- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ.മാണി പറഞ്ഞുപറ്റിച്ചു എന്ന് പരാതി; ജോസ് സ്തുതി പാഠകരുടെ വലയത്തിൽ എന്നാരോപണം; മലബാറിലെ കേരള കോൺഗ്രസ് എം നേതാവ് പി.ടി ജോസ് പാർട്ടിവിടുന്നു; മാണിസാറിന്റെ വിശ്വസ്തൻ അവസാനിപ്പിക്കുന്നത് അരനൂറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ബന്ധം

കണ്ണൂർ: കേരള കോൺഗ്രസ്( എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി വിടുന്നു. പാർട്ടി സ്ഥാപകനേതാവായ കെ. എം മാണിക്ക് ശേഷം പാർട്ടി ചെയർമാനായ മകൻ ജോസ് കെ.മാണി മുതിർന്ന നേതാക്കളെ തീർത്തും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളകോൺഗ്രസിന്റെ മലബാറിലെ മുൻനിര നേതാക്കളിലൊരാളായ പി.ടി ജോസ് പാർട്ടിവിടുന്നതെന്നാണ് സൂചന.
ജോസ് കെ.മാണി പാർട്ടിയുടെ തലപ്പത്തുവന്നതിനു ശേഷം മലബാറിനെ അവഗണിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് നേരത്തെ പരാതിയുണ്ടായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചു ഒരുപറ്റം സ്തുതി പാഠകരുടെ ദൂഷിതവലയത്തിലാണ് ജോസ് കെ.മാണിയെന്നാണ് ഒരുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളായ പി.ടി ജോസിന് കഴിഞ്ഞ തവണ ഒഴിവുവരുന്ന ലോക്‌സഭാ സീറ്റു നൽകാമെന്നു പറഞ്ഞ് ജോസ്‌കെ.മാണി വഞ്ചിച്ചുവെന്നു അദ്ദേഹത്തോട് അടുപ്പമുള്ളവർ ആരോപിക്കുന്നുണ്ട്.
കെ. എം മാണിയുടെ അവസാന കാലത്ത് അടുത്ത ഒഴിവുവരുന്ന രാജ്യസഭാസീറ്റ് മലബാറിന് നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയതായാണ് വിമത നേതാക്കൾ പറയുന്നത്. പി.ടി ജോസിനെ ഇതിനായി പരിഗണിക്കുമെന്നു മാണിസാർ പരസ്യമായി പറഞ്ഞതായി ഇവർ പറയുന്നു. കാഞ്ഞിരങ്ങാട് നടന്ന പാർട്ടി ജില്ലാക്യാംപിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയും ഇതംഗീകരിച്ചിരുന്നുവെങ്കിലും കെ. എം മാണി മരിച്ചതിനുശേഷം ജോസ് കെ.മാണി സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
പാർട്ടിയിൽ പുകയുന്ന അതൃപ്തി കാരണം കഴിഞ്ഞ കുറെക്കാലമായി പി.ടി ജോസോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി നാലിന് കരുവഞ്ചാലിൽ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാകമ്മിറ്റി യോഗത്തിലും സ്റ്റിയറിങ് യോഗത്തിലും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ 17ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്‌ബാൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇതോടെ പി.ടിയുടെ നേതൃത്വത്തിൽ വലിയൊരുവിഭാഗം മാണി കോൺഗ്രസ് വിടുമെന്നാണ് സൂചന.
കെ. എം മാണിക്ക് മലബാറിലെ ഏറ്റവും വിശ്വസ്തരായ നേതാക്കളിലൊരാളായിരുന്നു പി.ടി ജോസ്. 1968 ൽ തുടങ്ങി നീണ്ട 54 വർഷം കേരളാകോൺഗ്രസിന്റെ മലബാറിലെ മുഖങ്ങളിലൊന്നായിരുന്നു പി.ടി. എന്നാൽ തന്നെക്കാൾ പിൻപേ വന്നവർ എംഎൽഎയും മന്ത്രിയുമൊക്കെയായപ്പോൾ കഴിഞ്ഞ 27വർഷമായി പാർട്ടിസംസ്ഥാന ജനറൽസെക്രട്ടറിയായി തുടരുന്ന പി.ടി അധികാരത്തിൽ നിന്നെപ്പോഴും പുറത്തായിരുന്നു. കഴിഞ്ഞ യു.ഡി. എഫ് ഭരണകാലത്ത് കെ. എസ്. എഫ്. ഇ ചെയർമാനായി നിയോഗിക്കപ്പെട്ടതല്ലാതെ മറ്റൊരു സ്ഥാനവും, കഴിവും പ്രവർത്തനപാരമ്പര്യവുമുണ്ടായിട്ടും കെ. എം മാണിയുടെ നിഴൽപോലെ നടന്ന നേതാവിന് ലഭിച്ചിട്ടില്ല. യു.ഡി. എഫ് മുന്നണിയിലുള്ളപ്പോൾ നാലുനിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.


