കോഴിക്കോട്: സിപിഐഎം എന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം പലപ്പോഴും തോൽക്കുന്നത് മാദ്ധ്യമങ്ങൾക്ക് മുമ്പിലാണ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു അത്ഭുതമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ കാര്യങ്ങൾ പരിശോധിച്ചാൽ ഇത് വളരെ വ്യക്തമാകുകയും ചെയ്യും. സിപിഎമ്മിലെ വിഭാഗീയതയുടെ പക്ഷം പിടിച്ചും പൊടിപ്പും തൊങ്ങലും വച്ചും മാദ്ധ്യമങ്ങൾ എഴുതിക്കൂട്ടിയ കാര്യങ്ങൾക്ക് ഒരു കൈയും കണക്കുമില്ല. വീരേന്ദ്രകുമാറിന്റെ പാർട്ടിയായ ജനതാദൾ വിഭാഗം ഇടതുമുന്നണി വിട്ടതോടെ മാതൃഭൂമിയെന്ന പ്രമുഖ പത്രവും ഇടതുപക്ഷത്തിനൊപ്പമായി. ഇതോടെ ഇടതുപക്ഷ മാദ്ധ്യമമെന്ന ലേബലുള്ള ഏകപത്രം ദേശാഭിമാനി മാത്രമായി. മറ്റ് പത്രങ്ങളെല്ലാം തന്നെ വലതുപക്ഷ മാദ്ധ്യമങ്ങളായാണ് അറിയപ്പെടുന്നത്.

ഇങ്ങനെ വലതുപക്ഷ മാദ്ധ്യമങ്ങൾ സിപിഐ(എം) എന്ന പ്രസ്ഥാനത്തിന് എതിരായി നിലകൊള്ളുന്ന കാലത്ത് പ്രവർത്തകർ കൂടുതൽ ജാഗരൂകരാകാൻ നിർദ്ദേശിച്ചു കൊണ്ട് പാർട്ടി തന്നെ രംഗത്തുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടതെന്ന് വിശദീകരിക്കാൻ ചില പ്രസംഗങ്ങൾ സിപിഐ(എം) സൈബർ ലോകത്തും പ്രചരിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് പി കെ പ്രേമനാഥിന്റെ പ്രസംഗമാണ് സൈബർ ലോകത്ത് ശ്രദ്ധേയമായ ഒരു പ്രസംഗം. കേരളത്തിലെ മാദ്ധ്യമങ്ങളെല്ലാം വലതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പി കെ പ്രേംനാഥ്.

കേരളത്തിലെ വർത്തമാന പത്രങ്ങളായ മാതൃഭൂമി, മനോരമ, മാദ്ധ്യമം, കേരളാ കൗമുദി, ദീപിക തുടങ്ങിയ മിക്ക പത്രങ്ങളും സിപിഐ(എം) വിരുദ്ധമാണെന്ന് പ്രേമംനാഥ് പ്രസംഗത്തിൽ പറയുന്നു. മനോരമ ലേഖകൻ സിപിഐ(എം) വിരുദ്ധ വാർത്തകൾ എഴുതുന്നത് ടാറിൽ മുക്കിയാണെന്നാണ് പ്രേംനാഥിന്റെ പക്ഷം. മാതൃഭൂമിയെ കുറിച്ച് പറയുന്നതാകട്ടെ ഇങ്ങനെയാണ്: 'വഴിയെ നടന്നു പോകുന്ന ഒരാളെ മൂരി കുത്തിയാൽ ആ മൂരിക്ക് സിഐടിയു ബന്ധമുണ്ടോ എന്ന പരിശോധിക്കാൻ പ്രാദേശിക ലേഖകനെ ചെല്ലും ചെലവും കൊടുത്തു പറഞ്ഞയക്കുന്ന് പാരമ്പര്യത്തിൽ നിന്നും തെല്ലും പിറകോട്ട് പോയിട്ടില്ല മാതൃഭൂമി.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും പ്രേംനാഥ് നിശിദമായി പ്രവർത്തിക്കുന്നു. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദൃശ്യമാദ്ധ്യമമാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് നേരോടെ നിർഭയം നിരന്തരം എന്നാണ് ഏഷ്യാനറ്റിന്റെ ആപ്തവാക്യം. എന്നാൽ, ഈ ചാനൽ ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന പണിക്കാണെങ്കിൽ ഈ വാചകങ്ങൾ എടുത്തമാറ്റാൻ സമയമായി. വേരോടെ എന്നാക്കാനാണ് സമയമായിരിക്കുന്നത്. നിർഭയം എന്നത് നിർദയം..എന്നാക്കണം. നിരന്തരം തെണ്ടിത്തരം എല്ലാ ദിവസവും എന്നുമാക്കണമെന്നും പ്രേംനാഥ് നിർദ്ദേശിക്കുന്നു.

സാമാന്യ സത്യങ്ങളെ പോലും കഴുത്ത് മുറിച്ച് പൊൻതളികയിലാക്കി തമ്പുരാക്കന്മാരുടെ പാദാരവിന്ദങ്ങലിൽ കൊണ്ടുചെന്നാക്കലാണ് വലതുപക്ഷ മാദ്ധ്യമങ്ങളുടെ സ്ഥിരം ശൈലി. സത്യം വദ ധർമ്മം ചര എന്ന വാക്കുകൾ മറന്നാണ് പലരുടെയും പ്രവർത്തനം. എന്നാൽ, ഇടതുപക്ഷത്തിന് എതിരായി മാത്രം. വിമർശനം ഉയരുമ്പോൾ പ്രതികരിച്ചാൽ ഇവർ പറയുക ഇടതുപക്ഷക്കാർ കാട്ടുന്ന കൊള്ളരുതായ്മകൾ നാട്ടുകാർ അറിയുമെന്ന ഭയമാണോ എന്നതാണെന്നും പ്രേംനാഥ് പറയുന്നു. മഞ്ചേരിയിൽ വച്ച് നടന്ന ഉണ്ണിത്താൻ സംഭവവും ഉദാഹരണമായി ഡിവൈഎഫ്‌ഐ നേതാവ് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന് അനുകൂലവും വലതുപക്ഷത്തിന് എതിരുമാണ് ഉണ്ണിത്താൻ സംഭവം എന്നതിനാൽ ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ മൗനം പാലിക്കുകയായിരുന്നുലെന്നും അദ്ദേഹം പറയുന്നു.

പാലോട് വച്ച് നടത്തിയ പ്രസംഗം ചുവടേ കേൾക്കാം.

മാറിയ മാദ്ധ്യമ സംസ്കാരത്തെക്കുറിച്ച് സഖാവ് പി കെ പ്രേംനാഥ്

Posted by മംഗലശ്ശേരി നീലകണ്ഠൻ on Sunday, July 19, 2015