മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. മുസ്ലിം ലീഗ് സ്ഥാനാർയായ പി കെ കുഞ്ഞാലിക്കുട്ടി 171038 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 515325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചത്. ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് സ്ഥാനാർത്ഥി ലീഡ് നേടി. അതേസമയം ഇ അഹമ്മദ് നേടിയ റെക്കോർഡ് ഭൂരിപക്ഷം മറികടക്കാമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം സഫലവമായില്ല. വോട്ടിന്റെ എണ്ണത്തിൽ കുതിപ്പുണ്ടായെങ്കിലും അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കാനാണ് കുഞ്ഞാലിക്കുട്ടിക്ക് സാധിക്കാതെ പോയത്.

ഇടതു സ്ഥാനാർത്ഥി എം ബി ഫൈസൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ഒരു ലക്ഷം വോട്ടുകൾ നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്തത് ക്ഷീണമായി മാറി. 344287 വോട്ടുകളാണ് ഇടതുസ്ഥാനാർത്ഥി എംബി ഫൈസൽ നേടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി കെ സൈനബയേക്കാൾ കൂടുതൽ വോട്ടുകൾ ഫൈസൽ നേടിയെന്നതാണ് സിപിഎമ്മിന് ആശ്വാസം പകർന്നത്. പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകൾ മാത്രമായിരുന്നു. വോട്ടിങ് ശതമാന കണക്കിൽ പിന്നോട്ടു പോയെങ്കിലും വോട്ടിന്റെ എണ്ണം വർദ്ധിപ്പിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരമുണ്ടായി എന്ന യുഡിഎഫ് വാദത്തെ മറികടക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണിയും സർക്കാറും.

അതേസമയം ഒരു ലക്ഷം വോട്ടെങ്കിലും നേടുമെന്ന് കരുതിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറത്തു നിന്നം നേരിട്ടത്. ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 1547 വോട്ടുകൾ മാത്രമാണ് ഇത്തവണ നേടാൻ സാധിച്ചത്. മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളിൽ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. ഇതോടെ ദേശീയ തലത്തിൽ ബിജെപി വളരുമ്പോഴും കേരളത്തിൽ തിരിച്ചടിയേൽക്കുന്ന പ്രതിഭാസം കൂടുതൽ ചർച്ചയാകുമെന്ന കാര്യം ഉറപ്പാണ്. ബീഫ് വിവാദം അടക്കം ഉയർത്തിയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫും യുഡിഎഫും നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടതും.

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അരമണിക്കൂറിൽ തന്നെ വ്യക്തമായ ലീഡ് പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചിരുന്നു. ഈ ലീഡ് നില ക്രമാനുഗതമായി മെച്ചപ്പെടുത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ആദ്യ ഘട്ടത്തിൽ കൊണ്ടോട്ടിയിൽ പിന്നിലായിരുന്ന കുഞ്ഞാലിക്കുട്ടി ആ മണ്ഡലത്തിലും ലീഡു നേടി. എൽഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന പെരിന്തൽമണ്ണ, മങ്കട എന്നീ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി മുന്നേറ്റം നടത്തിയത് ഇടതിന് ക്ഷീണമായി. മലപ്പുറവും വേങ്ങരയും കുഞ്ഞാലിക്കുട്ടിക്ക് കൃത്യമായ മുൻതൂക്കമാണ് തുടക്കം മുതൽ സമ്മാനിച്ചത്.

സ്വന്തം തട്ടകമായ വേങ്ങര മണ്ഡലത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചത്. 40529 വോട്ടുകളാണ് ഇവിടെനിന്നും കുഞ്ഞാപ്പയ്ക്കു കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38057 ആയിരുന്നു ഇവിടെനിന്നുള്ള ലീഡ്. ഇതിനേക്കാളും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദിനു ലഭിച്ച വോട്ടുകളേക്കാളും അധികം വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടി സ്വന്തം തട്ടകത്തിൽ കരുത്ത് തെളിയിച്ചത്.

കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം ഇങ്ങനെ:

വേങ്ങര (40,529)
മഞ്ചേരി (22,843)
മലപ്പുറം (33,281)
വള്ളിക്കുന്ന് (20,692)
പെരിന്തൽമണ്ണ (8527)
മങ്കട (19,262)
കൊണ്ടാട്ടി (25,904)

മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണൽ നടന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കണ്ടത്. പെരിന്തൽമണ്ണയിൽ മാത്രമാണ് പിന്നീട് എം.ബി ഫൈസലിൽ നിന്നും കുഞ്ഞാലിക്കുട്ടി നേരിയ വെല്ലുവിളിയെങ്കിലും നേടിട്ടത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളിൽ ചുവപ്പു വീശിയ മണ്ഡലങ്ങളിൽ മറ്റൊന്ന് മങ്കടയായിരുന്നു. മുസ്ലിംലീഗിനെ പലതവണ വിജയിപ്പിച്ച മണ്ഡലമാണ് ഇതെങ്കിലും ഇടയ്ക്ക് ഇടതിന്റെകൂടെ പോയിട്ടുണ്ട് എന്നതായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ഇത്തവണ അതും തെറ്റി.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ. അഹമ്മദിന് 23,461 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ലീഗിലെ ടി.എ. അഹമ്മദ്കബീർ 23,593 വോട്ടുകൾ ഭൂരിപക്ഷം നേടിയിരുന്നെങ്കിലും 2016-ൽ നടന്ന നിയമസഭാതിരഞ്ഞടുപ്പിൽ 1508 ആയി ഭൂരിപക്ഷം കുറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് കഴിയാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഭയപ്പെട്ടിരുന്നു. എന്നാൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ എതിർപ്പുകളെ എല്ലാം മറികടക്കാൻ സാധിച്ചു.

കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോകുന്നതോടെ വേങ്ങരയിൽ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും. ഈ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളാകും ഇനി സജീവമാകുക.