- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നിൽ മുഖ്യമന്ത്രി; കിഴക്കമ്പലം കൂട്ടായ്മ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കര ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയെ ഇറക്കിയത്: ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി.ടി.തോമസ്
കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് തൃക്കാക്കര. സിറ്റിങ് എംഎൽഎ പിടി തോമസിനെ യുഡിഎഫ് വീണ്ടും മത്സരരംഗത്തിറക്കുമ്പോൾ ഡോ. ജെ ജേക്കബിനെ മുന്നിൽ നിർത്തി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. മണ്ഡലത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റിനെ രംഗത്തിറക്കിയെങ്കിലും ബിജെപി വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാകില്ലെന്നാണ് ഇടത് - വലത് മുന്നണികൾ വിശ്വസിക്കുന്നത്. ഇതിന് പിന്നാലെ മണ്ഡലത്തിൽ ട്വന്റി-ട്വന്റിയും സ്ഥാനാർത്ഥിയെ നിർത്തി. ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന യുഡിഎഫ് സ്ഥാനാർത്ഥി പിടി തോമസിന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
ട്വന്റി 20 ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കര ഉണ്ടായിരുന്നില്ലെന്നും, പിന്നീട് മുഖ്യമന്ത്രി നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയെ നിർത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു. എറണാകുളം ജില്ലയിൽ ഇപ്പോൾ യുഡിഎഫിന് 9 എംഎൽഎമാരുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അത് പതിമൂന്നോ പതിനാലോ ആവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നോ നാലോ സീറ്റിലാണ് ട്വന്റി 20 സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ സിപിഎം അജൻഡയാണുള്ളതെന്ന് പിടി തോമസ് പറഞ്ഞു. എന്നാൽ, തന്റെ വോട്ട് വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പി.ടി.തോമസ് കരുതുന്നുമില്ല.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നൂറു ശതമാനം ശരിയാണെന്നും പി.ടി.തോമസ് ഉറപ്പിച്ചുപറയുന്നു. താൻ ഈ ആരോപണങ്ങൾ ഉന്നയിച്ചശേഷം അവരുടെ കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. ആലുവയിലുള്ള ഒരു പ്രമുഖ കമ്പനിയിൽ നിന്നും വലിയൊരു തുക മകളുടെ കമ്പനിയിൽ ചെന്നതായി തെളിഞ്ഞു. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന പി.ഡബ്ല്യു.സി എന്ന കൺസൾട്ടിങ്ങ് കമ്പനിയുടെ ഡയറക്റ്റർ ജെയ്ക് ബാലകുമാർ മകൾ മാത്രമുള്ള ഏകാംഗ കമ്പനിയുടെ മെന്റർ ആയിട്ട് പ്രവർത്തിക്കുന്നത് എന്തുസ്വാധീനത്തിന്റെ പേരിലാണെന്നും പി.ടി.തോമസ് ചോദിക്കുന്നു.
ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടുപോയി എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. മുടി മുറിച്ച് പ്രതിഷേധിച്ചപ്പോൾ അത് മറ്റൊരു തലത്തിലേക്ക് പോയി. ആ പ്രവൃത്തി മൊത്തമുള്ള സ്ഥാനാർത്ഥി ലിസ്റ്റിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും തോമസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ