- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിക്കേണ്ടത് വിശക്കുമ്പോൾ മാത്രമെന്ന് വിശ്വസിച്ചു, പഠിപ്പിച്ചു; രോഗത്തിന്റെ കാരണവും പ്രതിവിധിയും ജീവിതരീതി തന്നെ എന്നു തെളിയിച്ചത് നൂറ്റാണ്ട് പിന്നിട്ട സ്വന്തം ജീവിതത്തിലുടെ; ദിവസത്തിൽ കൂടുതലും ചെലവഴിച്ചത് രോഗികൾക്കും മരുന്നിനുമൊപ്പം; ഒരു നുറ്റാണ്ട് പിന്നിട്ട കർമ്മപഥങ്ങൾ താണ്ടി വൈദ്യകുലപതി വിടവാങ്ങുമ്പോൾ
കോട്ടയ്ക്കൽ: യുഗാന്ത്യം എന്നൊക്കെ അക്ഷരം പ്രതി ചേരുന്ന ചില വിടപറയലുകൾ ഉണ്ട്.അത്തരത്തിൽ ഒന്നാണ് വൈദ്യകുലപതി ഡോ പി കെ വാര്യരുടെ നിര്യാണം.ഇത്തരത്തിൽ ഒരു മനുഷ്യജന്മം ഇനി ഉണ്ടാകുമോ എന്നതുപോലും സംശയമാണ്.ആയുർവേദത്തെ ശാസ്ത്രീയമാനം നൽകി ആ ചികിത്സാ രീതിയുടെ തന്നെ പര്യായമായി മാറുകയായിരുന്നു അദ്ദേഹം. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ജീവിതം പോലെ തോന്നുമെങ്കിലും സന്യാസ സമാനമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.മരുന്നിനും രോഗികൾക്കുമായി മാത്രം മാറ്റിവെച്ച ജീവിതമാണ് ഒരു നുറ്റാണ്ടി പിന്നിട്ട കർമ്മപഥങ്ങൾ താണ്ടി പൂർത്തിയാകുന്നത്.
ജീവിതരീതിയാണ് ഒട്ടുമിക്ക രോഗത്തിന്റെയും കാരണമെന്നും പ്രതിവിധിയെന്നുമാണ് പികെ വാര്യരുടെ മതം.ഇത് അദ്ദേഹം തെളിയിച്ചു തന്നത് അദ്ദേഹത്തിന്റെ ജീവത്തിൽ കൂടി തന്നെയാണ്.അതിരാവിലെ നാലു മണിക്ക് വാരിയർ ഉണരും. പ്രഭാതകർമങ്ങൾക്കു ശേഷം ദേവീകവചം, മാർക്കാണ്ഡേയ സ്തോത്രം, നാരായണീയം അവസാന പത്ത് എന്നിവ ചൊല്ലിക്കഴിഞ്ഞാൽ പത്തായപ്പുരയിൽനിന്ന് താഴേക്കിറങ്ങും. അമ്മാവന്റെ സമാധിസ്ഥലത്ത് വിളക്കു കൊളുത്തി പ്രാർത്ഥിച്ച് പ്രദക്ഷിണം വെക്കും. പിന്നെ അല്പസമയം അഷ്ടാംഗഹൃദയം വായനയാണ്. 5.50-ന് വന്ദേമാതരം കേൾക്കൽ നിർബന്ധം. അതിനു ശേഷം 7.30-ന് പ്രഭാതഭക്ഷണം, ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ. പിന്നെ രോഗികളെ കാണാനുള്ള സമയമാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെ അല്പം ചോറും പഴുത്ത പഴങ്ങളും ഉണങ്ങിയ പഴങ്ങളും. സാമ്പാറും രസവുമൊന്നും ഉപയോഗിക്കാറില്ല. അല്പസമയം വിശ്രമിച്ചതിനു ശേഷം വീണ്ടും ഓഫീസിലേക്ക്. വൈകുന്നേരം കുറച്ച് ചായയോ കാപ്പിയോ. ലഘുഭക്ഷണം കൂടുതലും പഴങ്ങളാവും. ഇതിനിടയിൽ പത്രം വായിക്കാനും ടി.വി. കാണാനും കുറച്ചു സമയം. തല കുളിക്കുന്നത് ആഴ്ചയിൽ രണ്ടു പ്രാവശ്യം മാത്രം.ഇളനീർവെള്ളം നന്നായി കുടിക്കും.സന്ധ്യക്ക് കുളിയും പ്രാർത്ഥനയും കഴിഞ്ഞ് ഏഴരയോടെ രാത്രിഭക്ഷണം തീർക്കും. രാത്രി ഒമ്പതരയോടെ കിടക്കാൻ പോകും. അതിനു മുമ്പ് അല്പം അഗസ്ത്യരസായനം കഴിക്കും.മുമ്പൊക്കെ അരിമേദാദി തൈലം പഞ്ഞിയിലാക്കി പല്ലിൽവെക്കുമായിരുന്നു. പല്ലിന്റെ ഉറപ്പിനും ആരോഗ്യത്തിനുമാണത്. അണുതൈലംകൊണ്ട് നസ്യവും പതിവുണ്ടായിരുന്നു.100 വയസുവരെ ആയുർവേദ കുലപതി ഇങ്ങനെ ചിട്ടയോടെയാണ് ജീവിച്ചത്.
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതായിരുന്നു രീതി. ഗോതമ്പിന്റെ ഭക്ഷണമാണ് കൂടുതലിഷ്ടം. വലിയമ്മാവൻ പി.എസ്. വാരിയർക്കും ഇതുതന്നെയായിരുന്നു ശീലം. രാത്രി ഏഴര കഴിഞ്ഞാൽ പിന്നെ ഭക്ഷണം കഴിക്കുന്ന പതിവില്ല.അതുകഴിഞ്ഞാൽ പക്ഷിമൃഗാദികൾപോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രകൃതിയോടിണങ്ങിയ ഭക്ഷണവും ജീവിതവും തന്നെയാണ് ഇഷ്ടം. പണ്ട് സ്ഥിരമായി ഖദർ വസ്ത്രമായിരുന്നെങ്കിലും യാത്രയും മറ്റു തിരക്കുകളുമായപ്പോൾ സൗകര്യത്തെക്കരുതി പിന്നീടതു മാറ്റി.
ജീവിത രീതികൊണ്ട് ഇങ്ങനെ മാതൃക തിർത്തപ്പോൾ ഇടപഴകൽ കൊണ്ടും സംസാരരീതികൊണ്ടുമൊക്കെ മാതൃക തന്നെയായിരുന്നു വാര്യർ.വേറിട്ട ഈ ജീവിതരിതിക്ക് അടിത്തറ പാകിയതാകട്ടെ വിവിധ വിഷയങ്ങളിലെ പാണ്ഡിത്യവും.അഷ്ടാംഗഹൃദയവും ചരകസംഹിതയും ഉപനിഷത്തുകളും ബൈബിളും ഖുറാനും ഒരേപോലെ വായിച്ചുപഠിച്ചു വളർന്ന ദാർശനികാടിത്തറയാണ് മറ്റൊന്ന്. കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തിൽ ഒരേപോലെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചന്ദ്രക്കലയും കുരിശും ഓങ്കാരവും പോലെ ഈ മഹാവൈദ്യന്റെ ഹൃദയവും മതാതീതമായ മാനവിക സമഭാവനയുടെ വിളനിലമായിരിക്കുന്നു.
അത്രമേൽ കാരുണ്യപൂർണമാണ് ഈ വൈദ്യന്റെ പരിചരണം. സത്യദീക്ഷ, ധർമനിഷ്ഠ, ലാളിത്യം, മനുഷ്യസ്നേഹം, മതേതര സമഭാവന, നിരന്തരമായ പഠനം, നേതൃപാടവം തുടങ്ങി അനേകം വൈശിഷ്ട്യങ്ങളാണ് ഈ ഭിഷഗ്വരനെ സമാനതകളില്ലാത്ത അപൂർവ വൈദ്യനാക്കുന്നത്. ദർശനംകൊണ്ടും സ്പർശനംകൊണ്ടും മഹാരോഗസൗഖ്യം വരുത്താൻ കഴിവുള്ള ' കൈപ്പുണ്യം' പി.കെ. വാരിയരുടെ സുകൃതങ്ങളിലൊന്നാണ്.
'അനുക്രോശം' എന്ന വികാരമാണ് ഒരു ചികിത്സകനുണ്ടാവേണ്ട പ്രധാന ഗുണവിശേഷം എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. എന്നു വച്ചാൽ രോഗിയുമായി വൈദ്യൻ താദാത്മ്യം പ്രാപിക്കണം. അപ്പോൾ മരുന്നുകൾ കൂടാതെത്തന്നെ ചിലപ്പോൾ രോഗി സൗഖ്യംപ്രാപിക്കും. പി.കെ. വാരിയരിൽ പ്രകാശിക്കുന്ന പ്രധാനഗുണം ഇതുതന്നെയാണ്.ഇങ്ങനെയാണ് പി കെ വാര്യരെ കണ്ടാൽ തന്നെ രോഗം മാറുമെന്ന വിശേഷണം വന്നതും.
ബ്രഹ്മാവാണ് ആയുർവേദം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം. പിന്നീട് അശ്വിനീദേവകളിലൂടെ മനുഷ്യരിലെത്തി. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ തുടങ്ങിയ വൈദ്യകുലാചാര്യന്മാരിലൂടെ തലമുറകൾ കൈമാറി, ആ സുദീർഘപാരമ്പര്യത്തിന്റെ ആധുനിക കുലഗുരുവായ ഡോ. പി.കെ. വാരിയരിലെത്തി എന്ന് ആയുർവേദ സംസ്കാരത്തെ സംഗ്രഹിച്ചുപറയാം.
ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്.പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിന്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തി എടുത്തു.
ആയുർവേദത്തെ ചികിത്സയ്ക്ക് ശാസ്ത്രീയ ചിട്ടയും ക്രമവും ഒരുക്കുന്നതിലും ആധുനിക മെഡിക്കൽ സയൻസിനെ അംഗീകരിച്ചു കൊണ്ട് രണ്ട് ചികിത്സാ ധാരകൾക്കും ഒത്തു ചേർന്നു പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ