മലപ്പുറം: കഴിഞ്ഞ ജൂൺ 8ന് നൂറാം പിറന്നാൾ ആഘോഷിക്കുമ്പോൾ പി.കെ. വാര്യർ കോവിഡിന്റെ പിടിയിൽ. പിന്നീട് അദ്ദേഹം കോവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.25-ഓടെയാണ് മരണം സംഭവിച്ചത്.

ആയുർവേദ കുലപതിയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയരുടെ പിറന്നാൾ ഇടവ മാസത്തിലെ കാർത്തിക നാളിലാണ്. മുൻ വർഷങ്ങളിൽ അടുത്ത ബന്ധുക്കൾക്കൊപ്പം കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിൽ ലളിതമായി ആഘോഷിച്ചിരുന്ന പിറന്നാളും ഇത്തവണയുണ്ടായിരുന്നില്ല. യൂറിനറി ഇൻഫെക്ഷൻ മൂലം വിശ്രമത്തിലാണെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചിരുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ആഘോഷം മാറ്റിവച്ച് ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക പരിപാടികൾ ഓൺലൈനായാണ് നടത്തിയത്. ശതപൂർണ്ണിമ എന്നു പേരിട്ട നൂറാം പിറന്നാളാഘോഷം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.കോവിഡ് സാഹചര്യങ്ങൾ മാറിയാൽ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങൾ ചിത്രപ്രദർശനം വാർഷിക ആയുർവേദ സെമിനാർ തുടങ്ങിയവയും നടത്താനും തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദത്തിന്റെ കേന്ദ്രമാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയതിൽ വാര്യർ അവർണ്ണനീയമായ പങ്കുവഹിച്ചിട്ടുണ്ട്.

അതേ സമയം പ.കെ. വാര്യരുടെ 100-ാംജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തോടുള്ള ആദര സൂചകമായി കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങൾക്ക് കോട്ടക്കൽ ആയുർവേദശാല ജീവനക്കാർ വീട് നിർമ്മിച്ചുനൽകാനും തീരുമാനിച്ചിരുന്നു.. ശതപൂർണ്ണിമ എന്ന പേരിൽ പി.കെ.വാര്യരുടെ ജന്മദിനം നാടു മുഴുവൻ ഏറ്റെടുത്ത് ആഘോഷിക്കുന്ന സന്ദർഭത്തിൽ ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ അവസരംലഭിച്ച 2500 ഓളം ജീവനക്കാർഒത്തുചേർന്നാണ് സ്നേഹഭവനം കൈമാറാൻ തീരുമാനിച്ചതെന്നായിരുന്നു ഭാരവാഹികൾ പറഞ്ഞിരുന്നത്.

1921ലാണ് പി.കെ വാര്യരുടെ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാലയിൽ നിന്ന് ആയുർവേദത്തിൽ ഡിപ്ലോമ നേടി. 1947 ൽ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയിൽ നിയമനം. 1953 ൽ രണ്ടാ മത്തെ മാനേജിങ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിച്ചതിൽ ഡോ. പി.കെ. വാരിയർക്കുള്ള പങ്ക് നിസ്തുലമാണ്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡി സിനൽ പ്ലാന്റ് റിസർച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നൽകി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലിൽ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിർദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകൾ ഉൾക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉൾക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചൻകോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുൻകയ്യെടുത്തു. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.

സ്മൃതിപർവം എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1999 ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്. 1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഉ.ടര. അവാർഡും നൽകി. 1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, പാർവ്വതി എന്ന കുഞ്ചി വാരസ്യാർ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കൾ.ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയർ. മക്കൾ: ഡോ.കെ.ബാലചന്ദ്ര വാരിയർ, കെ.വിജയൻ വാരിയർ (പരേതൻ), സുഭദ്രാ രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി,രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്ര വാരിയർ