- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെ പി.ജയരാജൻ എതിർത്തിട്ടില്ല; മാധ്യമങ്ങൾ വ്യാജ വാർത്ത ചമയ്ക്കുന്നു; ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനറായതോടെ കണ്ണൂരിന് മികച്ച പരിഗണനയാണ് കിട്ടിയതെന്നും എം വി ജയരാജൻ

കണ്ണൂർ: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിനെതിരെ എതിർത്തുകൊണ്ടു പാർട്ടിസംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ സംസാരിച്ചുവെന്ന വാർത്ത നിഷേധിച്ച് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ശശിയെ സംസ്ഥാനകമ്മിറ്റി യോഗത്തിലാരും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പി.ജയരാജൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലമാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും എം.വി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജൻ എൽ.ഡി. എഫ് കൺവീനറായതോടെ കണ്ണൂരിന് മികച്ച പരിഗണനയാണ് പാർട്ടി തീരുമാനത്തിന്റെ ഭാഗമായി ലഭിച്ചതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയ തീരുമാനത്തിൽ താൻ വിയോജിപ്പു പ്രകടിപ്പിച്ച വാർത്ത പി.ജയരാജനും ഇന്ന് നിഷേധിച്ചിരുന്നു. പാർട്ടി സംസ്ഥാന സമിതി ഏകകണ്ഠമായാണ് ശശിയെ ഈ സ്ഥാനത്തേക്കു പരിഗണിച്ചതെന്നും, ഭരണപരിചയമുള്ളയാളാണ് ശശിയെന്നും ജയരാജൻ പ്രതികരിച്ചു.
പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും മുൻകാലത്തെ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ മുന്നറിയിപ്പു നൽകിയെന്നായിരുന്നു വാർത്ത. ശരിതെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഇതിനുള്ള തെളിവുകൾ തന്റെ കൈയിലുണ്ടെന്നും ജയരാജൻ പറഞ്ഞതായി ചിലമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
എന്നാൽ ഇതൊക്കെ തീരുമാനമെടുത്തതിനു ശേഷമല്ല നേരത്തെ പറയണമെന്നു ഇടപെട്ടു പറഞ്ഞുകൊണ്ടു കോടിയേരി വിലക്കിയെന്നും ചില പത്രങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. തന്റെ ഘടകം സംസ്ഥാനകമ്മിറ്റിയായതിനാൽ അവിടെ മാത്രമേ പറയാൻ കഴിയുവെന്നായിരുന്നു ഇതിന് പി.ജയരാജന്റെ മറുപടി.
പി.ശശിയുടെ തിരിച്ചുവരവോടെ സി.പി. എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ അതൃപ്തി പുകയുകയാണെന്ന മാധ്യമവാർത്തകളെ നിഷേധിച്ചുകൊണ്ടാണ് ഇപ്പോൾ നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്. പി.ശശിക്കെതിരെ സംസ്ഥാനസമിതിയോഗത്തിൽ ആരും വിമർശനമുന്നയിച്ചിട്ടില്ലെന്ന് എൽ.ഡി. എഫ് കൺവീനറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജനും വ്യക്തമാക്കിയിരുന്നു. തെറ്റുകൾ പറ്റുന്നത് മനുഷ്യസഹജമാണെന്നും അതു തിരുത്താൻ തയ്യാറായ ആളെ പിന്നീട് ജീവിതാവസാനം വരെ തെറ്റുകാരനായി കാണേണ്ടതില്ലെന്നുമായിരുന്നു ഇതേ കുറിച്ചു ഇ.പിയുടെ പ്രതികരണം.


