കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് കോൺഗ്രസ്സ് നേതാവ് കുനിയിൽ നടമ്മൽ രാജന്റെ മകൾ അഞ്ജനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കേസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇതേ കേസിൽ സിപിഐ.(എം). എംഎ‍ൽഎ, എ. എൻ ഷംസീറിനെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.

കുട്ടിമാക്കൂൽ സംഭവത്തെ തുടർന്ന് നടന്ന ചാനൽ ചർച്ചയിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് രാജന്റെ മകൾ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കേസ്. പ്രതിപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദിവ്യയെക്കൂടി ഒഴിവാക്കിയതോടെ ഈ കേസിലെ രണ്ടു പേരും നിയമ നടപടിയിൽ നിന്നും ഒഴിവാക്കപ്പെട്ടു.

കേസിൽ പ്രതി ചേർക്കാൻ മാത്രം ഷംസീർ എംഎ‍ൽഎ ക്കെതിരെ തെളിവില്ലെന്നും കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നും അന്നത്തെ തലശ്ശേരി സിഐ മുഖേന ഡി.വൈ.എസ്‌പി. പ്രിൻസ് എബ്രഹാം പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതിനു സമാനമായ റിപ്പോർട്ടാണ് പി.പി. ദിവ്യയെക്കൂടി ഒഴിവാക്കാൻ നൽകിയതെന്ന് അഞ്ജനയുടെ പിതാവ് രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്നും സ്ഥലം മാറി പോകുന്നതിന് മുമ്പ് ഡി.വൈ. എസ്. പി, പി.പി. ദിവ്യയെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന് രാജൻ ആരോപിക്കുന്നു.

കുട്ടിമാക്കൂൽ ദളിത് പീഡന സംഭവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് പൊലീസ് രജിസ്ട്രർ ചെയ്തത്. 2016 ജൂണിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി കൂടിയായ രാജന്റെ മക്കൾ അഖില അഞ്ജന എന്നിവരെ രാഷ്ട്രീയ വിരോധം കാരണം അക്രമിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന കേസിൽ അന്വേഷണം നടത്തിയ പൊലീസ് നാല് സിപിഐ.(എം). പ്രവർത്തതകർക്കെതിരെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. തുടർന്ന് രാജനെ തുടർച്ചയായി ആക്രമിക്കുന്നുവെന്നും തങ്ങളെ ജാതി പേര് വിളിച്ച് ആക്ഷേപിക്കുന്നതിലും പ്രതിഷേധിച്ച് കുട്ടിമാക്കൂലിലെ സിപിഐ.(എം),. ഓഫീസിൽ രണ്ടു പെൺകുട്ടികളും കയറി ചോദ്യം ചെയ്തിരുന്നു.

എന്നാൽ സിപിഐ.(എം). ഓഫീസ് അതിക്രമിച്ചു കയറി ഡി.വൈ. എഫ്. ഐ. നേതാവായ ഷിജിലിനെ അക്രമിക്കുകയും ഓഫീസിലെ ഫർണിച്ചർ നശിപ്പിക്കുകയും ചെയ്തുവെന്ന് അഞ്ജനക്കും അഖിലക്കുമെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പിഞ്ചു കുഞ്ഞിനേയും മാതാവിനേയും അടക്കം അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവം സംസ്ഥാന ദേശീയ തലത്തിൽ വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. സുപ്രീം കോടതി നിർദ്ദേശത്തിന്റെ ലംഘനമാണിതെന്ന വാദവും ഉയർന്നിരുന്നു. അതോടെ അന്നത്തെ കെ.പി.സി. സി. പ്രസിഡണ്ട് ഈ പ്രശ്നം ഏറെറടുത്ത് തലശ്ശേരിയിൽ പ്രതിഷേധ സമരവും നടത്തിയിരുന്നു. നിയമത്തിന്റെ ഏതറ്റവും ഈ പ്രശ്നത്തിൽ പോകുമെന്ന് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ പറഞ്ഞു.