കണ്ണൂർ: കിറ്റക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് സർക്കാരിനും വിമർശനം ഉന്നയിച്ച എംഎൽഎമാർക്കും എതിരെ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. കിറ്റെക്‌സ് എം.ഡി സാബുവുമായി കലക്ടർ ചർച്ച നടത്തിയത് അറിയില്ലെന്നും ഈ കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കിറ്റെക്‌സ് വിഷയത്തിൽ സർക്കാരും വ്യവസായ വകുപ്പും പരമാവധി കാര്യങ്ങൾ ചെയ്തതാണ്. എന്നിട്ടും കേരളത്തിൽ നിന്നും പോകാനാണ് അവരുടെ തീരുമാനമെങ്കിൽ പോകട്ടെയെന്നു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് ചുണ്ടിക്കാട്ടി. വ്യവസായ വികസനത്തിന് വടക്കെ മലബാറിന് വലിയ സാധ്യതകളുണ്ട്. കെ.എൽ.എല്ലിന്റെ ഒരു യൂനിറ്റ് കണ്ണൂരിൽ സ്ഥാപിക്കും റിയാദുമായി ഈക്കാര്യം ചർച്ച ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് കണ്ണുർ,കാസർകോട് ജില്ലകളിലാണ്.
സംസ്ഥാനത്തെഎല്ലാ നിയോജക മണ്ഡലങ്ങളിലും സ്വകാര്യ വ്യവസായ പാർക്ക് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യം എം എൽ എ മാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കിറ്റക്‌സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്ന എംഎൽഎമാരുടെ ആരോപണത്തിന് മറുപടിയുമായി ഗ്രൂപ്പ് ചെയർമാൻ സാബു.എം.ജേക്കബ് രംഗത്തെത്തി. കടമ്പ്രയാർ മാലിന്യത്തെക്കുറിച്ചു ചർച്ച ചെയ്തു പുറത്തിറങ്ങിയ എംഎൽഎമാർ അതിനെക്കുറിച്ചു പറയാതെ പഞ്ചായത്തിൽ പണം ബാക്കി വന്നതും സേഫ്റ്റി ഓഫിസറെ നിയമിച്ചതിനെക്കുറിച്ചും മറ്റും ആരോപണങ്ങൾ ഉയർത്തിയതിനെയാണ് സാബു ജേക്കബ് ചോദ്യം ചെയ്തത്. കലക്ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിലാണ് കിറ്റെക്‌സ് വിഷയം ചർച്ച ചെയ്യാൻ ജില്ലയിലെ എംഎൽഎമാരെ ക്ഷണിച്ചു ചർച്ച സംഘടിപ്പിച്ചത്. എന്നാൽ പുറത്തിറങ്ങിയ എംഎൽഎമാരായ പി.ടി. തോമസും ശ്രീനിജിനും കമ്പനിക്കെതിരെ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർത്തുകയായിരുന്നുവെന്നു സാബു ജേക്കബ് പറഞ്ഞു.

കിറ്റെക്‌സ് 73 നിയമലംഘനങ്ങൾ നടത്തിയെന്നു പറഞ്ഞ സർക്കാരും എംഎൽഎമാരും പിന്നോക്കം മാറി എട്ടു തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയെന്നാണ് ഇന്നു പറഞ്ഞത്. എറണാകുളത്തെ ഏതാണ്ട് എല്ലാ ഏജൻസികളും നടത്താവുന്ന മുഴുവൻ പരിശോധനകളും നടത്തിയിട്ടും കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്‌സാണെന്നു കണ്ടെത്താൻ സാധിച്ചില്ല.

മാത്രമല്ല, കമ്പനി തുടങ്ങുന്നിടം മുതൽ കടമ്പ്രയാർ വരെ വെള്ള സാംപിൾ എടുത്തു പരിശോധിച്ചതിൽ കിറ്റെക്‌സിനോട് അടുത്തു കിടക്കുന്നിടത്തു മാലിന്യം കുറവാണെന്നാണു കണ്ടെത്തിയത്. കിറ്റെക്‌സിൽ നിന്നല്ല കടമ്പ്രയാർ മലിനമാകുന്നതെന്ന് ഇതോടെ വ്യക്തമായി. അകത്ത് എന്തു റിപ്പോർട്ടുകൾ ചർച്ച ചെയ്തു എന്നു പറയാതെ പുറത്തിറങ്ങി വസ്തുതാ വിരുദ്ധമായ കുറെ കാര്യങ്ങൾ പതിവു പോലെ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന തന്ത്രമാണ് ഇന്നും ഇവർ നടത്തിയതെന്നു സാബു ജേക്കബ് പറഞ്ഞു.