- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരേയും വശത്താക്കാൻ വിരുതനായ ശ്രീധരൻപിള്ള ചെങ്ങന്നൂരിൽ അൽഭുതം കാണിക്കുമോ? ബിജെപി നേതാവിന്റെ മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് യുഡിഎഫ്; വിശ്വസ്തനായ വിഷ്ണുവിനെ രക്ഷിക്കാൻ സുകുമാരൻ നായരുടെ കാലു പിടിച്ച് ഉമ്മൻ ചാണ്ടി
ചെങ്ങന്നൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അടുക്കാരിൽ പ്രധാനിയാണ് അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ള. എൻഎസ്എസിന് നിയമോപദേശം നൽകുന്ന ബിജെപി നേതാവ്. പിള്ളയുടെ വീട് കോഴിക്കോട് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ എല്ലാ അർത്ഥത്തിലും ചെങ്ങന്നൂരുകാരനാണ് ശ്രീധരൻപിള്ള. ജനിച്ചതും വളർന്നതുമെല്ലാം ചെങ്ങന്നൂരിൽ. അഭിഭാഷക പഠനത്തിന് കോഴിക്കോടെത്തി അവിടെ നിലയുറപ്പിച്ച അഭിഭാഷകൻ. ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനെന്ന നിലയിൽ എല്ലാവരുമായും അടുത്ത സൗഹൃദം. ആരേയും തനിക്ക് ഒപ്പമാക്കാനുള്ള മാസ്മരികതയും ശ്രീധരൻ പിള്ളയ്ക്കുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചെങ്ങന്നൂരിൽ തന്നെ ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിർബന്ധം പിടിച്ചത്. അങ്ങനെ മനസ്സില്ലാ മനസ്സോടെ ശ്രീധരൻ പിള്ള സ്വന്തം നാട്ടിൽ സ്ഥാനാർത്ഥികുപ്പായവുമായെത്തി. സിറ്റിങ് എംഎൽഎ പിസി വിഷ്ണുനാഥിന് ഈസി വാക്കോവർ കിട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ നേമവും വട്ടിയൂർക്കാവും പോലെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്
ചെങ്ങന്നൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അടുക്കാരിൽ പ്രധാനിയാണ് അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ള. എൻഎസ്എസിന് നിയമോപദേശം നൽകുന്ന ബിജെപി നേതാവ്. പിള്ളയുടെ വീട് കോഴിക്കോട് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ എല്ലാ അർത്ഥത്തിലും ചെങ്ങന്നൂരുകാരനാണ് ശ്രീധരൻപിള്ള. ജനിച്ചതും വളർന്നതുമെല്ലാം ചെങ്ങന്നൂരിൽ. അഭിഭാഷക പഠനത്തിന് കോഴിക്കോടെത്തി അവിടെ നിലയുറപ്പിച്ച അഭിഭാഷകൻ. ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനെന്ന നിലയിൽ എല്ലാവരുമായും അടുത്ത സൗഹൃദം. ആരേയും തനിക്ക് ഒപ്പമാക്കാനുള്ള മാസ്മരികതയും ശ്രീധരൻ പിള്ളയ്ക്കുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചെങ്ങന്നൂരിൽ തന്നെ ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിർബന്ധം പിടിച്ചത്. അങ്ങനെ മനസ്സില്ലാ മനസ്സോടെ ശ്രീധരൻ പിള്ള സ്വന്തം നാട്ടിൽ സ്ഥാനാർത്ഥികുപ്പായവുമായെത്തി.
സിറ്റിങ് എംഎൽഎ പിസി വിഷ്ണുനാഥിന് ഈസി വാക്കോവർ കിട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ നേമവും വട്ടിയൂർക്കാവും പോലെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. ശ്രീധരൻ പിള്ളയുടെ തന്ത്രപരമായ ഇടപെടലിലൂടെ ചെങ്ങന്നൂർ ബിജെപിയോട് അടുക്കുകയാണ്. പ്രചരണത്തിൽ ഏറെ മുന്നേറിയ ബിജെപി എതിരാളികളെ ബഹുദൂരം ചെങ്ങന്നൂരിൽ പിന്നിലാക്കി. ആലപ്പുഴയിലെ വിഭാഗിയത ചെങ്ങന്നൂരിലെ സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചതും ശ്രീധരൻപിള്ളയെ സഹായിക്കുന്ന ഘടകമായി. ഇതിനൊപ്പമാണ് സുകുരമാൻനായരുടെ സർവ്വ പിന്തുണയും. എൻഎസ്എസ് ശ്രീധരൻ പിള്ളയെ പിന്തുണച്ചാൽ വിഷ്ണുനാഥിന്റെ കാര്യം പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുകുമാരൻ നായരെ വശത്താക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തിയത്. എന്നാൽ ശ്രീധരൻ നായരോടുള്ള സുകുമാരൻ നായരുടെ സ്‌നേഹം മനസ്സിലാക്കി മടങ്ങാനേ ഉമ്മൻ ചാണ്ടിക്കായുള്ളൂ എന്നാണ് സൂചന.
വികസനമില്ലായ്മയിൽ മുരടിക്കുന്ന മദ്ധ്യ തിരുവിതാംകൂറിന്റെ ഹൃദയ ഭൂമിയായ ചെങ്ങന്നൂരിന്റെ ഇല്ലായ്മകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻപിള്ള വോട്ടർമാരെ സമീപിക്കുന്നത്. എൻഡിഎ ഉയർത്തുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ഇടതു വലതു സ്ഥാനാർത്ഥികളും പ്രവർത്തകരും വലയുകയാണ്. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയുടെ പ്രചാരണം വമ്പിച്ച ജനപിന്തുണകൊണ്ട് ശ്രദ്ധേയമാവുകയാണ്. ഒരോ ഭവനത്തിലും കയറിയിറങ്ങി നാടിന്റെ ആവശ്യങ്ങളും വികസനങ്ങളെയും കുറിച്ചുള്ള വോട്ടർമാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയാണ് പ്രപാരണം നടത്തുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ വർഷങ്ങളായി ഇടതും വലതും എംഎൽഎമാർ മാറിമാറി വിജയിച്ചിട്ടും ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് ഒരുമാറ്റം അനിവാര്യമാണെന്നും ശ്രീധരൻ പിള്ള വിശദീകരിക്കുന്നു.
എല്ലാ വിഭാഗത്തേയും കൈയിലെടുത്തുള്ള വോട്ട് ചോദ്യത്തിന് വലിയ പ്രതികരണം കിട്ടുന്നുവെന്ന് കോൺഗ്രസും ഇടതുപക്ഷവും തിരിച്ചറിയുന്നു. ഇതോടെ ബിജെപി മുന്നണിക്ക് ജയസാധ്യതയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. നായർഈഴവ-ക്രൈസ്ത വോട്ടുകൾ ഇവിടെ നിർണ്ണായകമാണ്. സുകുമാരൻനായരിലൂടെ നായർ വോട്ടുകളും ബിഡിജെഎസിലൂടെ ഈഴവരേയും കൈയിലെടുക്കുകയാണ് ശ്രീധരൻ നായർ. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തണലിൽ ക്രൈസ്തവ സഭകളും അടുക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ സജീവമായ പല കോൺഗ്രസ് നേതാക്കളും മനസ്സുകൊണ്ട് ശ്രീധരൻപിള്ളയ്ക്ക് ഒപ്പമാണെന്നും സൂചനയുണ്ട്. ഇത്തരം രഹസ്യ സൗഹൃദങ്ങളും വോട്ടാക്കി മാറ്റി ചെങ്ങന്നൂരിൽ താമര വിരിയിക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിനെ ഭയപ്പാടോടെ കോൺഗ്രസ് കാണുന്നതിന്റെ സൂചനയാണ് സുകുമാരൻ നായരെ തേടിയുള്ള ഉമ്മൻ ചാണ്ടിയുടെ വരവ്.
ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ പി.സി വിഷ്ണുനാഥിന് ഭീഷണിയായി മുൻ എംഎൽഎ ശോഭന ജോർജ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയർത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇത്തവണ അതിന് കഴിഞ്ഞില്ല. ഇതും ശ്രീധരൻപിള്ളയ്ക്ക് പ്രതീക്ഷയാണ്. ശോഭനാ ജോർജ് നേടുന്ന വോട്ടുകൾ ക്രൈസ്തരുടേതാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 9 തവണയും ജയിച്ചത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്.1991 മുതൽ തുടർച്ചയായി യു.ഡി.എഫിന്റെ ഭരണമാണ് മണ്ഡലത്തിൽ. അതുകൊണ്ട് തന്നെ തുടർച്ചയായി മൂന്നാം വിജയംതേടി ഇറങ്ങുന്ന പി.സി. വിഷ്ണുനാഥ് വെല്ലുവിളി ഏറെയാണ്.
അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ ആണ് സിപിഐ(എം) സ്ഥാനാർത്ഥി. സിഎസ് സുജാതയെന്ന വി എസ് പക്ഷ നേതാവിന് സീറ്റ് നിഷേധിച്ചാണ് രാമചന്ദ്രൻ നായർ എത്തുന്നത്. 1970-75 കാലയളവിൽ പന്തളം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐ യിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ വിവിധ ചുമതലകൾ വഹിച്ചു. 1977ൽ തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1979 ൽ ചെങ്ങന്നൂർ കോടതിയിൽ അഭിഭാഷകനായി. സിപിഐ(എം) ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മി?റ്റി അംഗം, ചെങ്ങന്നൂർ ബാർ അസ്സോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2001 ലെ നിയമസഭ തെരഞ്ഞടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഗ്രൂപ്പ് പ്രശ്‌നങ്ങൾ കാരണം ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥിക്ക് പ്രചരണത്തിൽ ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുമില്ല. ഇതും ശ്രീധരൻ പിള്ളയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
ചെങ്ങന്നൂർ വെണ്മണി സ്വദേശിയാണ് പി.എസ്.ശ്രീധരൻപിള്ള. 2003-2006 കാലഘട്ടത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോൾ ദേശീയ കൗൺസിൽ അംഗമാണ്. മുൻ എംഎൽഎ ശോഭനജോർജ്ജ് കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വതന്ത്രയായി മത്സരിക്കുന്നത് മണ്ഡലത്തിലെ ഫലം മാറ്റിമറിക്കുന്നതിന് കാരണമാകും. ശോഭനയുടെ സ്ഥാനാർത്ഥിത്വത്തോടെ ചതുഷ്‌ക്കോണമത്സരത്തിന്റെ ചൂടിലേക്കാണ് മണ്ഡലം എത്തിയത്. ഈ ചതുഷ്‌കോണ ചൂട് തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീധരൻപിള്ള വോട്ട് തേടുന്നത്.