- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ! വോട്ടർപട്ടികയിൽ നിന്നും പേരുമാറ്റാൻ പരാതി നൽകിയവർക്ക് ബിഎൽഒയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം ലഭിച്ചത് 'സഖാവ്' ജീവിച്ചിരിപ്പുണ്ടെന്ന് മറുപടി
കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞന്തൻ മരിച്ചു എന്നതാണ് ജയിൽ വകുപ്പിന്റെ ഒഫീഷ്യൽ റെക്കോർഡിലുള്ളത്. അതേസമയം ഇതേക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ പട്ടിക പരിശോധിച്ചാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് എന്ന കണ്ട് അന്തംവിടും. അതുപോലെ പിഴവുകൾ ചേർന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇരട്ടവോട്ട് വിവാദത്തിൽ പുറത്തുവരുന്ന വിവരങ്ങളിൽ ഞെട്ടുകയാണ് കേരളം.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉണ്ടെന്നതാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നത്. അതും മരിച്ചയാളുടെ പേരു നീക്കണം എന്നു കാണിച്ചു നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയ ശേഷമാണ് ഈ റിപ്പോർട്ട് എന്നു കൂടി വ്യക്തമാകുമ്പോൾ വോട്ടർപട്ടികയിലെ തട്ടിപ്പിന്റെ ആഴം വ്യക്തമാകും.
കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക്, ഫീൽഡ് വെരിഫിക്കേഷനിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായതായി മറുപടി ലഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് മറുപടി കിട്ടിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കണ്ണൂരിൽ സമാനമായ വിധത്തിൽ മരിച്ചവരുടെ പേര് വോട്ടർപട്ടികയിൽ നിന്നും നീക്കാത്ത സംഭവങ്ങൾ ഉണ്ടെന്ന് കെ സുധാകരൻ അടക്കമുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ ശരിവെക്കും വിധത്തിലാണ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന ഫീൽഡ് വെരിഫിക്കേഷൻ റിപ്പോർട്ടുമുള്ളത്.
അന്തരിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെയും വോട്ടർപട്ടികയിൽ അമരനാക്കിയ ഇലക്ഷൻ കമ്മീഷൻ മാജിക്കിൽ പൊതുജനം അന്തംവിടുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബിഎൽഒയുടെ പരിശോധനാ റിപ്പോർട്ടായിരുന്നു കുഞ്ഞനന്തനെ അമരനാക്കിയത്. അതേസമയം ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിഷയത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഇരട്ടവോട്ടുള്ളവർക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ കർശന നിബന്ധനകളുമായി അധികൃതർ രംഗത്തുണ്ട്. ഇരട്ട വോട്ടുള്ളവർക്ക് രണ്ട് തിരിച്ചറിയൽ രേഖകൾ ഹാജരാക്കണമെന്നും ഒപ്പിനൊപ്പം വിരലടയാളവും നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. വോട്ടറുടെ ഫോട്ടോ ശേഖരിക്കുന്നതിനൊപ്പം വിരലിലെ മഷി ഉണങ്ങിയെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കും. വോട്ടു ചെയ്യുന്ന ഫോട്ടോകൾ പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കുകയും ചെയ്യും.
അതിനിടെ ചെന്നിത്തലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തുകയുണ്ടായി. വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം. ഇരട്ടവോട്ട് സംബന്ധിച്ച വിരങ്ങൾ ചെന്നിത്തല പ്രസിദ്ധീകരിച്ച് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിക്കുന്നത്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങൾപ്രസിദ്ധീകരിച്ചതെന്നും ഇത് ഗൗരവമായ നിയമപ്രശ്നമാണന്നും കുറ്റപ്പെടുത്തിയ അദ്ദേഹം നടപടി സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കി.
ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷൻ ട്വിൻസ് വെബ്സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ്.
മറുനാടന് മലയാളി ബ്യൂറോ