എനിക്ക് ഭരണഘടന തിരുത്താനാകില്ല; തനിക്കെതിരെയുള്ള പ്രമേയം തനിക്ക് തന്നെ പരിഗണിക്കാൻ ആവില്ല; നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളിക്കൊണ്ട് ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ; സഭ സമ്മേളിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണ്; 15 ദിവസം സമയം കിട്ടില്ലെന്ന് അന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലായിരുന്നോ എന്ന് ചോദിച്ചു മന്ത്രി എ കെ ബാലനും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തനിക്ക് ഭരണഘടന തിരുത്താനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളിക്കൊണ്ടാണ് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. തനിക്കെതിരെയുള്ള പ്രമേയം തനിക്ക് തന്നെ പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. തനിക്ക് ഭരണഘടന തിരുത്താനാകില്ല. 179 സി പ്രകാരം സ്പീക്കർ വിചാരിച്ചാലും സ്പീക്കർക്ക് എതിരായ പ്രമേയം എടുക്കാൻ കഴിയില്ലെന്ന കാര്യവും പി ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
സ്പീക്കർക്കെതിരെയുള്ള പ്രമേയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തി. സ്പീക്കർക്കെതിരെയുള്ള പ്രമേയം തടയാൻ ശ്രമിച്ചെന്ന് ചെന്നിത്തല ആരോപിച്ചു. സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ സ്പീക്കർക്കെതിരെ പ്രമേയം അനുവദിക്കണം. സ്പീക്കർ കസേര ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. സഭ സമ്മേളിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. 15 ദിവസം സമയം കിട്ടില്ലെന്ന് അന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
ഒരു ദിവസത്തെ കാര്യപരിപാടിക്കായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനം. അഴിമതിയിൽ മുങ്ങിയ സർക്കാർ രാജിവെക്കുക എന്നാവശ്യപ്പെടുന്ന ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. വി.ഡി. സതീശൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയിട്ടുണ്ട്.
സപീക്കർക്കെതിരായ അവിശ്വാസം സഭയിൽ ചർച്ച ചെയ്യണമെങ്കിൽ 14 ദിവസത്തിനുമുമ്പുതന്നെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സ്പീക്കർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 12 നാണ് മന്ത്രിസഭ ചേർന്ന് 24 ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ്. ഇത് ഭരണഘടനാപരമായ വ്യവസ്ഥയാണെന്നും സ്പീക്കർ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ