ആലപ്പുഴ : ചെങ്ങന്നൂരിൽ താമര വിരിയുമോ? സ്ഥാനാർത്ഥി അഡ്വ. പി ശ്രീധരൻപിള്ളയാണെങ്കിൽ വിരിയുമെന്നുതന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്. വെറുതെയൊരു കണക്കല്ല ബിജെപിയുടേത്. തിട്ടമുള്ള കണക്കുനിരത്തിയാണ് ബിജെപി അവകാശവാദവുമായി രംഗത്തുള്ളത്.

ചെങ്ങന്നൂരിൽ രണ്ടു കോൺഗ്രസുകാർ ഇടതിനും വലതിനുമായി പോരടിക്കുമ്പോൾ കാഴ്ചക്കാരൻ സമ്മാനം വാങ്ങുന്ന സ്ഥിതിയാണിപ്പോഴുള്ളത്. 14 മൽസരങ്ങളിൽ 13 ലും യു ഡി എഫ് ജയിച്ച മൽസരത്തിൽ കഴിഞ്ഞ തവണ സി പി എമ്മിലെ ഉരുക്കുവനിത സി എസ് സുജാതയെ 13000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിഷ്ണുനാഥ് വിജയം നേടിയത്. ഇപ്പോൾ സോളാർ വിവാദത്തിൽ കുടുങ്ങിയ സിറ്റിങ് എം എൽ എ വിഷ്ണുനാഥ് തികച്ചും പ്രതിരോധത്തിലാണെന്ന് പറയാം.

മുഖ്യപ്രതി സരിതാ നായരിൽനിന്നും രണ്ടുലക്ഷം വാങ്ങിയെന്ന ആരോപണമുണ്ടാക്കിയ കേട് ഇതുവരെയും നീങ്ങിയിട്ടില്ലെന്ന് വിഷ്ണുനാഥിനു തന്നെ അറിയാവുന്ന കാര്യമാണ്. ചാനലുകൾ വിഷ്ണുനാഥിനെ നേരിട്ടു വിളിച്ച് ചർച്ച നടത്തിയപ്പോൾ സോളാർ നായികയ്ക്ക് ചെയ്തുകൊടുത്ത സഹായത്തെ കുറിച്ച് വിവരിക്കുമ്പോൾ വിഷ്ണുനാഥിനു തന്നെ അങ്കലാപ്പുണ്ടായിരുന്നു. ഇത് മുഖ്യ ആയുധമാക്കി മാറ്റാനാണ് പ്രതിപക്ഷവും ബിജെപിയും ആലോചിക്കുന്നത്.

ചെങ്ങന്നൂരിൽ ഇടതുസ്ഥാനാർത്ഥിയായി എത്തുക ചിലപ്പോൾ, മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായിരുന്ന ശോഭനാ ജോർജായിരിക്കുമെന്നാണ് സൂചന. പാർട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ സ്വന്തം നാടായതിനാൽ ഇടതുപോരാട്ടം കടുക്കും. എന്നാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ ഏതാണ്ട് വിജയസാധ്യത വർദ്ധിപ്പിക്കും വിധത്തിലുള്ളതാണ്.

ചെങ്ങന്നൂരിൽ ബിജെപിക്ക് 27000 മെമ്പർഷിപ്പ് വോട്ടുകളാണുള്ളത്. മാത്രമല്ല എൻ ഡി എ സഖ്യത്തിൽ തുടരുന്ന കേരള കോൺഗ്രസ് പി സി തോമസ് വിഭാഗത്തിന് നല്ല അടിത്തറയുള്ള മണ്ഡലമാണ് ചെങ്ങുന്നൂർ. ഇവർക്ക് നഗരസഭയിൽ നാല് അംഗങ്ങളാണുള്ളത്. ഇതിൽ പ്രമുഖനായ രാജൻ കണ്ണാട്ടിന് സ്വന്തം സഭയുമായും പ്രാദേശികമായും നല്ല ബന്ധമാണുള്ളത്. മാത്രമല്ല ഓർത്തഡോക്‌സ് വിഭാഗവും മാർത്തോമാക്കാരും ഇപ്പോൾ കേന്ദ്ര സർക്കാർ അനുകൂല നിലപാടാണ് തുടരുന്നതെന്നുള്ളത് ബിജെപിക്ക് ഗുണംചെയ്യും.

അതേസമയം ചെങ്ങന്നൂർ ബിജെപിക്ക് അനുകൂല മണ്ഡലമാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമായി പഠനം നടത്തിയശേഷമാണ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. നേരത്തെ ഈ മണ്ഡലം പി സി തോമസ് വിഭാഗത്തിന് നൽകി രാജൻ കണ്ണാട്ടിനെ മൽസരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീടാണ് വിശദമായ പഠനത്തിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞത്. ഇപ്പോൾ ബിജെപി ഏറ്റവും അധികം കണ്ണുവെക്കുന്നതും ചെങ്ങന്നൂരിലാണ്.

മാത്രമല്ല ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലം കണ്ട നാടാണ് ചെങ്ങന്നൂർ . സ്ഥാനാർത്ഥി ശ്രീധരൻ പിള്ള ആയാൽ കുമ്മനം സജീവമായി രംഗത്തിറങ്ങും. തീവ്രഹിന്ദു നിലപാട് പുലർത്തുന്ന കുമ്മനത്തെ പൊതുവെ ഇവിടത്തെ ബിജെപിക്കാർക്ക് ആവേശമാണ്. അതുകൊണ്ടു തീപാറുന്ന പോരാട്ടത്തിനാണ് ചെങ്ങന്നൂർ വേദിയാകുന്നതെന്നതിൽ സംശയമില്ല.