കൊച്ചി: മുട്ടിൽ വനംകൊള്ളയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് പി ടി തോമസ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്നും മരംമുറിയിൽ മുഖ്യമന്ത്രിക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും പിടി തോമസ് പറഞ്ഞു. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സർക്കാർ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപച്ചു.

ചെളിക്കുണ്ടിൽ വീണ് കിടക്കുന്ന മുഖ്യമന്ത്രി അതിൽ നിന്ന് തന്നെ വീണ്ടും ചെളി വാരി എറിയരുതെന്നായിരുന്നു പിടി തോമസ് പരിഹസിച്ചത്. വിവാദ ഉത്തരവിറക്കിയത് കർഷകരെ സംരക്ഷിക്കാനല്ലെന്ന് വ്യക്തമാണെന്ന് പിടി തോമസ് പറയുന്നു. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കൽ നടക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അതിൽ വീഴ്ച വരുത്തിയാൽ കനത്ത ശിക്ഷ ഉണ്ടാകുമെന്ന ഭീഷണി കൂടി ഉണ്ടായിരുന്നു. മരംമുറിയിൽ കൂട്ടുത്തരവാദിത്വമുള്ള മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുട്ടിൽ മരംമുറി സർക്കാറിന് എതിരായ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. മുട്ടിൽ മരംമുറി കേസിൽ സർക്കാർ ഉത്തരവ് ദുർവിനിയോഗം ചെയ്യപ്പെട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചിരുന്നു. സ്വന്തം ഭൂമിയിൽ നിന്ന് മരം മുറിക്കാൻ കർഷകർ അനുവാദം തേടിയിരുന്നു. ഈ ആവശ്യമാണ് ചൂഷണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.കേസിൽ അന്വേഷണം നടക്കട്ടെ എന്നും അന്വേഷണത്തെ മുൻവിധിയോടെ കാണുന്നില്ല എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

അതേസമയം, മരം മുറിച്ച് കടത്തിയെന്ന വിവാദത്തിൽ വനം മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടിൽ സിപിഐ അതൃപ്തി വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രൻ സ്വീകരിക്കുന്ന നിലപാട് മുൻ മന്ത്രിമാരെ സംശയ മുനയിൽ നിർത്തുന്നതാണെന്നാണ് സിപിഐയുടെ ആക്ഷേപം. മുൻ റവന്യു, വനം മന്ത്രിമാർക്ക് മരംകൊള്ളയിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടിൽ പാർട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചതായാണ് വിവരം.

തന്റെ കാലത്തല്ല മരം മുറി നടന്നത് എന്ന് ശശീന്ദ്രൻ ആവർത്തിക്കുന്നത് തെറ്റിദ്ധാരണ പടർത്താൻ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമർശം മുൻ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാൻ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവർത്തിക്കുന്ന ശശീന്ദ്രൻ മരംമുറിയിൽ മുന്മന്ത്രിമാരെ സംശയ മുനയിൽ നിർത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടുന്നു.