തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചു. സിപിഐക്ക് സീറ്റ് അനുവദിച്ചതിന് പിന്നാലെയാണ് രാജ്യസഭാ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാർത്ഥി. ഇന്നു ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എഐവൈഎഫിന്റെ മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ് സന്തോഷ് കുമാർ.

ഒഴിവു വരുന്ന മൂന്നു സീറ്റുകളിൽ എൽഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകൾ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാൻ ഇടതു മുന്നണി യോഗത്തിൽ തീരുമാനായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

സീറ്റ് സിപിഐയ്ക്ക് നൽകാൻ പിണറായിയുടെ നിർദ്ദേശമാണ് അവർക്ക് തുണയായി മാറിയത്. എൽജെഡിയും ജെഡിഎസും എൻസിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റ് സിപിഐയ്ക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മും സിപിഐയും ഓരോ സീറ്റുകളിൽ മത്സരിക്കും.

മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതിൽ രണ്ട് സീറ്റുകളിലാണ് എൽഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഇടത് സ്വഭാവമുള്ള പാർട്ടികൾ പാർലമെന്റിലേക്ക് പോകട്ടേയെന്നാണ് പിണറായി നിലപാടെടുത്തത്. 2012ന് ശേഷം ആദ്യമായാണ് സിപിഐയ്ക്ക് കേരളത്തിൽ നിന്ന് രാജ്യസഭയിൽ ഒരേസമയം രണ്ട് പ്രതിനിധികൾ ഉണ്ടാകുന്നത്. ബിനോയ് വിശ്വമാണ് നിലവിൽ സിപിഐയുടെ രാജ്യസഭാംഗം. ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ എന്നിവരാണ് സിപിഎം പ്രതിനിധികൾ.

കോൺഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദൾ നേതാവ് എം വി ശ്രേയാംസ് കുമാർ, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ രണ്ടിന് തീരുക. ശ്രേയാംസ് കുമാറിന്റെ സീറ്റ് തങ്ങൾക്ക് തന്നെ നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റിന് അവകാശവാദവുമായി സിപിഐയും രംഗത്തെത്തിയതോടെ, മുന്നണിയിലെ പ്രധാന പാർട്ടികൾ പങ്കിട്ടെടുത്താൽ മതിയെന്ന ധാരണയിൽ എത്തുകയായിരുന്നു.

ഇതോടെ നിരാശനാകുന്നത് എം വി ശ്രേയാംസ്് കുമാറാണ്. നേരത്തെ കൽപ്പറ്റ സീറ്റിൽ മത്സരിച്ചിട്ടും അദ്ദേഹം തോൽവി രുചിച്ചിരുന്നു.