- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
തിരുവനന്തപുരം: കോൺഗ്രസിലെ ഇടതുപക്ഷ സ്വഭാവമുള്ളവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം. കോൺഗ്രസിൽ മതനിരപേക്ഷ ചിന്താഗതി പുലർത്തുന്ന നേതാക്കൾ ബിജെപിയിലേക്ക് പോകേണ്ടതില്ലെന്നും അവർക്ക് കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് വ്യക്തമാക്കി. രാജ്യമാകെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസ് അസംതൃപ്തരെ പിടിക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. എന്നാൽ, അസംതൃപ്തരെ ഇടത് മനസാക്ഷിയുള്ളവർ എന്ന പേരിട്ട് വിളിച്ചാണ് കേരളത്തിലെ സിപിഎം കസേര ഒരുക്കുന്നത്.
കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന നൽകാനാണ് പാർട്ടി തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനാണ് ഈ തീരുമാനമെന്ന് പി. രാജീവ് പറഞ്ഞു. ഹിന്ദുത്വ നിലപാടുകളിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം വന്നിട്ടുണ്ടെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ളവർ പാർട്ടിയിലുണ്ടെന്ന് പി. രാജീവ് പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അവർ തുടർച്ചയായി സ്വീകരിച്ച നയത്തിന്റെ കൂടി ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് സിപിഎം കോൺഗ്രസിലെ പുരോഗമന ചിന്താഗതിക്കാർക്കായി വാതിലുകൾ തുറന്നിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭയിലെ മിക്കവാറും എല്ലാ സിപിഎം. അംഗങ്ങളും ഒരിക്കൽക്കൂടി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔപചാരികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മന്ത്രിമാരെ വ്യവസ്ഥകളൊന്നും നോക്കാതെതന്നെ വീണ്ടും മത്സരരംഗത്തേക്ക് ഇറക്കാനാണ് ധാരണ. എന്നാൽ പ്രവർത്തന മികവിൽ പിന്നോട്ടുപോയ ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അദ്ദേഹത്തെ സംഘടനാ രംഗത്തേക്ക് മാറ്റാനാണ് ആലോചന.
ഈ മാസം 28 മുതൽ 31 വരെ സിപിഎം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ നടക്കും. ഫെബ്രുവരി 2 മുതൽ 4 വരെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളും ചേരും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാർഗരേഖയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യും. കേരളത്തിലാകെ നിയോജകമണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. ആ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ചേർന്നതാണ് ഈ സമിതി. പഞ്ചായത്ത്, ബൂത്ത് തല കമ്മിറ്റികൾ 31ന് മുൻപു രൂപീകരിക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമേ ഉണ്ടാകൂ.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനസമ്പർക്ക പരിപാടിയുമായി എൽഡിഎഫ് സർക്കാരും. ജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും പെട്ടെന്നു പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ‘സാന്ത്വന സ്പർശം' ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ 18 വരെ നടക്കും. അദാലത്തിനുള്ള മുന്നൊരുക്കങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാർക്കു വിഡിയോ കോൺഫറൻസ് വഴി നിർദ്ദേശം നൽകി. പരാതികൾ ഓൺലൈനായാണു നൽകേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാക്കാത്തവയും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളിൽ കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം കോഴിക്കോട് ജില്ലകളിലാണ് അദാലത്ത്. ഇവിടങ്ങളിലേക്ക് 24 മുതൽ 28 വരെ പരാതികൾ സ്വീകരിക്കും. ഫെബ്രുവരി 8, 9, 11 തീയതികളിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ. 27 മുതൽ ഫെബ്രുവരി 2 വരെ പരാതികൾ നൽകാം. ഫെബ്രുവരി 15,16,18 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ. ഫെബ്രുവരി 3 മുതൽ 9 വരെ പരാതികൾ നൽകാം ആദിവാസി മേഖലകളിലുള്ളവർക്ക് അപേക്ഷ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യുഡിഎഫ്, എൻഡിഎ ജാഥകൾക്കു പിന്നാലെ എൽഡിഎഫിന്റെ കേരള യാത്രയും വരുന്നു. 27ന് എൽഡിഎഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ട് മേഖലാ ജാഥകൾ നടത്താനാണു സാധ്യത കൂടുതൽ. നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. കേരളത്തിൽ ഭരണത്തുടർച്ച സിപിഎം ലക്ഷ്യം വെക്കുമ്പോൾ, അധികാരം പിടിച്ചെടുക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനായി സുശക്തമായ സംവിധാനങ്ങളോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ