മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദമായ വർഗീയ പരാമർശത്തിന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വർഗ്ഗീയതയുടെ കാര്യത്തിൽ വേർതിരിവ് എന്തിനാണെന്നും എല്ലാ വർഗ്ഗീയതയും മോശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വികാരത്തെ മുതലെടുത്തുകൊണ്ട് വർഗ്ഗീയ രാഷ്ട്രീയം പയറ്റുന്നവരോട് വോട്ടിനായി സിപിഐഎം കൂട്ടുകൂടുന്നതിനെ തങ്ങൾ പലപ്പോഴും എതിർത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു.

എന്നാൽ നമ്മുടെ രാജ്യത്ത് ബിജെപി ഭരിക്കുന്നതിനാൽ അവർ രാജ്യവ്യാപകമായി നടത്തിവരുന്ന വർഗ്ഗീയ പ്രശ്നങ്ങളാണ് കൂടുതൽ ഗൗരവകരമെന്നത് മറ്റൊരു സത്യം. സിപിഐഎംകാർ പറയാൻ ഉദ്ദേശിക്കുന്നത് എത്ര നിയന്ത്രിച്ചാലും പുറത്തുചാടിപ്പോകും. അതാണ് അവർക്ക് പ്രസ്താവനകൾ വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നത്. അത് അവരുടെ ഉള്ളിലുള്ളത് തന്നെയാണ്. എല്ലാ വർഗ്ഗീയതയും മോശമാണ്. അതിലെന്തിനാണ് വേർതിരിവ്? എല്ലാത്തരം വർഗ്ഗീയതയും അപലപിക്കപ്പെടേണ്ടതാണ്.

വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ. പഞ്ചാബിൽ കണ്ടതുപോലെ കേരളത്തിലും കോൺഗ്രസ് മിന്നുന്ന ജയം നേടുമെന്നും അതിനായി മതേതരവാദികളെല്ലാവരും ഒന്നിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഇതിനെ തോൽപ്പിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വിജയരാഘവൻ പറഞ്ഞതാണ് വിവാദമായത്. എന്നാൽ താൻ അങ്ങനെയല്ല പറഞ്ഞതെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പിന്നീട് വിജയരാഘവൻ വിശദീകരിച്ചു.