കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്ത മാസം എട്ട് വരെയാണ് ജാമ്യം. അതേസമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോക്ക് ) ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിട്ടുണ്ട്.

പരീക്ഷ എഴുതാനുള്ള ഹാജർ എസ്എഫ്‌ഐ നേതാവിനില്ലെന്നും നാൽപ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്ക്ക് കോളേജ് അധികൃതർ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്. ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചെന്നാണ് ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് പിന്നിലെന്നും പരാതിയിൽ ഉണ്ട്. ആർഷോമിന് ജാമ്യം കിട്ടാത്തത് സർക്കാരിന് തലവേദനയാണ്. പല ചർച്ചകളിലും പ്രതിപക്ഷം ഇതുയർത്തുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ ഗവർണർക്കാണ് പരാതി അയച്ചത്. കാക്കനാട് ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഹാജർ നില പൂജ്യം ശതമാനമാണ് എന്നിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതനുള്ള ഹാൾ ടിക്കറ്റ് തയ്യാറായി.ഇതെങ്ങനെ സാധിക്കും എന്ന് പരാതിയിൽ ചോദിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഇതിന് പിന്നിൽ. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അർഷോ ജാമ്യം ഹർജി നൽകിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു.

2018ൽ വിദ്യാർത്ഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശേഷം ആർഷോ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ, ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആർഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി. ഇയാളെ കസ്റ്റഡിയിലെടുക്കാൻ എറണാകുളം എ.സി.പിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.

പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി പാർട്ടി പ്രവർത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തി. എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആർഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തൽമണ്ണയിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും ആർഷോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ആർഷോ അറസ്റ്റിലായതും.