- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2001 ൽ പത്തനംതിട്ടയിൽ പോസ്റ്റർ ഒട്ടിച്ചു, കെ കെ നായർക്ക് വേണ്ടി പിന്മാറി, 2006 വീണ്ടും പോസ്റ്റർ ഒട്ടിച്ചു, ശിവദാസൻ നായർക്ക് വേണ്ടി പിന്മാറി; 2011 ലും 16 ലും ആറന്മുളയിൽ ശിവദാസൻ നായർക്ക് വേണ്ടി പിന്മാറ്റം; കോന്നി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയെങ്കിലും കാലുവാരി തോൽപ്പിച്ചു: പി മോഹൻ രാജ് കോൺഗ്രസ് വിട്ടത് അവഗണനയിൽ മനം നൊന്ത്
പത്തനംതിട്ട: കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ പി മോഹൻരാജ് പാർട്ടി വിട്ടത് മനംനൊന്ത്. പാർട്ടിയിൽ പദവികൾ ഒരു പാട് തേടി വന്നെങ്കിലും പാർലമെന്ററി തലത്തിൽ അവഗണന ഇതു പോലെ നേരിടേണ്ടി വന്ന ഒരു നേതാവ് ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭ ചെയർമാനപ്പുറം പാർലമെന്ററി തലത്തിലേക്ക് പോകാൻ മോഹൻരാജിന് അവസരം കിട്ടിയിട്ടില്ല. ശരിക്കു പറഞ്ഞാൽ അനുവദിച്ചിട്ടില്ല. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു എക്കാലവും മോഹൻരാജ്. അവഗണനയുടെ ദീർഘ പർവം തുടങ്ങുന്നത് 2001 മുതലാണ്. അന്ന് പത്തനംതിട്ട നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ച് മോഹൻരാജ് പോസ്റ്റർ പ്രചാരണം തുടങ്ങിയിരുന്നു. അപ്പോഴാണ് ജില്ലാ പിതാവായ കെകെ നായരുടെ പ്രവേശം.
തനിക്ക് ഒരു അവസരം കൂടി തരണമെന്ന വന്ദ്യവയോധികനായ നായരുടെ അഭ്യർത്ഥന മാനിച്ച് പിന്മാറാൻ കോൺഗ്രസ് നേതൃത്വം മോഹൻരാജിനോട് ആവശ്യപ്പെട്ടു. മനോവേദന ഉണ്ടായെങ്കിലും പാർട്ടി പറഞ്ഞത് അനുസരിച്ച് അദ്ദേഹം പിന്മാറി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കെകെ നായർ വിജയിച്ചു. 2006 ൽ മറ്റ് എതിരാളികൾ ഇല്ലാത്തതിനാൽ പത്തനംതിട്ട ഉറപ്പിച്ച് മോഹൻരാജ് വീണ്ടും പ്രചാരണം തുടങ്ങി. ഇതേ സമയം, ആറന്മുളയ്ക്ക് വേണ്ടി ശിവദാസൻ നായരും പോസ്റ്റർ ഒട്ടിച്ചിരുന്നു. അന്ന കെ. കരുണാകരൻ ഡിഐസി എന്ന പാർട്ടി രൂപീകരിച്ച് യുഡിഎഫ് ഘടക കക്ഷിയായപ്പോൾ ശിവദാസൻ നായർക്ക് പോസ്റ്റർ കീറി ആറന്മുള വിടേണ്ടി വന്നു. ആറന്മുളയിൽ നിന്ന് പോയ ശിവദാസൻ നായർ പത്തനംതിട്ടയിൽ ലാൻഡ് ചെയ്തു. നഷ്ടം വീണ്ടും മോഹൻരാജിന്. ശിവദാസൻ നായർ വിജയിച്ചു. സീറ്റ് കിട്ടാതെ പോയ കെകെ നായർ ബിഎസ്പി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചുവെന്നത് മറ്റൊരു രസകരമായ കാര്യം.
2009 ൽ പുനഃസംഘടനയെ തുടർന്ന് നിലവിൽ വന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് എകെ ആന്റണി കോട്ടയം ഡിസിസി പ്രസിഡന്റായിരുന്ന ആന്റോ ആന്റണിക്ക് സീറ്റ് വാങ്ങിക്കൊടുത്തത്. പാർലമെന്റ് നമുക്ക് വേണ്ട, വരുന്ന ടേമിൽ അസംബ്ലിയിലേക്ക് പരിഗണിക്കാമെന്ന് നേതാക്കൾ മോഹൻരാജിനെ ആശ്വസിപ്പിച്ചു. അതിന്റെ ഭാഗമായി ആറന്മുളയിലേക്ക് കണ്ണും നട്ടിരുന്ന മോഹൻരാജിന് വീണ്ടും തിരിച്ചടി നേരിട്ടു.പുനഃസംഘടനയിൽ പത്തനംതിട്ട നിയമസഭാ മണ്ഡലം ഇല്ലാതായി. അത് ആറന്മുളയിൽ ലയിപ്പിക്കപ്പെട്ടു.
ആറന്മുള സീറ്റിലേക്ക് പത്തനംതിട്ടയിലെ സിറ്റിങ് എംഎൽഎയായ ശിവദാസൻ നായർ 2011 ൽ പരിഗണിക്കപ്പെട്ടു. വീണ്ടും ശിവദാസൻ നായർക്ക് വിജയം. 2014 ൽ വീണ്ടും പാർലമെന്റ് സ്വപ്നം കണ്ടു. ആന്റോ തന്നെ തുടർന്നു. 2016 ൽ വീണ്ടും ആറന്മുളയ്ക്കായി അവകാശവാദം ഉന്നയിച്ചു. ശിവദാസൻ നായർ വിട്ടു കൊടുത്തില്ല. അതു വരെ നേരിട്ട അവഗണനയ്ക്കെല്ലാം പരിഹാരമെന്ന നിലയിലാണ് കോന്നി ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജിന് സീറ്റ് ലഭിച്ചത്. 25000 വോട്ടിന് അടൂർ പ്രകാശ് വിജയിച്ച കോന്നി അനായാസം നിലനിർത്താമെന്ന് കരുതിയ മോഹൻരാജിനെ പക്ഷേ, സ്വന്തം പാർട്ടിക്കാർ പാലം വലിച്ചു. തന്റെ വിശ്വസ്തൻ റോബിൻ പീറ്ററിന് സീറ്റ് നിഷേധിച്ചതിനാൽ അടൂർ പ്രകാശും സംഘവും പരസ്യമായി തന്നെ കളിച്ചു.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വലിയ തോതിൽ വിഭാഗീയത പ്രവർത്തനം കൂടിയായതോടെ മോഹൻരാജ് തോറ്റു. എന്നിട്ടും മനസ് മടിക്കാതെ കോന്നിയിൽ തുടരുകയാണ് മോഹൻരാജ് ചെയ്തത്. അതിനിടെയാണ് കെപിസിസി നേതൃത്വം അടക്കം മോഹൻരാജിനോട് കോന്നി വിട്ട് ആറന്മുളയിൽ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. ആറന്മുള സീറ്റിൽ മോഹൻരാജായിരിക്കും സ്ഥാനാർത്ഥി എന്ന് വാഗ്ദാനവും ചെയ്തു. അത് ട്രാപ്പ് ആയിരുന്നുവെന്ന് ഇപ്പോഴെങ്കിലും മോഹൻരാജ് തിരിച്ചറിയുന്നു. കോന്നിയിൽ നിന്ന് മോഹൻരാജ് സ്വയം മാറിയതിനാൽ വിട്ടതിനാൽ അദ്ദേഹത്തിന് ഇക്കുറി അവിടെ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞില്ല. ശിവദാസൻ നായർക്ക് വേണ്ടി സീറ്റ് ഉമ്മൻ ചാണ്ടി പിടിച്ചു വാങ്ങുകയും ചെയ്തു.
അവഗണനയിൽ മനം നൊന്താണ് പാർട്ടി വിടുന്നതെന്ന് മോഹൻരാജ് പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല. കാരണം, തന്നെ വിശ്വസിച്ച് ഈ പാർട്ടിയിലേക്ക് വന്ന നിരവധി പേരുണ്ട്. കോന്നി ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരേ പരസ്യമായി പ്രതിഷേധിച്ചവരാണ് അടൂർ പ്രകാശും റോബിൻ പീറ്ററും. തോൽവിക്ക് അവരുടെ നിലപാട് കാരണമാവുകയും ചെയ്തു. എന്നിട്ടും ഒരു ചർച്ച പോലുമില്ലാതെ റോബിൻ പീറ്റർക്ക് സീറ്റ് കൊടുത്തു.ആറന്മുളയിലേക്ക് പോയി മത്സരിക്കാൻ തയ്യാറെടുക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടാണ് കോന്നി വിട്ടതെന്നും മോഹൻരാജ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്