കണ്ണൂർ: ഗുണ്ടകളെ ഒതുക്കുന്നതിനായി ചുമത്തുന്ന കാപ്പ, രാഷ്ട്രീയ അക്രമകേസുകളിലും നോൺവയലൻസ് കേസുകളിലും പൊലിസ് ഉപയോഗിക്കുന്നത് ആഭ്യന്തര വകുപ്പിൽ നിന്നുള്ള കടുത്ത സമ്മർദ്ദം കാരണമാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ഇടപെടലാണ് സൈബർ പോരാളിയും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ അർജുൻ ആയങ്കിയെ അഴിക്കുള്ളിലാക്കാൻ പൊലീസ് നടത്തുന്ന നീക്കത്തിന് പിന്നിലെന്ന ആരോപണം സേനയിൽ നിന്നുതന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ പി.ശശിയുടെ നീക്കങ്ങൾ അത്ര സുഗമമാവില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ ജയിലിൽ അടയ്ക്കുന്നതിനായി കാപ്പ ചുമത്താനുള്ള ശുപാർശയിൽ നിയമപരമായ ചില തടസങ്ങളുണ്ടെന്നന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അർജുൻ ഒരു കേസിൽ മാത്രമാണ് നിലവിൽ പ്രതിയായിട്ടുള്ളത്. നേരത്തെ ചില രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു സ്റ്റേഷൻ ജാമ്യം ലഭിച്ച പെറ്റി കേസുകൾ മാത്രമാണുണ്ടായിരുന്നത്.

സ്വർണക്കടത്ത് കേസിനു ശേഷം ഇയാൾ മറ്റൊരു കേസിലും പ്രതിയായിരുന്നിട്ടില്ല. എന്നാൽ മൂന്നാഴ്ച മുൻപ് ഡി.വൈ. എഫ്. ഐ മുൻ കണ്ണൂർ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫെയസ് ബുക്കിൽ വിമർശനമുന്നയിച്ചതിനും കണ്ണൂർ ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞതിനും ജില്ലാസെക്രട്ടറി എം.ഷാജർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

ഇപ്പോൾ ആയങ്കിക്കെതിരെ കേസെടുത്തതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടിക്ക് അനഭിമതനായ ആയങ്കി താൻ പത്രസമ്മേളനം വിളിച്ചുചില രഹസ്യങ്ങൾ വിളിച്ചു പറയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഇതു പിൻവലിച്ചെങ്കിലും ആയങ്കിയെ ഒതുക്കാൻ ഇതുകാരണമായിട്ടുണ്ടെന്നാണ് വിവരം.

സി.പി. എം സൈബർ പോരാളിയായും പി.ജയരാജന്റെ അനുയായിട്ടും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അർജുൻ ആയങ്കിയെയും ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടി പ്രവർത്തകരടക്കമുള്ള നിരവധി സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ള സൈബർ സഖാക്കളെ ഒതുക്കാനുള്ള മാർഗമായിട്ടാണ് പൊലിസിനെ ഉപയോഗിച്ചുള്ള കാപ്പ പ്രയോഗം.

എന്നാൽ ഈ ശുപാർശ ജില്ലാമജിസ്ട്രേറ്റു കൂടിയായ കലക്ടർഅംഗീകരിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. പി.ശശി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് സമ്മർദ്ദം ചെലുത്തി അംഗീകരിപ്പിച്ചാൽ ആയങ്കി വീണ്ടും അഴിക്കുള്ളിലായേക്കും.നേരത്തെ കാപ്പചുമത്തി പേരാവൂരിലെ പോപ്പുലർഫ്രണ്ടുകാരനെയും പാനൂരിലെ ആർ. എസ്. എസ് പ്രവർത്തകനെയും അറസ്റ്റു ചെയ്തു ജയിലിൽ അടച്ചിരുന്നു.