കൊച്ചി: കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജാരാവാൻ സാധിക്കില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഹാജരാവാൻ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇ.ഡിയെ സമീപിച്ചു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തോട് ഇ.ഡി ഇനിയും പ്രതികരിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിട് ആവശ്യപ്പെട്ടിരുന്നത്.

പാലാരിവട്ടം പാലം അഴിമതിയിയിലൂടെ ലഭിച്ച കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം. മുൻ മന്ത്രിയും തവനൂർ എംഎ‍ൽഎയുമായ കെ.ടി. ജലീൽ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകൾ ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

ചന്ദ്രികയിൽ നടന്ന കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയെന്നാണ് കെ.ടി. ജലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉൾപ്പെടെ ഉള്ള തെളിവുകൾ കൈമാറിയെന്നാണ് ജലീൽ പറഞ്ഞത്. വില്ലേജ് ഓഫീസിലെ ഭൂമി ഇടപാട് രേഖകൾ അടക്കം കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രികയുടെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമ്മാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ.ടി. ജലീൽ ആരോപിച്ചിരുന്നു.