കണ്ണൂർ: കണ്ണൂർ ജില്ലയിൽ കലാപമുണ്ടാക്കാനും സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ മഹത്വവൽക്കരിക്കാനും വേണ്ടിയാണ് പൊലീസും സിപിഐ.(എം). ഉം ജയരാജനെ വധിക്കാൻ സംഘപരിവാർ ക്വട്ടേഷൻ കൊടുത്തെന്ന വാർത്ത മെനഞ്ഞതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്. പൊലീസ് റിപ്പോർട്ടിനെ കുറിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുന്നുമില്ല. റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ ജയരാജന് പിറകെ എന്നും സംഘപരിവാർ ഉണ്ടെന്നും അവർ സമ്മതിക്കുന്നു.

ഇതിനിടെയാണ് പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി രംഗത്ത് വന്നത്. ജില്ലയിൽ ഇപ്പോൾ നില നിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ വേണ്ടി പൊലീസിലെ ഒരു വിഭാഗവും സിപി.ഐ.(എം). നേതൃത്വവും തയ്യാറാക്കിയ പൊറാട്ട് നാടകമാണ് പി.ജയരാജനെ വധിക്കാൻ സംഘപരിവാർ നീക്കമെന്ന ആരോപണം. ഇത്തരം കെട്ടുകഥകൾ രചിക്കുന്നതിന് പകരം നിഷ്പക്ഷമായി നീതി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് സത്യപ്രകാശ് പറഞ്ഞു.

സിബി.ഐ. അന്വേഷണം വരുമ്പോഴൊക്കെ പനിവരാറുള്ള പി.ജയരാജന് ഷുഹൈബ് വധക്കേസിൽ സിബിഐ.അന്വേഷണം വരുമെന്ന പേടികാരണമാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് സത്യപ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടായിട്ടുണ്ട്. കീഴാറ്റൂരിലെ വയൽ പ്രശ്നത്തിൽ മുഖം നഷ്ടപ്പെട്ട സിപിഐ.(എം). നേതൃത്വത്തിന്റെ ജാള്യത മറക്കാൻ ഈ ഇല്ലാക്കഥ ഉപകരിക്കുമോ എന്ന പരീക്ഷണമാണ് പൊലീസുമായി ചേർന്ന് രചിച്ചിട്ടുള്ളത്. ഇത്തരം നുണകൾ സിപിഐ.(എം). പടച്ചു വിടുന്നത് പതിവാണ്. സംഘപരിവാർ പ്രവർത്തകരെ അക്രമിച്ചപ്പോഴും കൊലപ്പെടുത്തിയപ്പോഴും സിപിഐ.(എം). കൈകഴുകയാണ് പതിവ്.

എതിരാളികളെ കൊലപ്പെടുത്തിയാൽ സദാചാര വിഷയം ഉയർത്തി കാട്ടി കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന സിപിഐ.(എം) പിന്നീട് പ്രതികളാവുന്ന അവസ്ഥയാണ് കണ്ണൂരിൽ കാണപ്പെടുന്നത്. അണ്ടലൂരിലെ സന്തോഷ് വധത്തിലും ഷുഹൈബ് വധക്കേസിലുമെല്ലാം നുണകൾ പടച്ചു വിട്ടിട്ടും സിപിഐ.(എം). കാരാണ് പ്രതികളാവുന്നത്. ഏറ്റവും ഒടുവിൽ കീഴാറ്റൂരിലെ സമരക്കാരെ വധിക്കാൻ ആർ.എസ്. എസ് നേതൃത്വം തീരുമാനിച്ചുവെന്നായിരുന്നു പൊലീസും സിപിഐ.(എം). ജില്ലാ സെക്രട്ടറിയും പ്രചരിപ്പിച്ചത്. ഈ വിവരം പൊലീസിനും സിപിഐ.(എം). നും ലഭിച്ചത് എവിടെനിന്നാണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് സത്യപ്രകാശ് ആവശ്യപ്പെട്ടു.

മറ്റുള്ളവർക്ക് നേരെ ആരോപണങ്ങളും നുണക്കഥകളും പടച്ചു വിടുമ്പോഴും സിപിഐ.(എം) അക്രമവും കൊലപാതകവും പതിവുപോലെ നടപ്പാക്കുകയാണ്. സമീപകാലത്ത് ജില്ലയിൽ നടന്ന എല്ലാ കൊലപാതകങ്ങളും സിപിഐ.(എം). നടത്തിയതാണ്. ഓരോ സമാധാന കമ്മിറ്റി യോഗം കഴിയുമ്പോഴും അവർ തന്നെ തീരുമാനം ലംഘിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം പി.ജയരാജനു നേരെ അക്രമമുണ്ടാവാനിടയുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ജയരാജന് സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.

പാർട്ടി ഓഫീസുകൾ അക്രമിക്കപ്പെട്ട സ്ഥലങ്ങളിലും മറ്റും പോകുമ്പോൾ ജയരാജന് പൊലീസ് സുരക്ഷ കുറവാണെന്നും ഈ ഘട്ടത്തിൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിവരമാണ് പൊലീസ് നൽകിയിട്ടുള്ളത്. അതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടികളിലുള്ള ക്രിമിനൽ സംഘങ്ങളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുമുണ്ട്.