- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു; വിടവാങ്ങിയത് വടക്കൻ വീരഗാഥയുടെയും പെരുന്തച്ചന്റെയും ശിൽപ്പി; ദേശീയ പുരസ്കാരം അഞ്ച് തവണ നേടിയ പ്രതിഭ
ചെന്നൈ: ഇന്ത്യയിലെ പ്രശസ്ത കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈനിങ് എന്നിങ്ങനെ സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭനായിരുന്നു കൃഷ്ണമൂർത്തി.സംസ്കാരം ഉച്ചകഴിഞ്ഞ് ചെന്നൈ മടിപ്പാക്കത്തെ വസതിയിൽ നടക്കും.
തഞ്ചാവൂരിനടുത്ത പൂംപുഹാറിൽ 1943ലായിരുന്നു കൃഷ്ണമൂർത്തിയുടെ ജനനം. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് ഫൈൻ ആർട്സിൽ സ്വർണമെഡലോടെ ബിരുദം പൂർത്തിയാക്കി. നാടകങ്ങൾക്കും നൃത്ത പരിപാടികൾക്കും സെറ്റൊരുക്കിയാണ് കൃഷ്ണമൂർത്തി കലാജീവിതം ആരംഭിച്ചത്.1968ൽ ജി.വി അയ്യരെ പരിചയപ്പെട്ട കൃഷ്ണമൂർത്തി 1975ൽ അദ്ദേഹത്തിന്റെ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. ജയകാന്തൻ, അശോകമിത്രൻ, ഗിരീഷ് കർണാട്, ബി.വി. കരാന്ത്, ഗായകൻ ബാലമുരളീകൃഷ്ണ തുടങ്ങിയവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.1987ൽ ലെനിൽ രാജേന്ദ്രന്റെ സ്വാതിതിരുനാൾ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂർത്തി മലയാളത്തിൽ എത്തിയത്. ഹരിഹരന്റെ സിനിമകളിൽ കൃഷ്ണമൂർത്തി ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു.
മലയാളത്തിൽ സ്വാതിതിരുനാൾ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശിൽപി, പരിണയം, ഗസൽ, കുലം, വചനം, ഒളിയമ്പുകൾ എന്നിങ്ങനെ പതിനഞ്ചിലേറെ ചിത്രങ്ങൾക്കൊപ്പം പ്രവർത്തിച്ചു.തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങളിൽ സഹകരിച്ചു. അഞ്ച് തവണ വീതം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള ചലച്ചിത്ര പുരസ്കാരവും നേടി. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും കലൈമാമണി പുരസ്കാവും നേടിയിട്ടുണ്ട്.1987ൽ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളിൽ കൃഷ്ണമൂർത്തി തിളങ്ങിയിട്ടുണ്ട്.കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.2014ൽ ജ്ഞാനരാജശേഖരൻ സംവിധാനംചെയ്ത രാമാനുജൻ എന്ന ചിത്രത്തിലാണ് കൃഷ്ണമൂർത്തി ഒടുവിൽ പ്രവർത്തിച്ചത്.