തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിക്കു തന്നെ കാരണമായ ബന്ധുനിയമനവിവാദം കണ്ണൂർ എംപിയുടെയും സ്ഥാനം തെറിപ്പിക്കുമോ. ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ കണ്ണൂർ എംപി പി കെ ശ്രീമതിയും രാജിക്കൊരുങ്ങുന്നതായാണു സൂചന. മംഗളമാണ് ഈ വാർത്ത പുറത്തുവിട്ടത്.

കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായാണു മംഗളത്തിന്റെ വാർത്ത. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ (കെ.എസ്.ഐ.ഇ.) എം.ഡിയായി ശ്രീമതിയു െമകൻ പി.കെ. സുധീറിനെ നിയമിച്ചതിന് പിന്നിൽ ശ്രീമതിയുടെ സമ്മർദ്ദവും ഉണ്ടായിരുന്നുവെന്ന് സിപിഎമ്മിൽ വിമർശനമുയരുന്നതിനിടെയാണ് രാജിസന്നദ്ധത അറിയിച്ചതെന്നും വാർത്തയിൽ പറയുന്നു.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂർ എംപിയുമായ പി.കെ. ശ്രീമതി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും ബന്ധു നിയമനത്തിന്റെ പേരിൽ വിവാദങ്ങളിൽപ്പെട്ടിരുന്നു. അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതിയുടെ മകന്റെ ഭാര്യയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും പിന്നീട് സ്ഥാനക്കയറ്റം നൽകുകയും ചെയ്തത് പാർട്ടി ഇടപെട്ട് തിരുത്തുകയായിരുന്നു. ഇത്തവണയും അതേ തെറ്റ് ആവർത്തിച്ച് സ്വന്തം മകനെ തന്നെ വ്യവസായ വകുപ്പിലെ ഉന്നത സ്ഥാനത്ത് തിരുകിക്കയറ്റാൻ ശ്രമിച്ചു എന്നതാണ് ഇപ്പോൾ പാർട്ടിക്കകത്ത് ഉയർന്നിരിക്കുന്ന വിമർശനത്തിന് ആധാരം.

അനാവശ്യ വിവാദമുണ്ടാക്കി വ്യക്തിഹത്യ നടത്താൻ ചിലർ ശ്രമിക്കുന്നു എന്ന ആരോപണവും അവർ ഉയർത്തുന്നുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വം താൻ കുറ്റക്കാരിയാണെന്ന് പുറയുന്ന സാഹചര്യത്തിൽ ജനപ്രതിനിധിയായി തുടരുന്നത് ധാർമ്മികതയ്ക്ക് ചേരുന്നതല്ലെന്നും അവർ പറയുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം നടന്ന കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ വാശിയേറിയ മൽസരത്തിലാണ് കെ. സുധാകരനെ പരാജയപ്പെടുത്തി പി.കെ. ശ്രീമതി വിജയിച്ചത്. 6566 വോട്ടിന്റെ മാത്രം ഭൂരിപക്ഷം. കാലങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ ശ്രീമതിയുടെ രാജിയെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കാര്യങ്ങൾ അത്ര സുഖകരമാകില്ലെന്ന് സിപിഐ(എം). നേതൃത്വം മനസിലാക്കുന്നുണ്ട്. അതിനാൽ തന്നെ രാജിവയ്ക്കാനുള്ള ശ്രീമതിയുടെ സന്നദ്ധത പാർട്ടി അംഗീകരിക്കാനിടയില്ലെന്നാണു സൂചന.

വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ സിപിഐ(എം). നേതൃത്വം ആവശ്യപ്പെടും. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ മാത്രം രാജിയടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണ് നേതൃത്വം. എന്നാൽ, സംഘടനാ പരമായ അച്ചടക്ക നടപടി ഉണ്ടാവുകയാണെങ്കിൽ രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് പി.കെ. ശ്രീമതിയുടെ തീരുമാനമെന്നും വാർത്തയിൽ പറയുന്നു.