മലപ്പുറം: സംസ്ഥാന സർക്കാറിനെതിരെ ആരോപണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാറിന്റെ വിശ്വാസ്യത പൂർണമായും തകർന്നെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാന തലത്തിലും അന്വേഷണം വേണം. സ്വപ്ന മന്ത്രിമാരുടെ ഓഫീസിൽ എല്ലാ സമയവും കയറിയിറങ്ങുകയായിരുന്നു. ഇത് മറച്ച് വെക്കാനാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ വൈകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അഴിമതിയിലേക്കും സ്വജന പക്ഷപാതത്തിലേക്കുമാണ് സർക്കാർ പോയത്. ലൈഫ് മിഷൻ പദ്ധതി സംസ്ഥാനത്തെ സംബന്ധിച്ച് നാണക്കേടായി മാറി. എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെ നേരിടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പും യുഡിഎഫ് തൂത്തുവാരും. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ചു സർവകക്ഷി യോഗം വിളിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.