കോഴിക്കോട്: സ്വപ്‌ന സുരേഷ് ഇന്നലെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയിൽ തെറ്റായ പ്രസ്താവന അടിച്ചേൽപ്പിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത്. പ്രസ് സെക്രട്ടറി പി എം മനോജാണ് സ്വപ്‌നയുടെ ആരോപണത്തിന് മറുപടിയെന്ന നിലയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ സമ്മതിച്ചതാണെന്ന് മനോജ് പറഞ്ഞു. 2020ലെ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം പങ്കുവച്ചാണ് പി.എം മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സത്യസന്ധമായി കാര്യങ്ങൾ കാണുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് ഈ വീഡിയോ. ആരും നമ്മുടെ ഓർമ്മശക്തിയെയും വിവേകത്തെയും എല്ലാ കാലവും വെല്ലുവിളിക്കരുതെന്നും മനോജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു..

പി എം മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

'ഈ വിവാദ വനിതയെ അറിയില്ലാന്ന് പറഞ്ഞു;ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത്' - ഇതാണ് സ്വപ്ന സുരേഷിന്റെ ആരോപണം. തുടർന്ന് വെല്ലുവിളി. അത് ചാനലുകളിലും പത്രങ്ങളിലും പ്രധാന തലക്കെട്ട്. ' ഞാനും മുഖ്യമന്ത്രിയും കുടുംബവും ഒരു പാടു തവണ ചർച്ച നടത്തി; ഓർമ്മിപ്പിച്ചു കൊടുക്കാമെന്ന് സ്വപ്ന '- മാതൃഭൂമി. 'എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം: സ്വപ്ന '- മനോരമ. മുഖ്യമന്ത്രിയിൽ ഒരു തെറ്റായ പ്രസ്താവന അടിച്ചേൽപിക്കുന്നു; അതിനു മേൽ വെല്ലുവിളി നടത്തുന്നു;വാർത്ത സൃഷ്ടിക്കുന്നു.

എന്താണ് മുഖ്യമന്ത്രി പറഞ്ഞതെന്നത് നമ്മുടെ എല്ലാ മാധ്യമങ്ങളുടെയും ലൈബ്രറിയിലുണ്ട്. അജയ ഘോഷിനെ പോലെ സമൃദ്ധമായി ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരുടെ മനസ്സിലുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ അതേപടി, ഇവിടെ നൽകുകയാണ്. സത്യസന്ധമായി കാര്യങ്ങൾ കാണുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് ഈ വീഡിയോ. ആരും നമ്മുടെ ഓർമ്മശക്തിയെയും വിവേകത്തെയും എല്ലാ കാലവും വെല്ലുവിളിക്കരുത്.

മുഖ്യമന്ത്രി തന്നെ അറിയില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹവുമായും കുടുംബവുമായും നിരവധിതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ പ്രസ്താവന.  മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊക്കെയായി പല ചർച്ചകളും താൻ ക്ലിഫ് ഹൗസിൽ ഇരുന്ന് നടത്തിയിട്ടുണ്ട്. പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് മാധ്യമങ്ങൾവഴി താൻ ഓർമിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന പറഞ്ഞിരുന്നു.

എനിക്കെതിരെ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സെക്ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കും. ഇതിൽ നിന്ന് ഞാൻ പിന്മാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. എന്നെ കൊന്നതുകൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മർദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കിൽ അതിന് ശ്രമിക്കാം. ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു. കോടതി രേഖകൾ മുഖ്യമന്ത്രി ഇടപ്പെട്ട് ചോർത്തിയോയെന്നും സ്വപ്നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു. ഷാജ് കിരൺ വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.

സ്വപ്ന സുരേഷിന്റെ വാക്കുകൾ:

'പിന്മാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. അതും ഒരു പക്ഷെയാണ്, കാരണം, ഞാൻ എല്ലാ തെളിവുകളും വ്യത്യസ്ത വ്യക്തികൾക്ക് കൊടുത്തിട്ടുണ്ട്. എന്നെ കൊന്നതുകൊണ്ട് മാത്രം തീരില്ല. പിന്നെ എന്നെ ജയിലിലിട്ട് അടിച്ച് കൊന്ന് നിർബന്ധമായും എന്തെങ്കിലുമൊക്കെ ഒപ്പിടീച്ച് വാങ്ങിക്കാനാണെങ്കിൽ ശ്രമിക്കൂ, നോക്കാം. ഞാൻ കസ്റ്റംസിന് കൊടുത്തിരിക്കുന്നതും 164 മൊഴിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മുതിർന്ന രാഷ്ട്രീയക്കാരന്റെ പരാതി. അതിൽ പുതിയ കേസെടുത്തിരിക്കുകയാണ്.

കോടതിയുടെ പക്കലുള്ള രേഖകളുമായി വ്യത്യാസമുണ്ടെന്ന് മുതിർന്ന ഒരു സിപിഐഎം നേതാവിന് എങ്ങനെ പറയാൻ പറ്റും? സ്വാധീനമുപയോഗിച്ച് അയാളോ പാർട്ടിയോ അത് എടുത്തിരിക്കുന്നു. അല്ലാതെ, പറയാൻ പറ്റില്ലല്ലോ? എന്റെ 164ൽ മാറ്റമില്ല. ഞാനതിൽ ഉറച്ചുനിൽക്കുന്നു. ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും?

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് ചാർത്തിയിരിക്കുന്നു. ഞാനാണോ അതോ ഷാജ് കിരണിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയും പാർട്ടിയും ചേർന്നാണോ ഗൂഢാലോചന നടത്തിയത്? ഇതെല്ലാം ഓരോന്നായി അവർ പ്രവൃത്തി കൊണ്ട് തന്നെ തെളിയിക്കുന്നുണ്ട്.

മറ്റൊരു കള്ളവും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. വിവാദ വനിതയെ അറിയില്ലെന്ന് പറഞ്ഞു, ഞാൻ ജയിലിൽ കിടന്ന സമയത്ത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളും മകനുമൊക്കെയായിട്ട് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്ത് 'ആക്ഷൻസ്' എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതിന് അനുസരിച്ച് ഞാൻ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമ്മിപ്പിച്ച് കൊടുക്കാം.ഞാൻ 164 കൊടുത്ത് നിരപരാധിയാകാൻ ശ്രമിക്കുന്നെന്ന് പ്രമോദ് ആരോപിക്കുന്നു. ഒരിക്കലുമില്ല. ഒന്നാമത്തെ ദിവസം മുതൽ ഇന്ന് വരെ ഞാൻ ഒരേ കാര്യമാണ് പറയുന്നത്. എന്റെ പങ്കാളിത്തത്തിന്റെ വലുപ്പത്തേക്കുറിച്ച് (ഡിഗ്രി ഓഫ് ഇൻവോൾവ്‌മെന്റ്) 164ൽ പറഞ്ഞത് തന്നെയാണ് ഞാൻ എല്ലാ അന്വേഷണ ഏജൻസികൾക്കും മൊഴിയായി നൽകിയിരിക്കുന്നത്. നിയമത്തിൽ രക്ഷപ്പെടാൻ വേണ്ടിയല്ല ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ട് ഇതൊന്നും എന്റെ ഡ്രാമയല്ല. എനിക്ക് ശിക്ഷ കിട്ടുകയാണെങ്കിൽ അത് ഞാൻ അനുഭവിച്ചോളാം. ഓക്കെ.'