തിരുവനന്തപുരം: ഡബ്ല്യുസിസി നൽകിയ കത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്. സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാർശകൾ പ്രസിദ്ധപ്പെടുത്തി നടപടികൾ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അവർ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാണിച്ചു. പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ മാത്രമായിരിക്കും വിവാദങ്ങൾ ആഗ്രഹിക്കുന്നതെന്നും മന്ത്രി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയപ്പോൾ ദി ഇന്ത്യൻ എക്സ്പ്രസ്സിന്റെ idea Exchange പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട ഗൗരവമായ ആശയസംവാദമായിരുന്നു അത്. ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരു മുഴു പേജിൽ അത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ നിക്ഷേപം വരാനുള്ള സാധ്യതകൾ വിശദീകരിക്കാനാണ് ശ്രമിച്ചത്. ചിലതെല്ലാം പുതിയ കാര്യങ്ങളാണ്. എന്നാൽ, ഭൂരിപക്ഷം മലയാള ചാനലുകളും അത് കണ്ടതേയില്ല. പകരം ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം വിവാദമാക്കാൻ ശ്രമിച്ചു. ഇത് ജനുവരി 21 ന് മാധ്യമങ്ങൾ നൽകിയ വാർത്തയായിരുന്നു. അന്ന് അത് നൽകിയവർ തന്നെ പുതിയ കാര്യമെന്ന മട്ടിൽ വാർത്തകൾ നൽകാൻ തുടങ്ങി.

മലയാള സിനിമയുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങളും മറുപടിയും ഇതോടൊപ്പം നൽകുന്നു. wcc ജനുവരിയിൽ നൽകിയ കത്തിന്റെ കോപ്പി ഇപ്പോൾ അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാർശകൾ പ്രസിദ്ധപ്പെടുത്തി നടപടികൾ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അവർ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണ്. വിവാദങ്ങൾക്ക് അപ്പുറത്ത് അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്.

കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസ്‌കാരിക മന്ത്രി തന്നെ നിയമസഭയിൽ വ്യകതമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ അവസാന ഘട്ടത്തിലാണ്. എല്ലാ stake holders മായി ചർച്ച ചെയ്യണമെന്ന wcc യുടെ ആവശ്യം കൂടി പരിഗണിച്ച് മെയ് 4ന് മന്ത്രി ചർച്ചയും നടത്തുന്നുണ്ട്. ഇതിനൊന്നും പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ മാത്രമായിരിക്കും വിവാദങ്ങൾ ആഗ്രഹിക്കുന്നത്. ഈ മറുപടിയിൽ വ്യക്തമാക്കുന്നത് പോലെ ശക്തമായ നടപടികളാണ് ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കുന്നത്.