ന്യൂഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകവേ കർഷകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോദി പറഞ്ഞത്. സംഭവത്തിൽ മോദി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭട്ടിൻഡയിൽ തിരികെ എത്തിയപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉച്ചയോടെയായിരുന്നു നരേന്ദ്ര മോദിയെ കർഷകർ റോഡിൽ തടഞ്ഞ് പ്രതിഷേധിച്ചത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റർ അകലെയുള്ള ഫ്‌ളൈ ഓവറിൽ കർഷകർ തടയുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം കർഷകരുടെ പ്രതിഷേധത്തിനെ തുടർന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറിൽ കുടുങ്ങി. തുടർന്ന് പഞ്ചാബിൽ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് റാലി റദ്ദാക്കിയതെന്നാണ് നൽകുന്ന വിശദീകരണം. ഞായറാഴ്ച ലഖ്‌നൗവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതിൽ പഞ്ചാബിന് വൻ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഹെലികോപ്റ്റർ മാർഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാൽ മഴയെ തുടർന്ന് റോഡ് മാർഗം യാത്ര തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡ് മാർഗം പോകാൻ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടർന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം, കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാൽ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകൾ കിസാൻ മസ്ദൂർ സംഗ്രാഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങൾ തടഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്താമെന്ന് കർഷകർക്ക് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.