കണ്ണൂർ: കോൺഗ്രസ്സ് വിമതൻ പി.കെ.രാഗേഷ് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. കണ്ണൂർ പ്രസ്സ് ക്ലബിൽ വാർത്താസമ്മേളനത്തിൽ മറ്റ് വിമതർക്കൊപ്പം രാഗേഷ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് രാഗേഷ് അറിയിച്ചു. കോൺഗ്രസ്സിനു വേണ്ടി ജീവനും രക്തവും നൽകിയ തന്നെപ്പോലുള്ളവർക്ക് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ ഒത്തു തീർപ്പു വ്യവസ്ഥകൾ പോലും കാറ്റിൽ പറത്തിയ നേതൃത്വമാണ് കണ്ണൂരിലുള്ളതെന്ന് രാഗേഷ് ആരോപിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കിടക്കപ്പായയിലായിരുന്ന തന്നെ വിളിച്ചു വരുത്തിയാണ് ഒത്തു തീർപ്പു സംഭാഷണം നടത്തിയത്. എന്നാൽ അതിനിടെ കെ.എം. ഷാജി. എംഎ‍ൽഎ. മുഖ്യമന്ത്രിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. എല്ലാം ശരിയാക്കാം എന്നും തിരിച്ചു വരുമ്പോൾ കാണാമെന്നും പറഞ്ഞ മുഖ്യമന്ത്രി ഉദുമയിലെത്തി കെ.സുധാകരനെ കണ്ടപ്പോൾ അനുരഞ്ജന ചർച്ചയെല്ലാം അട്ടിമറിക്കപ്പെട്ടു. സുധാകരനോ ഷാജിയോ ആരാണ് അനുരഞ്ജന തീരുമാനം തകർത്തതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ- രാഗേഷ് പറഞ്ഞു.

ഏറെ നാളായി ജില്ലാ കോൺഗ്രസ്സിനകത്ത് നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാതിരുന്നാൽ ആർക്കാണ് ലാഭം? സുധാകരന്റെ വിശ്വസ്തനായ കെ.സുരേന്ദ്രൻ ഡി.സി.സി. പ്രസിഡണ്ടായശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ ദയനീയമായി തോറ്റു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാവുന്ന കണ്ണൂർ കോർപ്പറേഷനിൽ ഭരണത്തിൽ നിന്നും യു.ഡി.എഫ്. പുറത്തായി. രാഷ്ട്രീയ സദാചാരമുണ്ടെങ്കിൽ തന്റെ വോട്ടു വാങ്ങി കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായവർ പദവി രാജി വെക്കണം.

കണ്ണൂർ ജില്ലയിൽ എവിടെ മത്സരിച്ചാലും കെ.സുധാകരൻ പരാജയപ്പെടും. പരാജയ ഭീതി പൂണ്ട സുധാകരൻ ഉദുമയിൽ അഭയം തേടിയിരിക്കയാണ്. അവിടെ ദയനീയ പരാജയമാണു കാത്തിരിക്കുന്നത്. കെ.സുധാകരന്റെ ഏകാധിപത്യം അംഗീകരിച്ചു കൊടുക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി. പ്രസിഡന്റ് വി എം. സുധീരനുമാണ്. അവർ അതിന് ഭാവിയിൽ അനുഭവിക്കേണ്ടി വരുമെന്നും രാഗേഷ് മുന്നറിയിപ്പു നൽകി.