കണ്ണൂർ: നക്ഷത്ര ഹോട്ടലിലെ ഭക്ഷണമില്ല. ആർഭാഢ ജീവിതമില്ല. വിലകുറഞ്ഞ മുണ്ടും ഷർട്ടും. ഇതാണ് മറ്റു നേതാക്കളിൽ നിന്നും സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ വേർതിരിക്കുന്നത്. കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന നേതാക്കളുടേയും പ്രവർത്തകരുടേയും നിര ശോഷിച്ചു വരുമ്പോൾ ജയരാജൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാകുന്നത് ഇങ്ങിനെ. തികഞ്ഞ സിപിഐ.(എം). പാർട്ടി ഗ്രാമമായ പാട്യം പഞ്ചായത്തിലെ ഒട്ടച്ചി മാക്കൂൽ സ്വദേശിയാണ് ജയരാജൻ. രാഷ്ട്രീയത്തിനപ്പുറവും ജനബന്ധം കാത്തു സൂക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തയാവില്ല. എതിരാളിയുടെ പേടിസ്വപ്നമാവുമ്പോഴും രാഷ്ടീയ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ക്ഷേമപ്രവർത്തനങ്ങൾക്ക് അണികളോട് നിർദ്ദേശിക്കുന്നു ഈ നേതാവ്.

സ്വയം ബിംബവൽക്കരിക്കാനും മഹത്വവൽക്കരിക്കാനും ജയരാജൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി പോലും കുറ്റപ്പെടുത്തി. ശാസനയും നൽകി. അപ്പോഴും കണ്ണൂരിലെ സഖാക്കൾ ജയരാജനൊപ്പമായിരുന്നു. ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ജയരാജനെ മാറ്റാനുള്ള കള്ളക്കളിയൊന്നും നടന്നില്ല. ജയരാജൻ വീണ്ടും കണ്ണൂരിലെ തിളങ്ങും നക്ഷത്രമായി. സഖാക്കൾക്ക് ഈ നേതാവിലുള്ള വിശ്വാസ്യതയായിരുന്നു ഇതിന് കാരണം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ വ്യക്തി ജീവിതം പാർട്ട് അപാമാനമാകുമ്പോൾ ത്രിപുരയിലെ മണിക് സർക്കാരിനോളം തിളക്കമുള്ള പി ജയരാജന്റെ വ്യക്തി ജീവിതത്തിനും. ആർക്കും മുമ്പിലും കൈനീട്ടാതെ സ്വന്തം കാലിൽ മുന്നോട്ട് കുതിക്കുന്ന സഖാവ്.

ചെങ്കൊടികളും ചെഗുവേരാ ചിത്രങ്ങളും അകമ്പടിയായ ഈ പഞ്ചായത്തിൽ ജയരാജനെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായം തേടിയെത്തിയത് ഒരു കോൺഗ്രസ്സ് പ്രവർത്തകനിലാണ്. അദ്ദേഹം പറയുന്നത് ഇങ്ങിനെ. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ജീവിത രീതിയിലും പ്രവർത്തനത്തിലുമുള്ള അദ്ദേഹത്തിന്റെ ശൈലി അനുകരിക്കേണ്ടവ തന്നെയാണ്. രാഷ്ടീയ പാർട്ടികളുടെ താഴെ തട്ടിലുള്ള നേതാക്കൾ പോലും കുടുംബ സമേതം ആർഭാഢ ജീവിതത്തിൽ മുഴുകുമ്പോൾ അദ്ദേഹവും കുടുംബവും അതിൽ നിന്ന് വേറിട്ട് നിൽക്കുന്നു. രാഷ്ടീയ നേതാക്കളുടെ മക്കളും കുടുംബവുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടുകൾ വാർത്തകളിൽ സ്ഥാനം പിടിക്കുമ്പോഴാണ് മക്കൾക്ക് പോലും രക്ഷകനാവാതെ ഒരു നേതാവ് വ്യത്യസ്തനാവുകയാണ്.

മക്കളെ പാർട്ടി പ്രവർത്തനത്തിന് അറിഞ്ഞുകൊണ്ട് പറഞ്ഞുവിട്ട നേതാവാണ് ജയരാജൻ. അമൂൽ ബേബികളായി മക്കളെ വളർത്തി കേരളത്തിന് പുറത്ത് വിദ്യാഭ്യാസം നൽകി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ തിരുകി കയറ്റാനൊന്നും ജയരാജൻ മിനക്കെട്ടിരുന്നില്ല. സ്വന്തം ഗ്രാമത്തിലെ വിദ്യാലയത്തിൽ വിദ്യാഭ്യാസം. അതു കഴിഞ്ഞ് ജീവിതായോധനത്തിന് വേണ്ടി നാട്ടിൽ കൂലിപ്പണിയെടുക്കൽ. ജയരാജന്റെ മൂത്ത മകൻ ആഷിൻ രാജ് പാർട്ടി പ്രവർത്തനത്തോടൊപ്പം നാട്ടിൽ കൂലിപ്പണിയെടുത്തു വളർന്നവനായിരുന്നു. ഒടുവിൽ ജോലി തേടി ഗൾഫിൽ പോയി. അനുജൻ ജെയിൻ രാജും പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു,. ഇരുവരും പാർട്ടി മെമ്പർമാരുമായി. തൃശ്ശൂരിലെ ഒരു ഹോട്ടലിൽ തൊഴിലാളിയായിരുന്നു ജയിൻ രാജ്. ഹോട്ടൽ പൂട്ടിയപ്പോൾ തിരിച്ച് നാട്ടിലേക്ക് വരികയും ചെയ്തു.

കഴിഞ്ഞ പാർട്ടി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നും ആഷിൻ രാജ് എത്തിയിരുന്നു. റെഡ് വളണ്ടിയർ മാർച്ചിലും അയാൾ പങ്കെടുത്തു. ജയിൻ രാജും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജയിൻ മുബൈയിൽ ജോലി തേടി പോയിരിക്കയാണ്. ജയരാജന്റെ ഭാര്യ യമുന കൂത്തുപറമ്പ് റൂറൽ കോ. ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറിയാണ്. രാഷ്ടീയ അക്രമവുമായി ബന്ധപ്പെട്ട് എം. വി. രാഘവന് ശേഷം ഏറ്റവും ആരോപണ വിധേയനായത് പി.ജയരാജനാണ്. എന്നാൽ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജയരാജൻ.

1999 ഓഗസ്റ്റ് 25 ന് തിരുവോണ ദിനത്തിൽ എതിരാളികളുടെ അക്രമത്തിൽ പരിക്കേറ്റ ജയരാജൻ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അക്രമത്തിൽ വലതു കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇടതു കയ്യുടെ തള്ള വിരൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജയരാജന്റെ മരണം ഉറപ്പിക്കാൻ അക്രമികൾ വീടിനകത്ത് ബോംബെറിഞ്ഞെങ്കിലും ബക്കറ്റിലെ വെള്ളത്തിൽ ബോംബ് വീണതിനാൽ സ്ഫോടനമുണ്ടായില്ല. ഇതൊക്കെ നേരിട്ട ജയരാജൻ മക്കളേയും രാഷ്ടീയത്തിലിറക്കി എന്നത് അത്ഭുതമായി അവശേഷിക്കുന്നു.

ജയരാജൻ വിചാരിച്ചാൽ മക്കൾക്ക് ജോലിക്കാര്യം ഒരു വിഷയമേ അല്ല. എന്നാൽ അതിനൊന്നും അദ്ദേഹം രാഷ്ട്രീയത്തിന്റെ തണൽ തേടുന്നില്ല.