തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം കർഷകർ കാംകോയുടെ കാർഷിക യന്ത്രങ്ങളെ ആശ്രയിക്കുന്നു എന്നത് കർഷകർക്ക് കാംകോ ഉത്പ്പന്നങ്ങളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. ആ വിശ്വസം അതേപടി നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തും. കാർഷിക യന്ത്രങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള യന്ത്രഭാഗങ്ങൾ വാങ്ങുന്നതിന് ഉദ്യോഗസ്ഥർക്ക് കൂട്ടു ഉത്തരവാദിത്വമാണ് ഉള്ളതെന്നും, അതിൽ വീഴ്ച വരുത്തുന്നവർ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു. പൊതു മേഖലയെ സംരക്ഷിക്കാൻ ആർജ്ജവമുള്ള ഒരു സർക്കാർ ആണ് കേരളത്തിലുള്ളത്.

കാര്യക്ഷമമായ പ്രവർത്തനത്തിന് സംതൃപ്തമായ തൊഴിലാളികൾ കൂടിയേതീരൂ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കാൻ പരിശ്രമിക്കും. തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രമോഷൻ നടപ്പിലാക്കുന്നതിൽ വീഴ്‌ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഐ.എം.ജി പഠന റിപ്പോർട്ടും പബ്ലിക് സർവീസ് കമ്മീഷൻ ശുപാർശകളും പഠനവിധേയമാക്കി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കും. മാർക്കറ്റിങ് സംവിധാനം ശക്തിപ്പെടുത്തും. മാർക്കറ്റിങ് വിപുലീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. കൃഷി വകുപ്പ് സെക്രട്ടറി സി. എ. ലത, തൊഴിലാളി സംഘടനാ നേതാക്കാൾ, മാനേജിങ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.