- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന്റെ താൽപര്യസംരക്ഷണത്തിന്; പൊതുമേഖലയെ ശക്തിപ്പെടുത്തി ലാഭകരമാക്കാനും മത്സരക്ഷമം ആക്കാനും ശ്രമിക്കും: മന്ത്രി പി രാജീവ്
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികളുടെ മാത്രമല്ല നാടിന്റെയും പൊതുതാൽപര്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ (ടിസിസി) പ്രതിദിനം 75 ടൺ ഉൽപ്പാദനശേഷിയുള്ള കോസ്റ്റിക് സോഡാ പ്ലാന്റ്, ഫ്ളോട്ടിങ് ജെട്ടി, ബോയിലറിലേക്ക് ആർഎൽഎൻജി ഇന്ധനത്തിന്റെ കമീഷനിങ് എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെട്ടാൽ തൊഴിലാളികൾക്കും നാടിനുമാണ് ഗുണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ഏക സ്ഥലമായി കേരളം ഇന്ന് മാറിയിരിക്കുകയാണ്. ഉത്പാദന ക്ഷമതയും ഉത്പാദന വർധനയുമാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തി ലാഭകരമാക്കാനും മത്സരക്ഷമമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികൾക്ക് പരമാവധി ആനുകൂല്യം ലഭ്യമാക്കണം. എന്നാൽ തൊഴിൽ ചെലവ് വർധിക്കാൻ പാടില്ല. ടിസിസിയിലെ തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശിക ഘട്ടംഘട്ടമായി നൽകും.
വർഷങ്ങളായി സേവനം നടത്തുന്ന ടിസിസിയിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. എന്നാൽ ഇവരെ പിരിച്ചുവിട്ടാൽ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. അതിനാൽ ഇവർക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കും. കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്ന് തൊഴിലാളികൾക്ക് സമ്മാനം നൽകണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യവും അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. സ്ഥിരം തൊഴിലാളികൾക്ക് മാത്രമല്ല കരാർ തൊഴിലാളികൾക്കും സമ്മാനം നൽകുമെന്ന് മന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കി മുന്നോട്ട്പോകുകയാണ് സർക്കാർ. 41 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരുടെ യോഗം ചേർന്നു. വിദഗ്ധരുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയാറാക്കി. 41 സ്ഥാപനങ്ങളെ ഏഴ് വിഭാഗങ്ങളാക്കി തിരിച്ചാണ് പദ്ധതി തയാറാക്കിയത്. ഈ പദ്ധതി വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തി. തുടർന്ന് മാനേജ്മെന്റ്, ജീവനക്കാർ, വിദഗ്ദ്ധർ തുടങ്ങിയവരുമായി ചർച്ച ചെയ്ത് വിദഗ്ധ സമിതിക്ക് സമർപ്പിച്ചു. വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തി കരട് പദ്ധതി രേഖ തയാറാക്കി. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികൾ സർക്കാർ അംഗീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം രൂപീകരിച്ചു.
ഏഴു മേഖലയിലെയും വിദഗ്ദ്ധർ ഓരോ ഗ്രൂപ്പിനും നേതൃത്വം നൽകി. പദ്ധതി നടപ്പാക്കുന്നതിനായി കൃത്യമായ കലണ്ടറും തയാറാക്കി. സ്ഥാപനങ്ങളിൽ നിന്നുള്ള മിച്ചം, സർക്കാർ ഗ്രാന്റ്, ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക സഹായം എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്ത് സ്വയംഭരണാവകാശം നൽകുന്നതിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ രീതിയിലുള്ള സർക്കാരിന്റെ ആസൂത്രണവും കാഴ്ചപ്പാടുമാണ് ടിസിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് കരുത്താകുന്നത് എന്നും മന്ത്രി പറഞ്ഞു.
ടിസിസി കേരളത്തിലെ അടുത്ത റിഫൈനറിയാകും: മന്ത്രി
ഭാവിയുടെ ഇന്ധനമായി കരുതുന്ന ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസുകൾ ഇറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഹൈഡ്രജൻ മിഷനിൽ ടിസിസി പങ്കാളിയാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 99.7% ശുദ്ധമായ ഹൈഡ്രജനാണ് ടിസിസി ഉൽപ്പാദിപ്പിക്കുന്നത്. 99.99% ശുദ്ധമായ ഹൈഡ്രജൻ ഉത്പാദിപ്പിച്ച് കംപ്രസ് ചെയ്ത് ഹൈഡ്രജൻ ഇന്ധനമാക്കണം. ഹൈഡ്രജൻ മിഷന്റെ ഭാഗമായി 10 ബസുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉൽപ്പാദകർ എന്ന നിലയിൽ പദ്ധതിക്കാവശ്യമായ ഹൈഡ്രജൻ നൽകാനായാൽ ടിസിസിക്ക് കേരളത്തിലെ റിഫൈനറിയായി മാറാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ എല്ലാദിവസവും കോസ്റ്റിക് സോഡാ ഉൽപ്പാദനം 250 മെട്രിക് ടണ്ണായി വർധിക്കും. നൂതന സങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വൈദ്യുതിച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഫ്ളോട്ടിങ് ജെട്ടി ഉദ്ഘാടനത്തോടെ ഹൈഡ്രോക്ലോറിക് ആസിഡും മറ്റും ചവറയിലെ കെഎംഎംഎൽ പോലുള്ള ഉപഭോക്താക്കൾക്ക് ഉൾനാടൻ ജലപാതവഴി എത്തിക്കാനാകും. ഇതോടെ റോഡുവഴിയുള്ള ചരക്കുനീക്കം കുറയ്ക്കാം. പെട്രോളിയം ഉൽപ്പന്നമായ ഫർണസ് ഓയിലിൽനിന്ന് പരിസ്ഥിതിസൗഹൃദ ആർ-എൽഎൻജി (റീ ഗ്യാസിഫൈഡ് എൽഎൻജി)യിലേക്ക് മാറ്റുന്ന പദ്ധതിയും കമീഷൻ ചെയ്തു.
ടിസിസിയുടെ വളർച്ചയിലെ പുതിയ കാൽവെയ്‌പ്പാണ് പുതിയ പദ്ധതികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹൈബി ഈഡൻ എംപി. പറഞ്ഞു. വാർഡ് കൗൺസിലർ കെ. കൃഷ്ണപ്രസാദ്, ടിസിസി മാനേജിങ് ഡയറക്ടർ കെ. ഹരികുമാർ, ടിസിസി ഡയറക്ടർമാരായ അഡ്വ. വി. സലിം, വാസുദേവൻ, ജനറൽ മാനേജർ (ടെക്നിക്കൽ) ആർ. രാജീവ്, അണ്ടർ സെക്രട്ടറി എസ്. ലത, മുൻ എംഎൽഎ എ.എം. യൂസഫ്, തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ