കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനു മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ച നടപടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്നു സിപിഎമ്മിന് ആശങ്ക. പി ജയരാജനെ രാഷ്ട്രീയമായി വേട്ടയാടുകയാണ് ആർഎസ്എസ് എന്നു പ്രചാരണം ശക്തമാകുമ്പോഴും തെരഞ്ഞെടുപ്പിൽ ജയരാജനെതിരായ കോടതിവിധി ഏതു തരത്തിൽ പ്രതിഫലിക്കുമെന്ന ആശങ്ക സിപിഎമ്മിനെ ഉലയ്ക്കുന്നുണ്ട്.

ആർഎസ്എസ് നിർദേശപ്രകാരം അമിത് ഷാ നടത്തിയ നീക്കങ്ങളാണ് പി ജയരാജനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിനു പിന്നിലെന്നു സിപിഐ(എം) ആരോപിച്ചിരുന്നു. അറസ്റ്റിനു നടപടി സ്വീകരിക്കാൻ ആർഎസ്എസ് അമിത് ഷായ്ക്കു നൽകിയ കത്തും കഴിഞ്ഞ ദിവസം ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണു സിപിഐ(എം) രാഷ്ട്രീയപ്രേരിതമാണ് ജയരാജനെതിരായ നടപടിയെന്നു വാദിക്കുന്നത്.

എന്നാൽ, ഇതൊക്കെ എത്ര കണ്ട് ഫലിക്കും എന്നുറപ്പില്ല എന്ന അവസ്ഥയാണിപ്പോൾ. നിയമപരമായി നേരിടുന്നതിനൊപ്പം രാഷ്ട്രീയപരമായി കേസിനെ നേരിടേണ്ട അവസ്ഥകൂടിയാണു സിപിഎമ്മിനുള്ളത്. സിബിഐക്കു കീഴടങ്ങുന്ന കാര്യവും സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യവും നേതാക്കളുടെ പരിഗണനയിലാണ്.

അതിനിടെ, കോടതിവിധി വന്നതോടെ കർശന സുരക്ഷാവലയത്തിലാണ് കണ്ണൂരിപ്പോൾ. പി ജയരാജനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന കാര്യവും സിബിഐ അധികൃതർ പരിശോധിക്കും. പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്‌രോഗവിദഗ്ധനു കീഴിൽ ചികിത്സയിലാണ് ജയരാജനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമേ അറസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. കഴിഞ്ഞ 23 ദിവസമായി ജയരാജൻ ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടർന്ന് ആദ്യം കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയരാജനെ പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

കതിരൂർ മനോജ് വധക്കേസിനു പിന്നാലെ ഷുക്കുർ വധക്കേസിലും പി ജയരാജനെ കുടുക്കി സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ശ്രമമുണ്ടാകുമെന്ന സൂചനയുമുണ്ട്.

കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെ പ്രതിയാക്കിയതിനു പിന്നിൽ ആർ.എസ്.എസ് സിബിഐ ഗൂഢാലോചനയെന്നാണു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. മോഹൻ ഭാഗവതിന്റെ കേരളാ സന്ദർശനത്തിന് ശേഷമാണ് എല്ലാം സംഭവിച്ചത്. കേസിൽ യു.എ.പി.എ ചുമത്തിയതിന് കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎമ്മിനെ ഒതുക്കുക എന്ന ലക്ഷ്യത്തിലാണ് ജയരാജനെതിരായ കേസെന്നും സിപിഐ(എം) പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകളിൽ സിബിഐ അന്വേഷണം നടക്കുന്നില്ലെന്നും കോടിയേരി ആരോപിച്ചു. സമാനമായ നിരവധി പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനമാണ് സിപിഎമ്മെന്നും ഇതുകൊണ്ടൊന്നും സിപിഐ(എം) ഇല്ലാതാകില്ലെന്നും കോടിയേരി പറഞ്ഞു.

ജാമ്യം നിഷേധിച്ചെങ്കിലും തൽക്കാലം അറസ്റ്റിനു വഴങ്ങണോ എന്ന കാര്യത്തിൽ ഇതുവരെ നേതാക്കൾ തീരുമാനമെടുത്തിട്ടില്ലെന്നാണു സൂചന. പകരം ഹൈക്കോടതിയിൽത്തന്നെ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. അവിടെയും തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണു സിപിഐ(എം) തീരുമാനം. നിയമത്തിന്റെ സാധ്യതകൾ പരമാവധി തേടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കാകും സിപിഐ(എം) നേതൃത്വം നൽകുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാൽ കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്താൽ ആറുമാസത്തേക്കു ജാമ്യം ലഭിക്കാൻ സാധ്യതയില്ല. അതിനിടെ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ കഴിയും വരെയും ചിലപ്പോൾ റിമാൻഡിൽ കഴിയേണ്ടിവരും. റിമാൻഡിൽ കഴിയുമ്പോൾ ജയരാജനെ കസ്റ്റഡിയിൽ വാങ്ങി സിബിഐക്കു ദിവസങ്ങളോളം ചോദ്യംചെയ്യാനാകും. രണ്ടു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ ഈയൊരു സാഹചര്യം എങ്ങനെയെങ്കിലും ഒഴിവാക്കുകയാണു സിപിഐ(എം) ലക്ഷ്യം.

കതിരൂർ മനോജ് വധക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പി ജയരാജന് നേരത്തെ സിബിഐ നോട്ടീസ് നൽകിയിരുന്നു. ആ സമയത്ത് മുൻകൂർ ജാമ്യം തേടി പി ജയരാജൻ കോടതിയെ സമീപിച്ചു. എന്നാൽ പി ജയരാജൻ പ്രതിയല്ല എന്ന കാര്യമാണ് സിബിഐ തലശേരി സെഷൻസ് കോടതിയിൽ അറിയിച്ചത്. തുടർന്ന് പി ജ ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ തൊട്ടടുത്ത ദിവസം പി ജയരാജനെ കതിരൂർ മനോജ് വധക്കേസിൽ സിബിഐ പ്രതിചേർത്തു. തുടർന്ന് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ തേടുകയായിരുന്നു. ഇതിനിടയിലാണ് കേസുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന് അയച്ച കത്ത് പുറത്തുവന്നത്. ഇക്കാര്യവും സിപിഐ(എം) പ്രതിരോധത്തിനായി പ്രചാരണവിഷയമാക്കുന്നുണ്ട്.