കണ്ണൂർ: ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗവും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണൻ(83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഫിഫ അപ്പീൽ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായ ലക്ഷ്മണൻ ഇന്ത്യൻ ഫുട്ബോളിൽ പ്രഫഷണലിസവും ദേശീയ ലീഗും കൊണ്ടുവന്നയാളാണ്.

കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. നാലുവർഷം എ.ഐ.എഫ്.എഫിന്റെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, 1980ൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ൽ ട്രഷറർ, 1988 മുതൽ സെക്രട്ടറി, 1996ൽ സീനിയർ വൈസ് പ്രസിഡന്റ്, 2000-ൽ എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇതിനിടയിൽ എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മലബാർ ഡൈയിങ് ആൻഡ് ഫിനിഷിങ് മിൽസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: ഡോ. പ്രസന്ന ലക്ഷ്മണൻ. മക്കൾ: ഷംല സുജിത്ത്, ഡോ. സ്മിത സതീഷ്, ലസിത ജയകൃഷ്ണരാമൻ, നമിത പ്രകാശ്, നവീൻ. മരുമക്കൾ: സുജിത്ത്, സതീഷ്, ജയകൃഷ്ണരാമൻ, പ്രകാശ്, സിമിത.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല).