- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണ്; ആ പദവി വെറും കുട്ടിക്കളിയല്ല; വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്കില്ല; ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തന്നെ നിയമച്ചവരാണ്; കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചുള്ള സൂചനകൾക്കിടെ പി എസ് ശ്രീധരൻ പിള്ളയുടെ അഭിപ്രായം ഇങ്ങനെ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും പി എസ് ശ്രീധരൻ പിള്ള എത്തുമോ? ഏതാനും ദിവസങ്ങളായി പിള്ള കേരളത്തിലുള്ളപ്പോൾ ഇത്തരമൊരു ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ, അത്തരം ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പിള്ള തന്നെ രംഗത്തുവന്നു. ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ കൂടിയായ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി.
അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവിയെന്നും അദ്ദേഹം പ്രതികരിച്ചു. ക്രൈസ്തവ സഭകളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാൻ തയ്യാറാവില്ല. തന്റെ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് തന്നെ നിയമിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്ടന്ന് തിരിച്ചുവരവ് ഉണ്ടാകും എന്ന് വാർത്തകൾ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും അല്ലാതെ മറ്റാരെയും ഉദ്ദേശിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കളി പ്രയോഗം കുമ്മനത്തേക്കുറിച്ചാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരൻ ഗവർണർ പദവി രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ ഒഴിവിലാണ് പി.എസ്. ശ്രീധരൻ പിള്ള ഗവർണറായത്
ക്രൈസ്തവ സഭകളെ വീണ്ടും ചേർത്തു നിർത്താനാണ് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പരിപാടികളും. അതിനിടെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിൽ ക്രൈസ്തവരോട് അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ശ്രീധരൻ പിള്ള പരിപാടിയിൽ അറിയിക്കുകയും ചെയ്തിരുന്നു.
80% ഒരു വിഭാഗത്തിനു നൽകുകയും ക്രൈസ്തവ സമുദായങ്ങൾക്കുള്ള വിഹിതം 20% ആയി കുറയുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ക്രൈസ്തവ സഭയിലെ പെൺകുട്ടികൾ ഐഎസ് സ്വാധീനത്തിൽപെടുന്നതിനെക്കുറിച്ചു കർദിനാൾ ആശങ്ക അറിയിച്ചെന്നും എന്നാൽ ഇക്കാര്യം കേരള സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ശ്രീധരൻ പിള്ള പറയുകയുണ്ടായി.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരനേദ്രമോദിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിൽ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ