തിരുവനന്തപുരം: സ്വപ്‌ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണം തള്ളി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ പറഞ്ഞത് അസംബന്ധമെന്ന് ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. ശൂന്യതയിൽ നിന്ന് ഉന്നയിച്ച ആരോപണമാണ്. സ്വപ്ന ആരോപിച്ചതുപോലെ ഷാർജയിൽ ഒരു കോളജ് ഇല്ലെന്നും അതിന് സ്ഥലം ലഭിക്കാൻ ഇടപെട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ഷാർജ ഷെയ്ഖിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യുഎഇ കോൺസൽ ജനറലിന്റെ നമ്പർ തന്റെ കൈവശമില്ല. ഇരുവരുമായി വ്യക്തിപരമായി ഒരു ബന്ധവുമില്ല. ഷാർജ ഷെയ്ഖിനും കോൺസൽ ജനറലിനും കൈക്കൂലി കൊടുക്കാൻ താൻ വളർന്നോ?. കൈക്കൂലി നൽകിയെന്ന സ്വപ്നയുടെ പരാമർശത്തിൽ യാതൊരു ലോജിക്കുമില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അന്വേഷണ ഏജൻസികൾ വിശദമായി മൊഴി എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. അവർ പറഞ്ഞത് തീർത്തും തെറ്റാണ്. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നറിയില്ല. മാധ്യമങ്ങൾ ഇതൊക്കെ മനസിലാക്കി വീണ്ടും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കരുതെന്നും ശ്രീരാമകൃഷ്ൺ പറഞ്ഞു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് ഇന്ന് മറുപടി പറയുമെന്ന് മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീൽ പറഞ്ഞു. ഇതിനായി ഇന്ന് ഉച്ചക്ക് 12.30 ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.അതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്നും കെ.ടി.ജലീൽ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ ആണ് നടത്തിയത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോൺസൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.

കെ ടി ജലീലിനെതിരെ ബെനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബെനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചുവെന്ന് കോൺസൽ ജനറൽ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.