ആലപ്പുഴ: ആലപ്പുഴയിലെ ഒരു സ്‌കൂളിലെ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെട്ട നോട്ടീസ് ഇന്ന് സൈബറിടത്തിൽ വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജന്റെ അഭ്യർത്ഥന പ്രകാരം കാട്ടൂർ ഹോളി ഫാമിലി എച്ച് എസ് എസിൽ നടക്കുന്ന ഒരു പിരിവ് സംബന്ധിച്ചായിരുന്നു സൈബറിടത്തിലെ നോട്ടീസ്.

നോട്ടീസിൽ പറയുന്നത് പ്രകാരം എംൽഎയുടെ അഭ്യർത്ഥന പ്രകാരം സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും പത്ത് രൂപ വീതവും അദ്ധ്യാപകരിൽ നിന്നും നൂറ് രൂപ വീതവും ശേഖരിച്ചു ഓഗസ്റ്റ് രണ്ടാം തീയ്യതിക്ക് മുമ്പായി എംഎൽഎയുടെ ഓഫീസിൽ നൽകണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ക്ലാസ് അദ്ധ്യാപകർ നടപടി സ്വീകരിക്കണമെന്ന് ഹെഡ്‌മാസ്റ്റർ നോട്ടീസിൽ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അതേസമയം അഡ്വ. വി ആർ പ്രമേദ് എന്ന കോൺഗ്രസ് അനുഭാവിയാണ് ഈ നോട്ടീസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ അടക്കം പശ്ചാത്തലത്തിലായിരുന്നു ഈ നോട്ടീസ് പ്രചരിപ്പിക്കപ്പെട്ടത്. ചിത്തരഞ്ജനെ വിമർശിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടുമാണ് കമന്റുകൾ വന്നത്. എന്തിനാണ് പിരിവ് എന്ന് നോട്ടീസിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് എന്തിനാണ് എംഎൽഎ ഓഫീസിൽ പണം നൽകുന്നത് എന്ന് ചോദിച്ചു കൊണ്ടു കമന്റുകൾ എത്തിയത്.

അതേസമയം സൈബറിടത്തിൽ വൈറായി പ്രചരിക്കുന്ന നോട്ടീസിലെ പണപ്പിരിവ് എന്തിനാണെന്ന് മറുനാടൻ മലയാളി അന്വേഷിച്ചു. പിതാവ് കാൻസർ രോഗിയായ നിർധന വിദ്യാർത്ഥിക്ക് വീടു വെച്ചു നൽകാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പണപ്പിരിവ്. എന്തിനാണ് പണപ്പിരിവെന്ന് പറയാതെ തെറ്റിദ്ധരിപ്പിക്കും വിധത്തിലായിരുന്ന പ്രചരണം. തന്റെ മണ്ഡലത്തിൽ നടക്കുന്ന 'സഹപാഠിക്കൊരു വീട്' പദ്ധതി പ്രകാരം മിടുക്കരായ വിദ്യർഥികൾക്ക് വീടു വെച്ചു നൽകാനായിരുന്നു സ്‌കൂളുകളിൽ നിന്നും പണം പിരിച്ചതെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു.

നിർബന്ധിത പണപ്പിരിവ് ആയിരുന്നില്ല ഇതെന്നും അദ്ദേഹം വിശദീകരിച്ചു. നോട്ടീസിൽ വ്യക്തമാക്കാതിരുന്നതു കൊണ്ടാണ് പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് പി പി ചിത്തരഞ്ജൻ ഫേസ്‌ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദുഷ്പ്രചരണം തിരിച്ചറിയുക..
ബഹുമാന്യരേ,
കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകൾ, ഇതോടൊപ്പമാണ് ഇത്തവണ 'സഹപാഠിക്ക് ഒരു വീട്' എന്ന പദ്ധതി കൂടി നടപ്പിലാക്കുവാൻ നിശ്ചയിച്ചത്.

ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാൻസർ രോഗബാധയെ തുടർന്ന് രണ്ടുവർഷമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. ഇവർ താമസിക്കുന്ന വീട് വളരെ ജീർണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവർക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാൻ തീരുമാനിക്കുന്നത്.

ഇതിനായി ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളോട് 10 രൂപ സഹായമായി അഭ്യർത്ഥിക്കുവാനും അദ്ധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂൾ പി.ടി.എ പ്രസിഡന്റിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് ആയി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

നിർഭാഗ്യമെന്ന് പറയട്ടെ, കാട്ടൂർ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിൽ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎൽഎ ഓഫീസിൽ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്‌കൂളിൽ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവർത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.

ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവർത്തിക്കാനാണ് ഈ കാലമത്രയും ഞാൻ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാർഥ്യം മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.