ആലപ്പുഴ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ആവർത്തിച്ചു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. റെയിൽ വിരുദ്ധ സമരം രാഷ്ട്രീയമായി നടക്കുന്ന സമരമല്ല, ജനങ്ങളുടെ സമരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഗൗരവമുള്ള പ്രശ്നമാണ് ഈ സമരം. അതുകൊണ്ട് ഇത് അവസാനിക്കില്ല. സർക്കാർ കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. പലിശയ്ക്ക് കടം തരാൻ ആളുകൾ ഉണ്ടാവുമെന്നും ഒടുവിൽ ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനും വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അത്യാവശ്യം ഇല്ലാത്ത ഇത്തരം പദ്ധതികൾ വേണോ എന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ടത് സർക്കരാണ്. അത് സമരം ചെയ്യുന്ന ജനങ്ങൾ അല്ല. ഇരകളാണ് സമരം ചെയ്യുന്നത്. അതിന് പിന്തുണ കൊടുക്കുന്നുവെന്നേയുള്ളൂ. അതിനെ രാഷ്ട്രീയ സമരം, തീവ്രവാദ സമരം എന്നൊക്കെ പറഞ്ഞ് കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളാരും നടത്തുന്ന സമരമല്ല. അതുകൊണ്ട് ഞങ്ങൾ ആരെങ്കിലും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടാൽ തീരുന്ന സമരമല്ല. സാമ്പത്തികമായി ആളോഹരി കടം കൂടിയാൽ ഉണ്ടാവാൻ പോകുന്നത് ശ്രീലങ്കയിലേതിന് സമാനമായിരിക്കും. കെ റെയിൽ അത്യാവശ്യമുള്ള പദ്ധതിയാണോ എന്നതാണ് മറ്റൊരു വിഷയം. പദ്ധതി പ്രായോഗികമല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. സംസ്ഥാനം പണം മുടക്കാതെ തന്നെ ഇന്ത്യൻ റെയിൽവേയുടെ പരിഗണനയിൽ വിഷയം ഉണ്ട്.

റെയിൽവേ പണം മുടക്കി സ്പീഡ് റെയിൽ പ്രാവർത്തികമാക്കും. അത്ര അത്യാവശ്യമല്ലാത്ത, ഒരാവശ്യവുമില്ലാത്തത് എന്ന് ഇപ്പോൾ പറയാൻ പറ്റുമോ, ഒരു പദ്ധതിയുടെ കാര്യത്തിൽ പുനർവിചിന്തനം ഉണ്ടാവേണ്ടത് സർക്കാരിനാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ശേഷം സംസ്ഥാനത്തിന് ഇല്ലെല്ലോ', അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സമരത്തിൽ ലീഗ് ഇല്ലല്ലോ എന്ന ചോദ്യത്തിന് നമ്മളാരും ലീഗുകാരല്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം. കോഴിക്കോട് സമരം ചെയ്തത് ഞാനാണ്. സംസ്ഥാന സെക്രട്ടറിയായിരുന്നു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. ഇവരൊക്കെ ലീഗിന്റെ മെമ്പർഷിപ്പ് കാർഡ് കാണിച്ചു തരണോ വിശ്വസിക്കാൻ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.