കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ കോടികൾ കൊള്ളയടിച്ച് ഉതുപ്പ് വർഗീസിനു വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ പി എസ് ശ്രീധരൻ പിള്ളയുടെ ഓഫീസാണ് ഉതുപ്പിനായി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.

ക്രിമിനൽ അഭിഭാഷകനായതിനാലാണ് കേസ് ഏറ്റെടുക്കുന്നതെന്നാണ് ഇക്കാര്യത്തോട് പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പിന് ബിജെപി നേതാക്കളുമായും ബന്ധമുണ്ടെന്നും അതിനാലാണ് തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാൻ സിബിഐ പോലും മടിക്കുന്നതെന്നും മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. മറുനാടൻ റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം. ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ ഒരു ബിജെപി നേതാവു തന്നെ തട്ടിപ്പുകേസിലെ പ്രതിക്കു വേണ്ടി വക്കാലത്തുമായി രംഗത്തെത്തിയത് കടുത്ത പ്രതിഷേധത്തിന് വഴിതുറന്നിട്ടുണ്ട്.

തട്ടിപ്പുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസി മടിച്ചുമടിച്ചാണ് കരുക്കൾ നീക്കുന്നത് എന്നത് ഇതിനാലാണ്. ഉതുപ്പിന്റെ ബിജെപി ബന്ധം അറിയാതെയാണ് സിബിഐയും ആദായ നികുതി വകുപ്പും നടപടികൾ തുടങ്ങിയത്. അല്ലെങ്കിൽ ഈ വിവാദം പോലും ഉണ്ടാകുമായിരുന്നില്ല.

കുവൈറ്റിൽ ഉതുപ്പ് വർഗീസുണ്ടെന്ന് ചിത്രങ്ങളടക്കം പുറം ലോകത്തെ അറിയിച്ചത് മറുനാടൻ മലയാളിയാണ്. തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ മറുനാടൻ നടത്തിയ സന്ധിയില്ലാ സമരത്തോടൊപ്പം മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ പോലും ചേർന്നു. കുവൈറ്റിൽ ഉതുപ്പ് നടത്തുന്ന പിരിവ് വാർത്തകൾ മനോരമയും നൽകിത്തുടങ്ങി. ഇന്നലെയും ഉതുപ്പ് പിരിവ് നടത്തിയെന്നാണ് മനോരമയുടെ റിപ്പോർട്ട്. എന്നാൽ കുവൈറ്റിൽ നിന്ന് ഉതുപ്പ് അബുദാബിയിലേക്ക് മാറിയെന്നാണ് സൂചന. സിബിഐയുടെ നീക്കങ്ങളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇത്. ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട് ഈ നീക്കങ്ങൾക്ക് തടയിടാനാണ് ഉതുപ്പിന്റെ നീക്കം.

സ്വച്ഛ് ഭാരത് പദ്ധതിയിൽ സംസ്ഥാന നേതാക്കളുടേതടക്കം അമ്പതുപേരുടെ സ്‌പോൺസറായിരുന്ന ഉതുപ്പ് ഒരാഴ്ച മുമ്പേ ഡൽഹിയിലെത്തിയിരുന്നു. പരിപാടി ഗംഭീരമാക്കാൻ നഴ്‌സുമാരടക്കം അമ്പതോളം ആളുകളെ സ്വന്തം ചെലവിൽ ടൂറിസ്റ്റ് ബസിലാണ് ഡൽഹിയിലെത്തിച്ചത്. രാജ്പഥിൽ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലും ഉതുപ്പും സംഘവും പങ്കെടുത്തു. ബിജെപിയുമായുള്ള ഈ ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമാണ്. ഇതിനായി കൊച്ചിയിലെ മുതിർന്ന ബിജെപി. നേതാവ് സർക്കാരിൽ സ്വാധീനം ചെലുത്തിയതായാണു വിവരം.

സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് ബന്ധങ്ങളാണ് ഇതുവരെ ഉതുപ്പിനെ സംരക്ഷിച്ചു നിർത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഇയാൾക്ക് എല്ലാ രാഷ്്രടീയ പാർട്ടികളിലും ഇഷ്ടക്കാരുണ്ട്. ഇതിനിടെ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തതോടെ നിലനിൽപ്പിനായി സംസ്ഥാന ബിജെപി. നേതൃത്വത്തെ ബന്ധപ്പെടുകയായിരുന്നു. ഇതോടെ എല്ലാം മന്ദഗതിയിലായി. ഉതുപ്പിന് കുവൈറ്റിൽ പിരിവ് നടത്താൻ സിബിഐ തന്നെ അവസരമൊരുക്കി. ഇന്റർപോളിന്റെ സഹായം തേടുമെന്ന് പറയുന്നതല്ലാതെ നടപടിയൊന്നും എടുത്തില്ല. കുവൈറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ മാദ്ധ്യമപ്രവർത്തകരെ അടക്കം കൈകാര്യം ചെയ്തിട്ടും സിബിഐ നിശബ്ദമായി തുടരുന്നു. ബിജെപിക്കാരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് വിമർശനം.

ഇതു ശരിവയ്ക്കുന്നതാണ് ഇന്നു പുറത്തുവന്ന വാർത്ത. പി എസ് ശ്രീധരൻ പിള്ളയുടെ ഓഫീസിൽ നിന്നാണ് ഉതുപ്പിന് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ മാർച്ച് 27നാണ് അൽസറഫയുടെ കൊച്ചി ഓഫീസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്യുന്നതും കള്ളക്കളി പുറത്തുകൊണ്ടു വരുന്നതും. റെയ്ഡ് നടക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യു.എ.ഇയിലായിരുന്നു. ഇവിടെ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉതുപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചിട്ടുണ്ട്.

തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്. ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോൾഫ്‌സ് ലോറൻസാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അൽ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജൻസിവഴി കോടികൾ തട്ടിച്ച ഉതുപ്പ് വർഗീസ്. കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.