- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' ഈ പോസ്റ്ററും കളമശ്ശേരിയിൽ ജനവധിയെ സ്വാധീനിച്ചില്ല; പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' ലീഗ് കോട്ടയെ തകർത്തു; രാജ്യസഭയിൽ ഉയർന്നു കേട്ട ആ മികവിന്റെ ശബ്ദം ഇനി മുഴങ്ങുക നിയമസഭയിൽ; പി രാജീവ് കളമശ്ശേരിയെ സ്വന്തമാക്കുമ്പോൾ
കൊച്ചി: രാജ്യസഭയിൽ ഒരുകാലത്ത് സാധാരണക്കാരന്റെ ശബ്ദമായിരുന്നു പി രാജീവ്. കാലാവധി തീർന്ന് വിരമിക്കുമ്പോൾ രാജ്യസഭാ അംഗങ്ങളെല്ലാം വിങ്ങിപൊട്ടി. രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് രാജ്യസഭ ഒന്നടങ്കം ആവശ്യപ്പെട്ടു. സിപിഎം പക്ഷേ അത് ചെയ്തില്ല. ലോക്സഭയിലേക്ക് എറണാകുളത്ത് സ്ഥാനാർത്ഥിയാക്കിയെങ്കിലും രാജീവ് വിജയിച്ചില്ല. ഇതോടെ രാജീവിന്റെ ശബ്ദം ലോക്സഭയിലും മുഴങ്ങാത്ത അവസ്ഥയുണ്ടായി. എന്നാൽ കളമശ്ശേരിയിൽ വെല്ലുവിളി ഏറ്റെടുത്ത് പി രാജീവ് ജയിക്കുകയാണ്. ഇനി നിയമസഭയ്ക്ക് സ്വന്തമാണ് ഈ ശബ്ദം.
ഏറെ കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം അഴിമതിയിൽപെട്ട് സിറ്റിങ് എംഎൽഎയും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് മാറി നിന്നപ്പോൾ മകൻ വി.ഇ അബ്ദുൾ ഗഫൂറിനെ നിർത്തിയാണ് കളമശ്ശേരി മണ്ഡലം വീണ്ടും പിടിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനെ ഇറക്കിയതോടെ പ്രതീക്ഷക്ക് മങ്ങലേറ്റു. കടുത്ത ആരോപണങ്ങളുന്നയിച്ച് രാജീവിനെ തറപറ്റിക്കാൻ ആവുന്ന ശ്രമം പലരും പയറ്റി. ഇതിനിടയിൽ വി എസ് പക്ഷക്കാരനായ ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ട് വന്നു. അപ്പോഴേക്കും നഗരത്തിലെങ്ങും രാജീവിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' എന്നാണ് പോസ്റ്ററിലുള്ളത്. കളമശേരി നഗരസഭ ഓഫീസിന് മുമ്പിലാണ് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച വീണ്ടും കളമശേരി നഗരസഭ ഓഫീസിന് മുമ്പിലും ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിലും കെ. ചന്ദ്രൻപിള്ളയുടെ വീടിന് പുറത്തും പോസ്റ്റർ പതിച്ചിരുന്നു. കളമശേരിയിൽ രാജീവിനെ വേണ്ടെന്നും തൊഴിലാളി നേതാവ് ചന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കണമെന്നുമായിരുന്നു ആവശ്യം. പി. രാജീവ് വേണ്ട, കെ. ചന്ദ്രൻ പിള്ള മതി (പി.ആർ വേണ്ട, കെ.സി.പി മതി ), വെട്ടിനിരത്തൽ എളുപ്പമാണ് വെട്ടിപ്പിടിക്കാനാണ് പാട്, വിതച്ചിട്ടില്ല, പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകൾ പ്രതികരിക്കുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ. പാർട്ടി ജില്ല കമ്മിറ്റി നിർദ്ദേശപ്രകാരം കെ. ചന്ദ്രൻ പിള്ളയുടെ പേരാണ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യഘട്ടത്തിൽ ഇടം പിടിച്ചത്. എന്നാൽ, പിന്നീട് രാജീവിന്റെ പേര് ഉയർന്നു വരികയായിരുന്നു.
പാലാരിവട്ടം പാലം അഴിമതിയും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളുമാണ് എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയത്. ഇത് ഒരു പരിധി വരെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പും വികസനത്തുടർച്ചയും യു.ഡി.എഫ് ചൂണ്ടിക്കാട്ടിയെങ്കിലും ഒന്നും ഏശിയില്ല. മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞിന് വലിയ സ്വാധീനമായിരുന്നു ഉള്ളത് എന്നതിനാൽ യു.ഡി.എഫ് ഏറെ പ്രതീക്ഷവെച്ചിരുന്നു. 2011ൽ എൽ.ഡി.എഫിന്റെ കെ.ചന്ദ്രൻപിള്ളയെ 7789 വോട്ടുകൾക്ക് തോൽപിച്ച ഇബ്രാഹിംകുഞ്ഞ് അടുത്ത വട്ടം എ.എം.യൂസുഫിനെ തോൽപിച്ചത് 12,228 വോട്ടിനാണ്. എന്നാൽ ഇത്തവണ ചരിത്രം വഴിമാറി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തിൽ ശ്രദ്ധനേടുന്ന മണ്ഡലമാണ് കളമശ്ശേരി. പാലം അഴിമതിക്കേസിൽ പെട്ട് സിറ്റിങ് എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് മാറിനിൽക്കുമ്പോൾ പകരമെത്തുന്നത് മകൻ വി.ഇ.അബ്ദുൾ ഗഫൂറാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിലൂടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി മാറി കളമശ്ശേരി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ് അമ്പതുകാരനായ രാജീവ്. 2005 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ൽ തൃപ്പൂണിത്തുറയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ൽ എറണാകുളത്തു ചേർന്ന ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസ്എഫ്ഐ നേതാവായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തിൽ പൊലീസ് മർദനത്തിനിരയായി. ലോക്കപ്പിലും മർദനമേറ്റു.
1994ൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായി. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗൺസിലുകളിൽ പങ്കെടുത്തു. 2013ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു.
എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ നേതൃത്വം നൽകിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണൽ തുടങ്ങിയ പദ്ധതികളും സാർവത്രിക പ്രശംസ നേടി. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. പിന്നീട് ചീഫ് എഡിറ്ററായി ചുമതലയേറ്റു. 2017ലെ മികച്ച എംപിക്കുള്ള സൻസത് രത്ന പുരസ്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ്, പി പി ഷൺമുഖദാസ് അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്കാരം എന്നിവ ലഭിച്ചു. 1997ൽ ക്യൂബയിലും 2010ൽ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാർത്ഥിയുവജന സമ്മേളനത്തിൽ പങ്കെടുത്തു.
ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങൾ, കാഴ്ചവട്ടം, പുരയ്ക്കുമേൽ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേർന്ന്), 1957 ചരിത്രവും വർത്തമാനവും (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കുസാറ്റ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കൾ. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. പിന്നീട് ഇരിങ്ങാലക്കുട ്രൈകസ്റ്റ് കോളേജ്, കളമശേരി സെന്റ് പോൾസ് കോളേജ്, കളമശേരി ഗവ. പോളിടെക്നിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനം. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായ രാജീവ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി.
മറുനാടന് മലയാളി ബ്യൂറോ