കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ റിമാന്റിൽ കഴിയുന്ന പി ജയരാജനെ അഴിക്കുള്ളില്ലാക്കാൻ ഒരുങ്ങി തന്നെയാണ് സിബിഐയുടെ നീക്കം. എന്നാൽ, അതിനിടെ ജയരാജന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വിധത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ഇതോടെ ആശുപത്രിയിൽ കഴിയാൻ വേണ്ടിയുള്ള ശ്രമമാണ് പി ജയരാജനും നടത്തുന്നത്. ജയിലിലേക്ക മാറ്റുമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെ ജയരാജന്റെ മെഡിക്കൾ റിപ്പോർട്ടും പുറത്തുവന്നു.

ജയരാജന്റെ ഹൃദയാരോഗ്യം തീർത്തും മോശമെന്നാണ് റിപ്പോർട്ടുകൾ. ചെറിയ സമ്മർദ്ദം പോലും താങ്ങാനാവില്ല, 2003 മുതൽ 4 തവണ ജയരാജനെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി. 4 സ്റ്റെന്റുകൾ ശരീരത്തിലുള്ളത് ഗുരുതരസാഹചര്യമെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇന്നലെ കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം പി ജയരാജനെ ചികിത്സിക്കുന്ന ചികിത്സിക്കുന്ന ഡോക്ടറോട് തിങ്കളാഴ്ച ഹാജരാകണമെന്ന് സി ബി ഐ ആവശ്യപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജിൽ് ചികിത്സയിൽ കഴിയുന്ന ജയരാജന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടിയുടെ മുന്നൊരുക്കമായാണ് മെഡിക്കൽ റിപ്പോർട്ട് തേടിയിരിക്കുന്നത്. നേരത്തെതന്നെ ജയരാജനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ സിബിഐ തുടങ്ങിയിരുന്നു. 16 മുതൽ 19 വരെ ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം.

കതിരൂർ മനോജ് വധക്കേസിൽ കീഴടങ്ങിയ സിപിഐ(എം) നേതാവ് പി.ജയരാജനെ ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇന്നലെതന്നെ മാറ്റിയിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷമാണ് ജയരാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെത്തന്നെയാണ് ഇന്നലെ രാവിലെ ജയരാജൻ തലശ്ശേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. 23 ദിവസമായി ജയരാജൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. എന്നാൽ ജയരാജന്റെ ചികിത്സ ഏത് ആശുപത്രിയിലായിരിക്കണമെന്നകാര്യത്തിൽ ജയിൽ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.