കൽപ്പറ്റ: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രചരണ യോഗത്തിൽ പങ്കെടുക്കുമോ? ഇല്ലന്നെ് ഏത് സാധാരണക്കാരനും കണ്ണും പൂട്ടി പറയുമെങ്കിലും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന് ഇക്കാര്യത്തിൽ സംശയം തീർന്നിട്ടില്ല. വെള്ളിയാഴ്ചത്തെ വീക്ഷണം പത്രത്തിന്റെ ബാക്ക് പേജിലാണ് ശ്രദ്ധേയമായ വാർത്തയും പടവുമുള്ളത്. വിവാദങ്ങൾക്ക് അൽപ്പായുസ്സ് എന്ന തലക്കെട്ടിൽ കുഞ്ഞാലിക്കുട്ടിയുടെ വയനാട്ടിലെ വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളുടെ വാർത്തയാണ് പണി പറ്റിച്ചത്. കളറിൽ നാലു കോളത്തിൽ കൊടുത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിനൊപ്പമുള്ള ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറുപ്പിൽ യുഡിഎഫിനുപകരം ബിജെപിയെന്നാണ് വന്നത്.

'സുൽത്താൻ ബത്തേരിയിൽ നടന്ന ബിജെപി പ്രചരണ യോഗത്തിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു', എന്നാണ് പടത്തിന്റെ ക്യാപ്ഷൻ. തെറ്റുകൾ ധാരാളമായി പത്രത്തിൽ വരാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് പത്രത്തിൽ നിന്ന് ഇത്തരമൊരു പണി കിട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നില്ല. വീക്ഷണം പത്രത്തോട് കോൺഗ്രസുകാർക്ക് വരെ വലിയ താത്പര്യമൊന്നുമില്ല. പക്ഷെ പത്രം ഇടയ്ക്കിടെ നൽകുന്ന മുട്ടൻ അടികൾ സാമാന്യം നല്ല രീതിയിൽ തന്നെ കോൺഗ്രസുകാരെ പ്രയാസത്തിലാക്കാറുമുണ്ട്. പാർട്ടിക്കാർ പത്രം വാങ്ങാത്തതുകൊണ്ട് സാക്ഷാൽ വി എം സുധീരൻ തന്നെ ഇത്തവണ രംഗത്തിറങ്ങിയിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വീക്ഷണം വരിക്കാർക്ക് മാത്രമെ സീറ്റ് നൽകുകയുള്ളുവെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ പ്രാദേശിക നേതാക്കളാരും ഈ നിർദ്ദേശം അനുസരിച്ചില്ല. അതോടെ വീക്ഷണത്തിന് വരിക്കാരെ ചേർക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കവും പാളി.

തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പടവും വാർത്തയും എളുപ്പം വിവാദമായി. മലപ്പുറത്ത് നിന്നും ലീഗ് നേതാക്കളുടെ തെറി കേട്ട് മടുത്ത മലപ്പുറം ഡിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവർ വീക്ഷണം ഓഫീസിൽ വിളിച്ച് ശകാരം ആരംഭിച്ചു. ഈ പത്രമായിരുന്നോ മത്സരിക്കേണ്ടവർ നിർബന്ധമായും വാങ്ങണ്ടേത് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. തെറ്റുകൾ പത്രത്തിൽ സ്വാഭാവികമാണെങ്കിലും ഇത്തരത്തിലൊരു തെറ്റ് യാതൊരു കാരണവശാലും സഹിക്കാൻ കഴിയില്ലെന്നെും കോൺഗ്രസ് നേതാക്കൾ പറയുന്നു.

വിവാദമായ മുഖപ്രസംഗങ്ങളും മറ്റും നൽകി പാർട്ടി നേതൃത്വത്തെ ഇടക്കിടെ പ്രതിസന്ധിയിലാക്കുന്നത് വീക്ഷണത്തിന്റെ പതിവാണ്. സഖ്യകക്ഷികളെ ഉൾപ്പെടെ കാരണമില്ലാതെ അപമാനിക്കുക, ചില പാർട്ടി നേതാക്കളെ മനഃപൂർവ്വം തോണ്ടുക തുടങ്ങിയവയെല്ലാം പത്രത്തിന്റെ സ്ഥിരം ഏർപ്പാടാണ്. ഒരിക്കൽ ഒന്നാംപജിലെ ലീഡ് വാർത്തക്ക് ഉമ്മൻ ചാണ്ടിയെന്നതിന് പകരം 'ഉമ്മൻചണ്ടി'യെന്നാണ് വീക്ഷണം വെണ്ടക്ക നിരത്തിയത്. ഈ പൊല്ലാപ്പുകൾക്കിടയിലാണ് പുതിയ വിവാദവും.