ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കായുള്ള ഇന്ത്യൻ ടീമിനെ മലയാളി താരവും ഗോൾകീപ്പറുമായ പി ആർ ശ്രീജേഷ് നയിക്കും. ക്യാപ്റ്റനായിരുന്ന സർദാർ സിങ്ങിനു വിശ്രമം അനുവദിച്ചതോടെയാണു ശ്രീജേഷ് ക്യാപ്റ്റനാകുന്നത്.

ഫ്‌ളിക്കർ രുപീന്ദർ പാൽ സിംഗിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. 18 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുള്ളത്. ലണ്ടനിൽ ജൂൺ 10 മുതൽ 17 വരെയാണ് ചാമ്പ്യൻസ് ട്രോഫി.

ഇന്ത്യക്കു റയോ ഒളിംപിക്സിനു മുമ്പുള്ള അവസാന ടൂർണമെന്റാണിത്. അതുകൊണ്ടാണ് റയോയിൽ നന്നായി പെർഫോം ചെയ്യുന്നതിനു സർദാർ സിംഗിനു വിശ്രമം അനുവദിച്ചത്. നേരത്തെ തീരുമാനിച്ചത് അനുസരിച്ചാണ് സർദാറിന് വിശ്രമം അനുവദിക്കുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദർ ബത്ര പറഞ്ഞു. നേരത്തെ അസ്ലൻ ഷാ ട്രോഫിയിൽ ശ്രീജേഷിനു വിശ്രമം അനുവദിച്ചിരുന്നതായും ബത്ര പറഞ്ഞു.