- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസിന്റെയും മുഖ്യമന്ത്രിയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി കതിർമണ്ഡപത്തിൽ കയറി; മന്ത്രിക്കല്യാണം കൂടാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; മുറതെറ്റിക്കാതെ ഇന്ന് മൗനവ്രതത്തിൽ നവവധു പി കെ ജയലക്ഷ്മിയും വരനും
കൽപ്പറ്റ: കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ പ്രവർത്തകനും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനുഗ്രഹാശിസുകൾ ചൊരിഞ്ഞ് തൊട്ടുമുമ്പിൽ. ആശംസകൾ അറിയിക്കാൻ മന്ത്രിമാരും സ്പീക്കർമാരും. ഏറെക്കാലത്തിനുശേഷം കേരളം കണ്ട ഒരു മന്ത്രിക്കല്യാണത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് വയനാട്ടിലെ
കൽപ്പറ്റ: കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ പ്രവർത്തകനും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനുഗ്രഹാശിസുകൾ ചൊരിഞ്ഞ് തൊട്ടുമുമ്പിൽ. ആശംസകൾ അറിയിക്കാൻ മന്ത്രിമാരും സ്പീക്കർമാരും. ഏറെക്കാലത്തിനുശേഷം കേരളം കണ്ട ഒരു മന്ത്രിക്കല്യാണത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് വയനാട്ടിലെ പാലോട്ടിലെ തറവാട്ടു മുറ്റത്തെത്തിയത്.
വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് നിലവിൽ സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയായ പി കെ ജയലക്ഷ്മി കതിർമണ്ഡപത്തിലേക്ക് കയറിയത്. നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആയിരങ്ങൾക്കു പുറമെ ചാനലുകളുടെ തത്സമയസംപ്രേഷണത്തിലൂടെ കേരളത്തിലും പുറത്തുമുള്ള ലക്ഷക്കണക്കിനു മലയാളികളും മന്ത്രിയുടെ വിവാഹച്ചടങ്ങുകൾക്കു സാക്ഷികളായി. എങ്കിലും ആശംസകൾ അറിയിക്കാനെത്തിയവരോട് ഒരുവാക്കുപോലും മിണ്ടാൻ ഇന്നേദിവസം മന്ത്രി പി കെ ജയലക്ഷ്മിക്കു കഴിയില്ല എന്നതാണ് വാസ്തവം. കുറിച്യാചാര പ്രകാരം വധൂവരന്മാർ വിവാഹദിവസം മൗനവ്രതത്തിലായിരിക്കണം.
മുറച്ചെറുക്കനായ സി എ അനിൽകുമാറുമായുള്ള വിവാഹത്തിനുള്ള ചടങ്ങുകൾ പുലർച്ചെ 5.30നാണ് ആരംഭിച്ചത്. നിരവധി പ്രത്യേകതകളുള്ള കുറിച്യ ആചാരപ്രകാരമായിരുന്നു മന്ത്രിയുടെ വിവാഹം. വിളക്കു കൊളുത്തിയാണ് ചടങ്ങുകൾക്കു തുടക്കമായത്. തുടർന്ന് വരന്റെ വീട്ടുകാർ പൂവും പുടവയുമായെത്തി വധുവിനെ അണിയിച്ചൊരുക്കി ഇറക്കിക്കൊണ്ടുവന്നു. ദോഷമുണ്ടോ എന്നറിയാനുള്ള നാണയമുരുക്കൽ ചടങ്ങും നടന്നു.
കുറിച്യാചാര പ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി അച്ഛൻ കുഞ്ഞാമനാണ് കതിർമണ്ഡപത്തിലേക്ക് ജയലക്ഷ്മിയെ കൂട്ടിക്കൊണ്ടുവന്നത്. തറവാട്ടിൽ നാലുകെട്ടിലെ നടുമുറ്റത്താണ് കതിർമണ്ഡപം ഒരുക്കിയിരുന്നത്. മണ്ഡപത്തിലെത്തിയപ്പോഴേക്കും സദസിന്റെ മുൻപന്തിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്പീക്കറുമുൾപ്പെടെ പ്രമുഖരുടെ നീണ്ട നിര. വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും കാൽ തൊട്ടുവന്ദിച്ച് പി കെ ജയലക്ഷ്മി കതിർമണ്ഡപത്തിലേക്കു കയറി. തുടർന്ന് കൊട്ടും കുരവയുമില്ലാതെ താലികെട്ട്. മാനന്തവാടി വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം മേൽശാന്തി വാരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി വിവാഹകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ചടങ്ങുകൾ പൂർത്തിയായതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നവദമ്പതികൾക്കൊപ്പം ഫോട്ടോക്കു പോസുചെയ്തു. കൗതുകകരമായ മറ്റൊരാചാരമാണ് വിവാഹദിനത്തിൽ കുറിച്യാചാരപ്രകാരം വധൂവരന്മാർ മൗനവ്രതത്തിലായിരിക്കണം എന്നത്. അതിനാൽ, തന്നെ ആശംസകൾ അറിയിക്കാൻ എത്തിയ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് ഒരു വാക്കുപോലും സംസാരിക്കാൻ പി കെ ജയലക്ഷ്മിക്ക് കഴിഞ്ഞില്ല. വിവാഹം തത്സമയം മലയാളികൾക്കു മുന്നിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി ദിവസങ്ങളോളം കാത്തുനിന്ന ചാനൽ പ്രവർത്തകരോടും മിണ്ടാൻ മന്ത്രിക്കു കഴിഞ്ഞില്ല. എല്ലാവരോടുമുള്ള നന്ദി ചിരിയിൽ ഒതുക്കുകയായിരുന്നു മന്ത്രി ജയലക്ഷ്മിയും ഭർത്താവ് അനിൽകുമാറും.
സിപിഐ(എം). സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണൻ, മന്ത്രി മഞ്ഞളാംകുഴി അലി, എം കെ രാഘവൻ എംപി, എംഎൽഎമാരായ ഇ പി ജയരാജൻ, പുരുഷൻ കടലുണ്ടി, കെ അച്യുതൻ, മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം എന്നിവർ ശനിയാഴ്ച പാലോട്ടെത്തി ആശംസകൾ നേർന്ന് മടങ്ങി. മന്ത്രി പി കെ ജയലക്ഷ്മിയുടെ അച്ഛൻ കുഞ്ഞാമനും അമ്മ അമ്മിണിയും അതിഥികളെ സ്വീകരിച്ചു. വി.ഐ.പികൾക്കൊപ്പം ജില്ലയിലെ മുഴുവൻ കുറിച്യ തറവാടുകളിൽനിന്നും വിവാഹത്തിന് അതിഥികൾ എത്തിയിരുന്നു.
ഒരു നാടു മുഴുവൻ ഉത്സവമായാണ് തങ്ങളുടെ കുലത്തിൽ നിന്ന് മന്ത്രിയായ ജയലക്ഷ്മിയുടെ വിവാഹച്ചടങ്ങുകൾ കൊണ്ടാടിയത്. വിവാഹം ഉത്സവത്തോളം കേമമായപ്പോൾ സദ്യവട്ടമൊരുക്കാനും ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ് എത്തിച്ചേർന്നത്. സ്‌കൂൾ കലോത്സവങ്ങളിലെ നിറസാന്നിധ്യമായ കോട്ടയം ഉഴവൂർ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് മന്ത്രിക്കല്യാണത്തിന് അടുപ്പുകൂട്ടിയത്.
ആദ്യമായാണ് ഒരു മന്ത്രിയുടെ വിവാഹത്തിന് മോഹനൻ നമ്പൂതിരിയും കൂട്ടരും സദ്യയൊരുക്കുന്നത്. വിവാഹദിവസം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമാണ് പഴയിടം തയാറാക്കിയത്. ഇഡ്ഡലിയും വടയും സാമ്പാറുമാണ് പ്രാതലിന് ഒരുക്കുന്നത്. ഉച്ചക്ക് ഗോതമ്പും പരിപ്പും ചേർന്ന പായസവും പാലട പ്രഥമനും ഉൾപ്പെടെ 24 ഇനം വിഭവങ്ങളുമൊരുക്കി. 15 തവണ സംസ്ഥാന യുവജനോത്സവത്തിന് പാചകം ചെയ്ത വ്യക്തിയാണ് പഴയിടം. മന്ത്രിമാരുടെ മക്കളുടെ വിവാഹത്തിന് സദ്യയൊരുക്കിയിട്ടുണ്ടെങ്കിലും മന്ത്രിക്കല്യാണത്തിന് സദ്യയൊരുക്കുക എന്നത് പഴയിടത്തിനും പുതിയ അനുഭവമാണ്.