- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപിക്കാൻ പ്രവർത്തിച്ചവരെ കെപിസിസി പുനഃസംഘടന പട്ടികയിൽ ഉൾപെടുത്തിയതായി പരസ്യ ആരോപണം ഉന്നയിച്ച കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന പി എസ് പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു. ജില്ലയിലെ പ്രമുഖനായ യുവ നേതാവാണ് മുൻ യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ കൂടിയായ പി എസ് പ്രശാന്ത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയാണ് പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ചത്. പി എസ് പ്രശാന്തിന് സമാനമായി മറ്റ് നേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുവരുന്നത് തടയിടാനാണ് ഉടനടിയുള്ള നടപടിയെന്നാണ് സൂചന.
നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ മുൻഗാമി പാലോട് രവിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് പരസ്യമായി പറഞ്ഞിരുന്നു. പാലോട് രവി പാർട്ടി സ്ഥാനാർത്ഥിയെ തേൽപിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നതാണ്. മുൻ നെടുമങ്ങാട് എംഎൽഎ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാർട്ടി വോട്ടുകൾ ഭിന്നിപ്പിക്കാനും ശ്രമിച്ചെന്നാണ് ആരോപണം. തോൽവി പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കുമുന്നിൽ ഇത്തരം നേതാക്കൾക്കെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ട്.
ഈ സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പായി ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കരുതെന്ന് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. ഡിസിസി പുനഃസംഘടനയിൽ പാലോട് രവിയുടെ പേര് സജീവമായി പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയിൽ പാലോട് രവിയുടെ പേര് സജീവമായതോടെയാണ് എതിർപക്ഷവും നീക്കമാരംഭിച്ചത്.
കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾക്ക് പെരുന്തച്ഛൻ മനോഭാവമാണെന്നാണ് പ്രശാന്ത് പത്രസമ്മേളനത്തിൽ ആരോപിച്ചത്. തലമുറമാറ്റം തടയാൻ ചില നേതാക്കൾ ബോധപൂർവ്വം നീക്കം നടത്തുന്നു. പുതുമുഖങ്ങളെ മൽസരിപ്പിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യം യുഡിഎഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും എ ഗ്രൂപ്പുകാരനായ പി എസ് പ്രശാന്ത് പറഞ്ഞു. ആരോപണവിധേയരാവർക്ക് വീണ്ടും പദവികൾ നൽകാനാണ് നീക്കമെന്നാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ ആരോപണം. ആരോപണ വിധേയരായവരെ ഉൾകൊള്ളിച്ചുകൊണ്ടാണ് പുനഃസംഘടന പട്ടികയെങ്കിൽ വലിയ പ്രതിഷേധത്തിന് ഇത് ഇടവയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ