- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വം
മലപ്പുറം: അടുത്തകാലത്തായി ഏറ്റവും വളർച്ചയുണ്ടാക്കിയ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ ബിജെപി ബഹുദൂരം മുന്നിലാണെങ്കിൽ പിന്നാലെ മുന്നേറ്റം അവകാശപ്പെടാൻ സാധിക്കുന്ന പാർട്ടി അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മാണ്. ഈ രാഷ്ട്രീയ പാർട്ടിയുടെ വളർച്ച അതിവേഗത്തിലായതിനാൽ കേരളത്തിൽ മുസ്ലിംലീഗ് അടക്കമുള്ളവർ ഭയക്കേണ്ട അവസ്ഥയിലാണ്. മുസ്ലിംവോട്ടുബാങ്കിനെ ലക്ഷ്യം വെക്കുന്ന ഒവൈസിയും കൂട്ടരും കേരളത്തിൽ കളത്തിൽ ഇറങ്ങുന്നതിനെ ഭയക്കുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ ലീഗുകാരും. അതുകൊണ്ട് തന്നെ ഒവൈസിയുടെ പാർട്ടിയുമായുള്ള അകലം പാലിച്ചുപോകാനാണ് അവർ ഉദ്ദേശിക്കുന്നത്.
ഒവൈസിയുടെ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചു. ഹൈദരാബാദിൽ ഉവൈസിയുടെ പാർട്ടിയെ ലീഗ് പിന്തുണയ്ക്കുന്നെന്ന വാർത്തകൾ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.പി.എയ്ക്കകത്തല്ലാതെ ആരുമായും സഹകരണത്തിന് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒവൈസി പലയിടത്തും ബിജെപിക്ക് സഹായകരമാകുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിനാണ് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ പിന്തുണയ്ക്കുന്നെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ബീഹാറിലെ പോരാട്ട ചൂടിൽ മോദി ഫാക്ടറിനെ വിജയിപ്പിച്ച അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) കൂടുതൽ കളികൾക്ക് ഇറങ്ങുന്നതായുള്ള സൂചനകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഉത്തർ പ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ കൂടി മൽസരിക്കുമെന്ന് ഒവൈസി നേരത്തെ അറിയിച്ചിരുന്നു. ബിഹാറിൽ 20 സീറ്റുകളിലാണ് എഐഎംഐഎം മൽസരിച്ചത്. ഇതിൽ അഞ്ചിടത്ത് ജയിച്ചു.
ഇന്ത്യ മുഴുവൻ വേരുകളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് അസദുദ്ദീൻ ഒവൈസിക്കുള്ളത്. ഹൈദരാബാദിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നെത്തി അസാധ്യമെന്ന് കരുതിയത് നേടുകയാണ് ഒവൈസി. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം തന്റെ പക്ഷത്തെത്തിച്ച് പുതിയൊരു രാഷ്ട്രീയ അധികാര കേന്ദ്രമാവുകയാണ് ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്ത് ഒവൈസി നേടുന്നതിന് തെളിവാണ് ബീഹാറിലെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ അമിത് ഷായെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് ഒവൈസി ചർച്ചകളിൽ നിറഞ്ഞിരുന്നു. ധൈര്യമുണ്ടെങ്കിൽ ഹൈദരാബാദിൽ മത്സരിക്കൂ എന്ന് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഒവൈസി വെല്ലുവിളിച്ചിരുന്നു .
കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉന്നിയിക്കുന്ന ദേശീയ നേതാവ് കൂടിയാണ് അസദുദ്ദീൻ ഒവൈസി. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ അതിൽ ഇടപെടരുതെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. ആവശ്യമില്ലാതെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ തലയിടരുതെന്നാണ് ഒവൈസിയുടെ വിമർശനം. കാശ്മീരിലെ യുവസമൂഹം ഇന്ത്യയ്ക്ക് വേണ്ടപ്പെട്ടതാണെന്നും ഒവൈസി കൂട്ടിച്ചേർത്തിരുന്നു. അങ്ങനെ ദേശീയ നിലപാടുമായി വോട്ടുകൾ നേടുകയാണ് ഒവൈസിയെന്ന രാഷ്ട്രീയക്കാരൻ. ഇന്ത്യൻ മുസ്ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന ഒവൈസി ഒരേ സമയം ബിജെപിയേയും കോൺഗ്രസിനേയും വിമർശിച്ചാണ് മുന്നോട്ട് പോകുന്നത്. തെലുങ്കാനയിൽ വൈഎസ് ആർ റഡ്ഡിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും ഒവൈസിയുടെ തന്ത്രമാണ്.
കോൺഗ്രസ് പൂർണ്ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവച്ചാൽ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ഒവൈസി വിമർശിക്കുന്നു. കോൺഗ്രസ് പാർട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുൽ ഗാന്ധി കപ്പൽ മുങ്ങുന്നതിന് മുൻപ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടുവെന്നും ഒവൈസിയുടെ പരിഹാസം ദേശീയ രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതുമാണ്. 'ഇന്ത്യൻ മുസ്ലിംകളെ പാക്കിസ്ഥാനികൾ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരണം. കുറ്റക്കാരെ മൂന്നു വർഷം ജയിലിൽ അടയ്ക്കണം. മുഹമ്മദലി ജിന്നയുടെ 'രണ്ടു രാജ്യം' എന്ന ആവശ്യത്തെ നിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്ലിംകൾ. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്ലിംകളെ കാണുന്നതെന്നും ഒവൈസി പറയുമ്പോൾ നിറയുന്നത് രാജ്യ സ്നേഹമാണ്.
ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഇന്ന് പിടികിട്ടാത്ത ചോദ്യമാണ്. ബിജെപിയെ വിമർശിച്ച് അവരെ വിജയിപ്പിക്കുന്ന രാഷ്ട്രീയ വക്താവ്. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വഹാദ് ഉവൈസി, മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിയെൻനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഒവൈസി 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ അച്ഛൻ അന്തരിച്ചു.
2004 മുതൽ ഹൈദരാബാദ് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലിം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം സമൂഹം അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്. ബീഹാറിലും മതാടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണത്തിലാണ് ഒവൈസിയും ഊന്നുന്നത്. ഇംഗൽഷിലും ഉറുദുവിലും ഹിന്ദിയിലും തീപ്പൊരിപ്രസംഗങ്ങൾ നടത്തുന്ന ഒവൈസി അവകാശപ്പെടുന്നത് താൻ ഇന്ത്യൻ മുസ്ലിങ്ങളുടെ ശബ്ദമാണെന്നാണ്. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം മുസ്ലിങ്ങളിലുണ്ടായിട്ടുള്ള ആശങ്കയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ചില ബിജെപി. നേതാക്കളുടെ തീവ്രഹിന്ദുത്വസമീപനങ്ങൾ മുസ്ലിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഹിന്ദുക്കളെ രാം കാ ബച്ചാ എന്നും മറ്റുള്ളവരെ ഹറാം കാ ബച്ചാ എന്നും വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ പോകട്ടെ എന്നുവരെയുള്ള ചില പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ ഒവൈസി ചൂണ്ടിക്കാട്ടുന്നു.
ലണ്ടിനിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയിട്ടുള്ള ഈ നേതാവ് ലക്ഷ്യമിടുന്നത് മുസ്ലിം യുവാക്കളെയാണ്. നഗരങ്ങളിലെ 13 ശതമാനത്തോളം മുസ്ലിം യുവാക്കൾ തൊഴിൽരഹിതരാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായുള്ള അംഗസംഖ്യ നിയമസഭകളിലോ പാർലമെന്റിലോ ഇല്ലെന്നുകാണിക്കാൻ അദ്ദേഹം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നു. തേതരപാർട്ടികൾ മുസ്ലിങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ഒരു മുസ്ലിം പാർട്ടിയായ എം.ഐ.എമ്മിനെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. ''മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ്'' ഒവൈസിയുടെ പ്രസംഗങ്ങളിൽ ഈ ശബ്ദം ഉയർന്നുകേൾക്കാം.
മറുനാടന് മലയാളി ബ്യൂറോ