കാസർഗോഡ്: കാസർഗോഡ് എംപി, പി.കരുണാകരന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തത് മുസ്ലിം ലീഗ് അനുഭാവിയായ യുവതിക്കെതിരെ. പടന്നയിലെ ഡ്രൈവിങ് സ്‌ക്കൂൾ ഉടമ സുബൈദക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തിട്ടുള്ളത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നുവെന്ന പി.കരുണാകരന്റെ പരാതിയെ തുടർന്നാണ് യുവതിക്കെതിരെ കേസെടുത്തത്.

കരുണാകരൻ എംപി.യുടെ മകൾ ദിയ കരുണാകരനും വയനാട് പനമരത്തെ മർസദ് സുഹൈലും ഈ മാസം 11 ന് കാഞ്ഞങ്ങാട് വെച്ച് വിവാഹിതരായിരുന്നു. പിന്നീട് വയനാട്ടിൽ വെച്ച് ഇവർ നിക്കാഹ് ചെയ്യുകയും ചെയ്തു. ഈ വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പോസ്റ്ററുകളാണ് പ്രചരിച്ചിട്ടുള്ളത്. പരാതിയിൽ കേസെടുക്കുന്നതിനായി പൊലീസ് ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.

അതേ തുടർന്നാണ് കോടതി അനുമതിയോടെ കേരളാ പൊലീസ് ആക്ട് പ്രകാരം ക്രൈം നമ്പർ 120 (എച്ച്) അനുസരിച്ച് എഫ്.ഐ. ആർ രജിസ്ട്രർ ചെയ്യത്. പടന്ന സ്വദേശിനിയും ഡ്രൈവിങ് സ്‌ക്കൂൾ ഉടമയുമായ യുവതിയുടെ പോസ്റ്റ് തനിക്കും കുടുംബത്തിനും മകളുടേയും കുടുംബത്തേയും അവഹേളിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് പി.കരുണാകരൻ എം. പി. പരാതി മുഖേന ചന്തേര പൊലീസിന് നൽകിയിരുന്നു.

പരാതിയിൽ കേസെടുക്കുന്നതിനായാണ് കോടതി അനുമതിയോടെ യുവതിക്കെതിരെ എഫ്.ഐ. ആർ രജിസ്ട്രർ ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി ഒരു വർഷം തടവും 5000 രൂപ പിഴയും ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ യുവതിയിൽ നിന്നും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെൽ പരിശോധനയിലൂടെ കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കാൻ കഴിയും.

തെളിവ് കണ്ടെത്തിയാൽ ഫോറൻസിക് ലാബിൽ മൊബൈൽ ഫോൺ സിം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ നവമാധ്യമങ്ങളിൽ എന്താണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തും. പരാതിക്കാരനായ കരുണാകരൻ എം. പി.യിൽ നിന്നും മൊഴിയെടുക്കും.