടന്നില്ല. എന്ന ചോദ്യം അവശേഷിക്കുന്നു. പി.ജയരാജന് കണ്ണൂരിലെ പാർട്ടിയിൽ താരപദവി ലഭിച്ചത് 2014 ലെ കതിരൂർ മനോജ് വധക്കേസിൽ പ്രതി സ്ഥാനത്ത് എത്തിയതോടെയാണ്. ഈ പരിവേഷം കണ്ണൂരിനപ്പുറത്തേക്കും കടന്നു. മനോജ് വധക്കേസിൽ പി.ജയരാജൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.

അതോടെ അണികൾ ജയരാജനെ കൂടുതൽ പ്രതിഷ്ഠിക്കുകയായിരുന്നു. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളിൽ അക്കാലത്ത് പാർട്ടി നേതാക്കൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് നോക്കിയാണ് അണികൾ പിൻതുണ നൽകുന്നത്. എതിരാളികളെ ഒതുക്കുന്നതിൽ വാക്കു കൊണ്ടും പ്രവർത്തികൊണ്ടും പോരാടിയ ജയരാജന് അതുകൊണ്ടു തന്നെ അടിത്തട്ടിലുള്ള അണികൾ അമിതമായ പിൻതുണ നൽകി. ഈ അവസരത്തിലെല്ലാം കണ്ണൂർ ജില്ലാ നേതൃത്വം കണ്ണടച്ച് അനുകൂലിക്കുകയായിരുന്നു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജയരാജൻ കണ്ണൂരിനപ്പുറത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കതിരൂർ മനോജ് വധക്കേസിൽ യു.എ. പി. എ പ്രകാരം എടുത്ത കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി രണ്ട് മാസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജയരാജന് തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ ജില്ലയിൽ കടക്കാനാവില്ല. എന്നാൽ ജയരാജൻ കോഴിക്കോടും കാസർഗോഡും വയനാടിലും പ്രചരണത്തിനിറങ്ങി.

ഒടുവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജയരാജൻ പ്രസംഗവേദികളിൽ നിറഞ്ഞു നിന്നു. കേട്ടു തഴമ്പിച്ച തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിന്ന് വേറിട്ട് അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന ജയരാജന്റെ പ്രസംഗം ഇടതു മുന്നണി പരമാവധി ഉപയോഗിക്കുകയും ചെയ്തു. അക്കാലത്ത് കാസർഗോഡ് ജില്ലയിലെ പ്രചരണത്തിന് ജയരാജൻ പോയതും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കോഴിക്കോടു ജില്ലയിലെ വടകരയിൽ സഹോദരിയും മുൻ എം. പി.യുമായ സതീദേവിയുടെ വീട്ടിലായിരുന്നു ജാമ്യക്കാലത്ത് ജയരാജൻ താമസിച്ചു പോന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാസർഗോഡ് ഒട്ടേറെ പരിപാടികളിൽ ജയരാജന് ക്ഷണവും ലഭിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാതെ കാസർഗോഡ് പോവുയും വേണം. അതിനാൽ കോഴിക്കോടു നിന്നും വയനാട്ടിലക്ക് കടക്കുകയും അവിടുന്ന് കർണ്ണാടകത്തിലെ കുടക് വഴി പശ്ചിമ ഘട്ടത്തിലൂടെ കാസർഗോട്ട് എത്തുകയുമായിരുന്നു.

പ്രത്യേകിച്ച് കണ്ണൂരിലെ പടക്കുതിര എന്നറിയപ്പെടുന്ന കെ.സുധാകരൻ വിജയ പ്രതീക്ഷയുമായി ഉദുമയിലായിരുന്നു മത്സരിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.(എം). ഈ മണ്ഡലത്തിൽ പിറകിലായിരുന്നു. ജയരാജൻ പ്രത്യേകിച്ച് ഈ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണ പരിപാടികൾ നടത്തി. കണ്ണൂർ ലോകസഭാ സീറ്റ് സുധാകരനിൽ നിന്നും പിടിച്ചെടുത്തതു പോലെ ഈ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

ജയരാജന്റെ ഉയർച്ച സിപിഐ.(എം). ലെ ചില താത്വിക പ്രാസംഗികരെ അലോസരപ്പെടുത്തിയിരുന്നു. സംസ്ഥാനത്തോളം ജയരാജൻ വളർന്നു വരുമെന്നായിരുന്നു അവരുടെ ആശങ്ക. ഒരിക്കലും ജയിലിൽ പോകാത്തവരും പൊലീസ് മർദ്ദന മേൽക്കാത്തവരുമടക്കം ജയരാജനെ തിരിഞ്ഞ് കുത്താൻ ശ്രമിച്ചുവെന്നാണ് കരുതേണ്ടത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ജയരാജന്റെ അപ്രമാധിത്വത്തെ ചോദ്യം ചെയ്യാത്തവർ എല്ലാം സംസ്ഥാന സമിതിയിൽ എത്തിക്കുകയായിരുന്നു.

വിമർശനവും സ്വയം വിമർശനവും നടത്തുന്ന പാർട്ടി എന്തു കൊണ്ട് ജയരാജനെ നേരത്തെ തിരുത്തിയില്ല. എന്ന ചോദ്യവും പ്രവർത്തകർ ഉന്നയിക്കുന്നു. ജയരാജനെ ഒതുക്കാനുള്ള ഒരു തന്ത്രമായിരുന്നു എല്ലാമെന്ന് അണികൾ കരുതുന്നു. കതിരൂർ മനോജ് വധക്കേസിൽ യു.എ. പി.എ. പ്രകാരം കേസെടുത്ത സംഭവത്തിൽ ഈ 17 ാം തീയ്യതി വാദം തുടങ്ങവേയാണ് പ്രതിസന്ധി ഘട്ടത്തിൽ ജയരാജനെതിരെ പാർട്ടിയുടെ വിമർശനം.