കൊച്ചി: ജില്ലയിലെ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് സിപിഐ(എം) വിലയിരുത്തലുകളും കൂടിയാലോചനകളും ശക്തമാക്കി. പിണറായി വിജയന്റെ നവകേരള മാർച്ചിന് സമാപനം ആയതോടെ ഇനി ചർച്ചകൾ കൂടുതൽ ചൂടുപിടിക്കും. ജില്ലയിലെ പ്രമുഖനായ നേതാവും മികച്ച പാർലമെന്റേറിയനുമായ പി രാജീവ് ഉൾപ്പെടെയുള്ളവർ മത്സരരംഗത്തേയ്ക്ക്. 14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. ഇപ്പോൾ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ എൽ ഡി എഫിന് സിറ്റിങ് എം എൽ എ മാരുള്ളൂ. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽനിന്ന് മുൻ മന്ത്രി എസ് ശർമ്മയും അങ്കമാലി നിയമസഭാ മണ്ഡലത്തിൽനിന്നും ജനതാദളിൽനിന്നുമുള്ള മുൻ മന്ത്രി ജോസ് തെറ്റയിലുമാണ് നിലവിലുള്ള എൽഡിഎഫ് എം എൽ എ മാർ. പ്രഗത്ഭരായവരെ മുന്നിൽ നിർത്തി മറ്റു സീറ്റുകൾ ഇത്തവണ തെരെഞ്ഞെടുപ്പിൽ പിടിച്ചെടുക്കുന്നതിനു വേണ്ടിയുള്ളആലോചനകൾ നടക്കുന്നുണ്ടെങ്കിലും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ നേതൃത്വം അന്വേഷണത്തിലാണ്.

സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായ പി രാജീവ് തൃപ്പുണിത്തുറയിലോ കളമശ്ശേരിയിലോ മത്സരിക്കാനാണ് ആലോചന. തൃക്കാക്കരയിൽ മത്സരിക്കാൻ ദിനേശ് മണിയും ആലുവയിൽ സി പി എം ഏരിയാ സെക്രട്ടറി പി എം സലീമും ഡി വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനും എറണാകുളത്ത് മുൻ ജില്ലാ പഞ്ചായത്ത് അംഗവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ അഡ്വ: യേശുദാസ് പറപ്പിള്ളി എന്നിവരുടെയും പേരുകൾക്കാണ് ജില്ലാ പാനലിൽ പ്രാമുഖ്യം.

മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ പ്രാദേശിക സമുദായിക പരിഗണനകൾക്ക് മുൻതുക്കം നൽകി സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി പി എം. സംസ്ഥാന രാഷ്ട്രീയത്തിലെ ഭരണമാറ്റത്തിൽ നിർണ്ണായക സ്വാധീനം എറണാകുളം ജില്ലയിൽ നിന്നും മുന്നണികൾക്ക് ലഭിക്കുന്ന സീറ്റുകളിൽ നിന്നാണ് ഉരുത്തിരിയുന്നത്. ജില്ലയിൽ ഇപ്പോഴത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ 11 പേർ യു ഡി എഫിന്റെ സിറ്റിങ് എം എൽ എ മാരാണ്. പിറവത്ത് കേരള കോൺഗ്രസ്സ് ജേക്കബ്ബ് ഗ്രൂപ്പിന്റെ മന്ത്രി അനൂപ് ജേക്കബ്ബ്, കളമശ്ശേരിയിൽ മുസ്‌ളീം ലീഗിന്റെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കോതമംഗലത്ത് കേരളകോൺഗ്രസ്സ് എം ന്റെ ടി യു കുരുവിള എന്നിവരാണ് 11 സീറ്റുകളിൽ കോൺഗ്രസ്സിന്റെ ഘടക കക്ഷി സിറ്റിംങ് എം എൽ എ മാർ ബാക്കി 9 പേർ കോൺഗ്രസ്സിന്റെ സിറ്റിങ് എം എൽ എ മാർ പ്രതിനിധാനം ചെയ്യുന്ന നിയമസഭ മണ്ഡലങ്ങളാണ്.

അതിൽ പ്രാധാനപ്പെട്ടവ പറവൂരിൽ വി ഡി സതീശൻ എം എൽ എ യും മുവാറ്റുപുഴയിൽ ജോസഫ് വാഴക്കനും തൃപ്പുണത്തുറയിൽ മന്ത്രി കെ ബാബുവും തൃക്കാക്കരയിൽ ബെന്നി ബെഹാനാനും എറണാകുളത്ത് ഹൈബി ഈഡനും ആലുവയിൽ അൻവർ സാദത്തും തന്നെ ഇത്തവണ മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്. പറവൂരിൽ എൽ ഡി എഫിന്റെ ഘടകക്ഷിയായ സിപിഐ യുടെ സീറ്റാണ്. മുൻ എം എൽ എ കുടിയായിരുന്ന പി രാജുവാണ് സതീശനെതിരെയായി ഇത്തവണ മത്സരിക്കുന്നതെന്നാണ് ഒടുവിലെത്തെ വിവരം. സീറ്റുകളിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കുന്നതിനായി ഇരുമുന്നണികളിൽ നിന്നുമുള്ള സ്ഥാനാർത്ഥി മോഹികളുടെ നെട്ടോട്ടം ഇതോടകം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും മുൻ എം പി കെ പി ധനപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ അടക്കവും ഇത്തവണ സീറ്റിനായി രംഗത്തുണ്ട്.