ആലപ്പുഴ: കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ പുതിയ പരീക്ഷണത്തിന് മന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാർ കേരള അഗ്രോബിസിനസ് കമ്പനി(കാബ്‌കോ) രൂപവത്കരിക്കുന്നത് ലാഭം ഉറപ്പാക്കാനാണ്. ഉത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ കമ്പനിയുടെ ചുമതലയാകും. ഗ്രോബാഗ് കൃഷി പരിസ്ഥിതിക്ക് എതിരായതിനാൽ അതിനും ബദൽ കണ്ടെത്തും.

കമ്പനിയുടെ പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാൻ 11 അംഗസമിതിയെ നിയമിച്ചു. കർഷകരുടെ അഭിപ്രായമറിഞ്ഞായിരിക്കും അന്തിമ തീരുമാനം. കമ്പനിക്ക് പ്രൊഫഷണലുകളുടെ സഹായവുമുണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തും വിൽക്കുന്നതും എളുപ്പമാക്കുകയാണ് ലക്ഷ്യം. വിപണിയില്ലാത്ത സാഹചര്യമുണ്ടാകില്ല. നെല്ലുസംഭരണച്ചുമതല പുതിയകമ്പനിയെ ഏൽപ്പിക്കില്ല. അതിനു നിലവിലുള്ളരീതി തുടരുമെന്നും സർക്കാർ പറയുന്നു.

പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണ്. വർഷം 16 ലക്ഷം ടൺവരെ പച്ചക്കറി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പഴവും പച്ചക്കറിയും കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കാനുള്ള സംവിധാനവും ഉടൻ ഏർപ്പെടുത്തും. അഗ്രോപാർക്കുകളും കൂടുതലായി സ്ഥാപിക്കും. ഈ സാഹചര്യത്തിലാണ് പുതിയ വിപണി ഉറപ്പാക്കാനുള്ള ഇടപെടലുകൾ. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നിവ പരിഗണിച്ചുള്ള കൃഷിരീതിയാണ് അടുത്ത ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ നടപ്പാക്കുക.

കേരളത്തിൽ ഉല്പാദിപ്പിക്കുന്ന അധിക കാർഷികവിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. കർഷകരുടെ വരുമാനം ഇന്നുള്ളതിനേക്കാൾ 50 ശതമാനം വർധിപ്പിക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിൽ നാം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. എല്ലാ മേഖലയിലുമുണ്ടാകുന്ന അധിക ഉൽപ്പാദനം വിലയിടിവിന് കാരണമാകും. അത്തരം സ്ഥിതിവിശേഷം നേരിടാനും കർഷകരെ സഹായിക്കാനുമായി സർക്കാർ വിപണന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. കാർഷിക കൂട്ടായ്മകളിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷ്യവസ്തുക്കളുടെസംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കായി മന്ത്രിതല ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

ഈവർഷം 100 കർഷക ഉത്പാദക സംഘടന(എഫ്.പി.ഒ.)കൂടി രൂപവത്കരിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ അഞ്ചുപദ്ധതികളും കൃഷിവകുപ്പ് വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തികവർഷംമുതൽ സംസ്ഥാനത്തെ, അഞ്ചു കാർഷിക- പാരിസ്ഥിതിക മേഖലകളായി തിരിച്ചായിരിക്കും കൃഷിചെയ്യുക. 23 യൂണിറ്റുകളായിരിക്കും ഈ മേഖലകളിലുണ്ടാവുക. വിവിധമേഖലകളുടെ കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത എന്നിവകണക്കിലെടുത്ത് അനുയോജ്യമായ കൃഷിരീതി തിരഞ്ഞെടുക്കും. ഇതുവഴി കൂടുതൽ വിളവുലഭിക്കും.

കർഷകർക്ക് ഏകീകൃത തിരിച്ചറിയൽനമ്പരും സ്മാർട്ട്കാർഡും നൽകും. നിലവിൽ ഓരോ സ്‌കീമുകൾക്കും അപേക്ഷിക്കുമ്പോൾ പലവിധരേഖകൾ അവർക്കു ഹാജരാക്കേണ്ടിവരുന്നുണ്ട്. എല്ലാവിവരങ്ങളും ഉൾപ്പെടുത്തിയ സ്മാർട്ട്കാർഡ് നൽകുന്നതോടെ പ്രശ്‌നങ്ങൾ ഒഴിവാകും. കൃഷിക്കായി ഭൂമിയുടെ ഘടനയനുസരിച്ച് അഞ്ച് അഗ്രോ എക്കോളജിക്കൽ സോൺ രൂപീകരിക്കും. അതിൽ 23 യൂണിറ്റുകളുണ്ടാകും. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നിവ പരിഗണിച്ചുള്ള കൃഷിരീതിയാണ് അടുത്ത ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ നടപ്പാക്കുക.

28 കൃഷിഭവനുകളെ ആദ്യഘട്ടത്തിൽ സ്മാർട്ടാക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കടലാസ്രഹിത കൃഷിഭവനുകൾ കൊണ്ടുവരും. എക്കോഷോപ്പ്, ബയോ ക്ലിനിക്ക്, കോൾ സെന്റർ തുടങ്ങിയവ ഇവയുടെ ഭാഗമാക്കും. കർഷകർക്ക് സ്മാർട്ട് കാർഡുകൾ നൽകും. പച്ചക്കറികൾക്കായി കോൾഡ് സ്റ്റോറേജുകളും വിപണനത്തിനായി വാഹനങ്ങളും ലഭ്യമാക്കും.